ഗാംഗുലിക്കൊപ്പം റയലിന്‍റെ തട്ടകത്തിൽ മമത; ബംഗാളിനെ ഇനി ലാ ലിഗ കളി പഠിപ്പിക്കും!
text_fieldsമുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലിക്കൊപ്പം സ്പാനിഷ് ക്ലബ് വമ്പന്മാരായ റയൽ മഡ്രിഡിന്‍റെ സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയം സന്ദർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുൻ ബി.സി.സി.ഐ അധ്യക്ഷൻ കൂടിയായ ഗാംഗുലിക്കൊപ്പം ക്ലബിന്‍റെ ട്രോഫി മുറിയും മറ്റു സൗകര്യങ്ങളും മമത നേരിട്ടുകണ്ടു.
നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തുന്നതിന്‍റെ ഭാഗമായാണ് കഴിഞ്ഞദിവസം മമത സ്പെയ്നിലെത്തിയത്. സാരി ധരിച്ച് സ്പെയ്നിൽ പ്രഭാത സവാരി നടത്തുന്ന മമതയുടെ വിഡിയോ നേരത്തെ വൈറലായിരുന്നു. ലാ ലിഗ അധ്യക്ഷൻ ഹാവിയർ ടെബാസുമായി മമതയും ഗാംഗുലിയും കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാളിൽ ഫുട്ബാൾ അക്കാദമി സ്ഥാപിക്കുന്നതിനുള്ള ധാരണപത്രത്തിലും ഒപ്പിട്ടു.
'കായികക്ഷമത, ആരോഗ്യം എന്നിവയുടെ വളർച്ചക്കായി ഫുട്ബാളിനെ പ്രോത്സാഹിപ്പിക്കാനാണ് ഈ ധാരണപത്രം ഉദ്ദേശിക്കുന്നത്. ലാ ലിഗ പശ്ചിമ ബംഗാളിൽ ഒരു ഫുട്ബാൾ പരിശീലന അക്കാദമി സ്ഥാപിക്കും' -പശ്ചിമ ബംഗാൾ സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു. ഇതുപ്രകാരം സംസ്ഥാനത്തെ ഫുട്ബാൾ താരങ്ങളെയും പരിശീലകരെയും ലാ ലിഗയിലെ കോച്ചുമാർ പരിശീലിപ്പിക്കും. കൊൽക്കത്ത ക്ലബുകളായ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ സ്പോർട്ടിങ് ക്ലബ് എന്നിവരുടെ മുതിർന്ന ഓഫിഷ്യലുകളും സംഘത്തിലുണ്ടായിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാൾ വേദികളിലൊന്നാണ് റയലിന്‍റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂ. 81,000 കളി കാണാനുള്ള ശേഷി സ്റ്റേഡിയത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.