ഒന്നുകൂടി തെന്നിക്കേറണം; കൊച്ചിയിൽ ഇന്ന് തെന്നിന്ത്യൻ ഡെർബി
text_fieldsകേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ
കൊച്ചി: ശനിയാഴ്ച കലൂരിൽ ഹൈദരാബാദ് എഫ്.സിയെ ഒറ്റ ഗോളിന് വീഴ്ത്തി ടേബിൾ ടോപ്പിൽ എത്തിയതായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. ആഘോഷം പക്ഷേ, 48 മണിക്കൂർ തികച്ചപ്പോഴേക്ക് എഫ്.സി ഗോവ വീണ്ടും മുന്നിൽ കയറി. ഐ.എസ്.എല്‍ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ബുധനാഴ്ച സ്വന്തം തട്ടകത്തിൽ വീണ്ടുമിറങ്ങുന്നു.
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് നടക്കുന്ന മത്സരത്തില്‍ എതിരാളികള്‍ ചെന്നൈയിന് എഫ്.സിയാണ്. മുന്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിയെ തോൽപിച്ച ആവേശവും ആത്മവിശ്വാസവുമാണ് സീസണിലെ എട്ടാം മത്സരത്തിലെ കൈമുതൽ.
തട്ടകത്തിൽ അജയ്യർ
സീസണിൽ ഇതുവരെ സ്വന്തം കാണികൾക്ക് മുന്നിൽ തോറ്റിട്ടില്ല ഇവാൻ വുകുമനൊവിച്ചിന്റെ കുട്ടികൾ. ആകെ ഏഴ് മത്സരങ്ങളിൽ അഞ്ച് ജയവും ഓരോ സമനിലയും തോൽവിയുമായി 16 പോയന്റ്. അഞ്ച് മത്സരം കളിച്ച ഗോവക്കും 16 പോയന്റാണെങ്കിലും ഗോൾ വ്യത്യാസത്തിന്റെ ആനുകൂല്യത്തിൽ ഒന്നാം സ്ഥാനത്തേക്ക് കയറി.
വിജയസംഘത്തിൽ പരീക്ഷണങ്ങൾക്ക് സാധ്യത കുറവാണ്. ഇന്നത്തെ തെന്നിന്ത്യൻ ഡെർബി സമനിലയിലായാൽപോലും മഞ്ഞപ്പടക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാം. മികച്ച ജയത്തിലൂടെ ലീഡ് കൂട്ടി പട്ടികയിലെ ഒന്നാമന്മാർക്കുള്ള ഐ.എസ്.എൽ ഷീൽഡ് കൂടി കൈപ്പിടിയിലൊതുക്കുകയാണ് ലക്ഷ്യം.
ആക്രമണങ്ങൾക്ക് മൂർച്ച ഇല്ലാത്തതാണ് ബ്ലാസ്റ്റേഴ്സിനെ അലട്ടുന്ന പ്രധാന പ്രശ്നം. പ്രതിരോധ നിരയാവട്ടെ ‘ഓവർടൈം’ പണിയെടുക്കുന്നുമുണ്ട്. വിലക്ക് കഴിഞ്ഞിറങ്ങിയ മോണ്ടിനെഗ്രോ ഡിഫൻഡർ മിലോസ് ഡ്രിന്‍സിച്ചിന്റെ ഗോളിലാണ് ഹൈദരാബാദിനെ തോൽപിച്ചത്.
അവസരങ്ങൾ പലതും ലഭിച്ചെങ്കിലും ഷോട്ട് ഓൺ ടാർഗറ്റ് രണ്ടെണ്ണം മാത്രം. മധ്യനിരയിൽ പാകപ്പിഴകൾ കുറവായിരുന്നു. അഡ്രിയാന്‍ ലൂണ, ക്വാമി പെപ്ര, ഡയ്സുകെ, കെ.പി. രാഹുല്‍ തുടങ്ങിയ താരങ്ങളിലും ഗോള്‍വല കാക്കുന്ന സച്ചിന് സുരേഷിലും ബ്ലാസ്റ്റേഴ്സ് വലിയ പ്രതീക്ഷ പുലർത്തുന്നുണ്ട്.
ഏഴില്‍നിന്ന് പുറത്തുകടക്കാൻ ചെന്നൈയിൻ
ചെന്നൈയിനെ സംബന്ധിച്ച് പ്ലേഓഫ് സ്വപ്നങ്ങൾക്ക് നിറംപകരാൻ ജയത്തിൽ കുറഞ്ഞൊന്നും ആവശ്യമില്ല. ഇതുവരെ രണ്ട് മത്സരങ്ങള്‍ മാത്രം ജയിച്ച് ഏഴ് പോയന്റുമായി ഏഴാം സ്ഥാനത്താണ് മുൻ ചാമ്പ്യന്മാർ. കൊച്ചിയിലെ മഞ്ഞപ്പട ആരാധകര്‍ക്ക് മുന്നിലെ മത്സരം വെല്ലുവിളി നിറഞ്ഞതാണെങ്കിലും മികച്ച പ്രകടനം നടത്താന്‍ സജ്ജമായിക്കഴിഞ്ഞെന്ന് ചെന്നൈയിന് പരിശീലകന് ഓവന് കോയില്‍ വ്യക്തമാക്കി.
മുന്‍ ബ്ലാസ്റ്റേഴ്സ് താരം വിന്‍സി ബറേറ്റ, ഇന്ത്യൻ സ്ട്രൈക്കർ റഹീം അലി തുടങ്ങിയവരിൽനിന്ന് കാര്യമായ സംഭാവനകൾ പ്രതീക്ഷിക്കുന്നുണ്ട്. നേർക്കുനേർ ജയപരാജയങ്ങളുടെ കണക്കെടുത്താൽ ഒപ്പത്തിനൊപ്പമാണ് ബ്ലാസ്റ്റേഴ്സും ചെന്നൈയിനും. 20ൽ ആറു വീതം മത്സരങ്ങൾ ജയിച്ചു. ഈ സമനിലകൂടി തകർക്കാൻ കലൂരിലെ കളി നേടുന്നവർക്ക് കഴിയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.