ദക്ഷിണമേഖല അന്തർസർവകലാശാല ഫുട്ബാൾ: കാലിക്കറ്റ് ജേതാക്കൾ
text_fieldsതേഞ്ഞിപ്പലം: ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാല ജേതാക്കളായി. കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന അവസാന ലീഗ് പോരാട്ടത്തിൽ എം.ജി സർവകലാശാലയുമായി 2-2ന് സമനില പാലിച്ചത്തോടെയാണ് മൂന്നു കളികളിൽ ഏഴ് പോയന്റുമായി കാലിക്കറ്റ് വിജയികളായത്.
ആദ്യപകുതിയുടെ 18ാം മിനിറ്റിൽ എം.ജിയുടെ നിംഷാദ് റോഷന്റെ വകയായിരുന്നു ആദ്യ ഗോൾ. 46ാം മിനിറ്റിൽ ഷംനാദിലൂടെ കാലിക്കറ്റ് ഗോൾ മടക്കി. തൊട്ടടുത്ത മിനിറ്റിൽ അദ്നാനിലൂടെ എം.ജി വീണ്ടും ലീഡ് നേടി. എന്നാൽ, തുടരെയുള്ള ആക്രമണത്തിലൂടെ 54ാം മിനിറ്റിൽ ഷംനാദിലൂടെ തന്നെ കാലിക്കറ്റ് സമനില ഗോൾ നേടി. അവസാന മിനിറ്റുകളിൽ ഇരു ടീമുകളും ജയത്തിനായി ആക്രമിച്ചു കളിച്ചെങ്കിലും വല കുലുക്കാനായില്ല.
തിങ്കളാഴ്ച നടന്ന ആദ്യ മത്സരത്തിൽ കണ്ണൂർ യൂനിവേഴ്സിറ്റി ഏകപക്ഷീയമായ നാല് ഗോളുകൾക്ക് കേരള സർവകലാശാലയെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കി. കേരളക്കാണ് നാലാം സ്ഥാനം. നാലു ടീമുകളും രാജസ്ഥാനിൽ നടക്കുന്ന അഖിലേന്ത്യാ ടൂർണമെന്റിന് യോഗ്യത നേടി.
കാലിക്കറ്റ് സർവകലാശാലയുടെ അക്ബർ സിദ്ദീഖ് മികച്ച താരമായും നിസാമുദ്ദീൻ മികച്ച സ്ട്രൈക്കറായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോൾ കീപ്പറായി കണ്ണൂർ സർവകലാശാലയുടെ മുഹമ്മദ് ഇക്ബാലും മികച്ച പ്രതിരോധനിര താരമായി കേരളയുടെ ജേക്കബും തെരഞ്ഞെടുക്കപ്പെട്ടു. എം.ജി യൂനിവേഴ്സിറ്റിയുടെ നിധിൻ ആണ് മികച്ച മധ്യനിര താരം.
വിജയികൾക്ക് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ട്രോഫികൾ വിതരണം ചെയ്തു. സിൻഡിക്കേറ്റംഗം അഡ്വ. ടോം കെ. തോമസ്, കായികവിഭാഗം മേധാവി ഡോ. സക്കീർ ഹുസൈൻ, സി. സുരേഷ് കുമാർ, ഡോ. കെ.പി. മനോജ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.