‘ചില വിടപറയലുകൾ കഠിനം! അവൻ ഞങ്ങളുടെ ഹൃദയം കവർന്നവനാണ്...’, സഹലിന് ആശംസ നേർന്ന് മഞ്ഞപ്പട
text_fieldsകൊച്ചി: സഹൽ അബ്ദുൽ സമദിന്റെ കൂടുമാറ്റത്തിൽ വൈകാരികമായി പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന്റെ ആരാധകക്കൂട്ടമായ ‘മഞ്ഞപ്പട’. ചില വിടപറയലുകൾ കഠിനമാണെന്നും തങ്ങളുടെ ഹൃദയം കവർന്നവനാണ് സഹലെന്നും ‘കെ.ബി.എഫ്.സി മഞ്ഞപ്പട’ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
‘ചില വിടപറയലുകൾ കഠിനമാണ്! അവൻ ഞങ്ങൾക്കുവേണ്ടി മത്സരങ്ങളേറെ ജയിച്ചവനാണ്. അവൻ ഞങ്ങളുടെ ഹൃദയം കവർന്നവനാണ്..വിഖ്യാത താരത്തിന്റെ പകരക്കാരനായി കളത്തിലെത്തിയ ആ കൊച്ചുപയ്യൻ ഇന്ന് ടീം വിടുന്നത് ഞങ്ങൾക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന വിശേഷണത്തോടെ. നന്നായി വരട്ടെ..സഹൽ!’ -മഞ്ഞപ്പട ആശംസിച്ചു.
സഹലിന് കേരള ബ്ലാസ്റ്റേഴ്സ് അധികൃതരും ആശംസകളറിയിച്ചു. ‘വളരെ ദുഃഖത്തോടെയാണ് സഹലിന് ക്ലബ് വിട നൽകുന്നത്. മുന്നോട്ടുള്ള യാത്രയിൽ എല്ലാ നന്മകളും ആശംസിക്കുന്നു’ -ട്വിറ്ററിൽ കേരള ബ്ലാസ്റ്റേഴ്സ് കുറിച്ചു. ഒരായിരം നന്ദി എന്ന കുറിപ്പോടെ സഹൽ ക്ലബിനൊപ്പമുള്ള കാലത്തെ ദൃശ്യങ്ങൾ കോർത്തിണക്കിയ വിഡിയോയും ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
മോഹൻ ബഗാനിലേക്കാണ് റെക്കോർഡ് ട്രാൻസ്ഫർ തുകക്ക് സഹൽ കൂടുമാറുന്നത്. കണ്ണൂർ സ്വദേശിയായ സഹൽ യു.എ.ഇയിലെ അൽ ഇത്തിഹാദ് ക്ലബിലൂടെയാണ് കളിച്ചുവളർന്നത്. കോളജ് വിദ്യാർഥിയായിരിക്കേ, കേരളത്തിനായി സന്തോഷ് ട്രോഫിയിൽ അരങ്ങേറിയതിന് പിന്നാലെ 2017ൽ കേരള ബ്ലാസ്റ്റേഴ്സിലെത്തി. ആദ്യം റിസർവ് ടീമിൽ ഇടംപിടിച്ച ഈ അറ്റാക്കിങ് മിഡ്ഫീൽഡർ പിറ്റേവർഷം പ്രധാന ടീമിലെത്തി. കഴിഞ്ഞ ആറു സീസണുകളിൽ ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നണിപ്പോരാളിയായിരുന്നു.
മഞ്ഞക്കുപ്പായത്തിൽ 97 മത്സരങ്ങളിൽ കളത്തിലിറങ്ങിയ സഹൽ ഏറ്റവും കൂടുതൽ മത്സരത്തിൽ ക്ലബിനായി ബൂട്ടുകെട്ടിയ താരമെന്ന വിശേഷണത്തിനുടമായായി. ബ്ലാസ്റ്റേഴ്സിനുവേണ്ടി 10 തവണ വല കുലുക്കിയ യുവതാരം ഒമ്പത് ഗോളുകൾക്ക് വഴിയൊരുക്കി. ദേശീയ ടീമിനുവേണ്ടി 25 മത്സരങ്ങളിൽനിന്ന് മൂന്നു ഗോളുകളാണ് സമ്പാദ്യം. ഇക്കഴിഞ്ഞ സാഫ് കപ്പിൽ ഇന്ത്യ കിരീടം ചൂടിയപ്പോൾ മുൻനിരയിൽ മികവുറ്റ പ്രകടനമായിരുന്നു സഹലിന്റേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.