പെപ്പിന്റെ പരീക്ഷണം പാളി; ലീഗ് കപ്പിൽ തോറ്റുമടങ്ങി സിറ്റി, സതാംപ്ടൺ സെമിയിൽ
text_fieldsഅഞ്ചു വർഷത്തിനിടെ നാലു തവണ ലീഗ് കപ്പിൽ കിരീടമുയർത്തിയവരെന്ന ഖ്യാതിയുമായി എത്തിയ വമ്പന്മാരെ അട്ടിമറിച്ച് സതാംപ്ടൺ ലീഗ് കപ്പ് സെമിയിൽ. കൈൽ വാക്കർ, ലപോർട്ടെ, ഗ്രീലിഷ്, ഗുണ്ടൊഗൻ, കാൻസലോ, ഫോഡൻ, അൽവാരസ് തുടങ്ങി പ്രമുഖരെ അണിനിരത്തിയിട്ടും എതിരാളികളുടെ കളിമുറ്റത്ത് ഒരു ഗോൾ പോലും നേടാനാകാതെയാണ് പെപ്പിന്റെ കുട്ടികൾ തോറ്റുമടങ്ങിയത്.
സ്വന്തം മൈതാനമായ സെന്റ് മേരീസ് സ്റ്റേഡിയത്തിൽ ഏറെയൊന്നും പ്രതീക്ഷയില്ലാത്തതിനാൽ ഗാലറി പോലും കാര്യമായി ഒഴിഞ്ഞുകിടന്നിടത്തായിരുന്നു സതാംപ്ടൺ തേരോട്ടം. അടുത്തിടെ ചുമതലയേറ്റ പരിശീലകൻ നഥാൻ ജോൺസിന്റെ പുതിയ തന്ത്രങ്ങൾ മനോഹരമായി നടപ്പാക്കിയ ആതിഥേയർ 23ാം മിനിറ്റിൽ സിറ്റി വല കുലുക്കി. വലതുവിങ്ങിൽനിന്ന് ലിയാൻകോ നീട്ടിനൽകിയ ക്രോസ് എതിർപ്രതിരോധത്തിലെ രണ്ടു പേർക്കിടയിലൂടെയെത്തി സികൂ മാര വലയുടെ ഇടതുമൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞ് വീണ്ടും സതാംപ്ടൺ ഗോളടിച്ചു. സിറ്റി ഗോൾകീപർ സ്റ്റീഫൻ ഒർടേഗ മുന്നോട്ടുകയറിനിന്നത് അവസരമാക്കി മൂസ ജെനിപോയാണ് ലോങ് റേഞ്ച് ഷോട്ട് ഉയർത്തിയടിച്ച് വലയിലെത്തിച്ചത്. പിറകോട്ടോടി പന്ത് വരുതിയിലാക്കാൻ ഒർടേഗ നടത്തിയ ശ്രമം വൈകിപ്പോയിരുന്നു.
മുൻനിരയിൽ ചിലരെ കരക്കിരുത്തി ആദ്യ ഇലവൻ പരീക്ഷിച്ച ഗാർഡിയോള കണക്കുകൂട്ടലുകൾ തെറ്റിയെന്നറിഞ്ഞ് ഹാലൻഡിനെയും ഡി ബ്രുയിനെയും രണ്ടാം പകുതിയിൽ ഇറക്കിയെങ്കിലും ഫലം കണ്ടില്ല. സിറ്റി നിരയിൽ അൽവാരസ് അവതരിച്ചിട്ടും ഹാലൻഡ് നിറഞ്ഞാടിയിട്ടും ഒരു ഗോൾ ഷോട്ട് പോലും പിറന്നില്ലെന്നതും നാണക്കേടായി.
പ്രിമിയർ ലീഗിൽ ഇപ്പോഴും തരംതാഴ്ത്തൽ ഭീഷണിയിൽ തുടരുന്ന സതാംപ്ടണ് ലീഗ് കപ്പ് പ്രകടനം കരുത്താകും. തുടർന്നുള്ള മത്സരങ്ങളിൽ വൻ ജയവുമായി മുന്നേറിയില്ലെങ്കിൽ ടീം രണ്ടാം ഡിവിഷനിലേക്ക് തള്ളപ്പെടും. ശനിയാഴ്ച ഗൂഡിസൺ പാർകിൽ എവർടണെതിരെയാണ് ടീമിന് ലീഗിൽ അടുത്ത മത്സരം.
അതേ സമയം, ലീഗ് കപ്പിലെ അവസാന മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റ് വുൾവ്സുമായി സമനിലയിൽ പിരിഞ്ഞു. പെനാൽറ്റി ഷൂട്ടൗട്ടിൽ ജയിച്ച് നോട്ടിങ്ഹാം സെമിയിലെത്തിയ അവസാന ടീമായി. ഇതോടെ ആദ്യ സെമിയിൽ സതാംപ്ടൺ ന്യുകാസിലിനെയും നോട്ടിങ്ഹാം ഫോറസ്റ്റ് മാഞ്ചസ്റ്റർ യുനൈറ്റഡിനെയും നേരിടും. ഇരുപാദങ്ങളിലായാണ് അവസാന നാലിലെ പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.