യോഗ്യരായി ദക്ഷിണ കൊറിയ
text_fieldsസോൾ: സിറിയയെ ഏകപക്ഷീയമായ രണ്ടു ഗോളിന് തകർത്ത് ദക്ഷിണ കൊറിയ ഏഷ്യയിൽനിന്ന് ഖത്തർ ലോകകപ്പിലേക്ക് ടിക്കറ്റുറപ്പിക്കുന്ന രണ്ടാമത്തെ ടീമായി. ഗ്രൂപ് എയിൽ ഒന്നാമതുള്ള ഇറാൻ നേരത്തെ യോഗ്യത നേടിയിരുന്നു.
സിറിയക്ക് കാര്യമായ അവസരങ്ങൾ നൽകാതെ തകർപ്പൻ പ്രകടനം പുറത്തെടുത്ത കൊറിയൻ സംഘം കിം ജിൻ സു, ക്വാൻ ചാങ് ഹൂൻ എന്നിവരുടെ ഗോളുകളിലാണ് ജയം പിടിച്ചത്. രണ്ടു കളികൾ ബാക്കിനിൽക്കെ മൂന്നാമന്മാരായ യു.എ.ഇയെക്കാൾ 11 പോയന്റിന്റെ വൻ ലീഡ് കൊറിയക്കുണ്ട്. കഴിഞ്ഞ ദിവസം ഇറാഖിനെ തോൽപിച്ചാണ് ഇറാൻ ഏഷ്യയിൽനിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായത്. മറ്റൊരു മത്സരത്തിൽ ഇറാൻ യു.എ.ഇയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി.
ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് യോഗ്യത ഉറപ്പാക്കുമ്പോൾ മൂന്നാമതെത്തുന്ന ടീം േപ്ലഓഫ് കളിക്കണം. ഗ്രൂപ് ബിയിൽ സൗദി അറേബ്യയെ എതിരില്ലാത്ത രണ്ടു ഗോളിന് മറികടന്ന് ജപ്പാൻ തുടർച്ചയായ ഏഴാം ലോകകപ്പ് യോഗ്യതയിലേക്ക് ഒരു ചുവടുകൂടി വെച്ചു. ലിവർപൂൾ താരം തകുമി മിനാമിനോയുടെ ബൂട്ടിൽനിന്ന് പിറന്ന മനോഹര ഗോളിൽ മുന്നിലെത്തിയ ജപ്പാനുവേണ്ടി ജൂനിയ ഇറ്റോ ലീഡുയർത്തി. കളി തോറ്റെങ്കിലും ഗ്രൂപ്പിൽ സൗദി തന്നെയാണ് ഒരു പോയന്റിന് മുന്നിൽ.
ജപ്പാന് 18 പോയന്റുണ്ട്. മസ്കത്തിൽ ഒമാനെതിരെ 2-2ന് സമനില വഴങ്ങിയ ആസ്ട്രേലിയ 15 പോയന്റുമായി മൂന്നാമതാണ്. രണ്ടു വട്ടം മുന്നിലെത്തിയ ശേഷമാണ് കങ്കാരുക്കൾ സമനില ചോദിച്ചുവാങ്ങിയത്. ഇതേ ഗ്രൂപ്പിൽ അവസാനക്കാരായ വിയറ്റ്നാം ചൈനയെ 3-1ന് തോൽപിച്ചു. ഇതോടെ, ചൈനയുടെ യോഗ്യത സ്വപ്നങ്ങൾ പൂർണമായി അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.