വനിത ലോകകപ്പ്: കോസ്റ്ററീകയെ മുക്കി വരവറിയിച്ച് അർമഡ
text_fieldsസിഡ്നി: വനിത ലോകകപ്പിലെ തങ്ങളുടെ കന്നിയങ്കം ഗംഭീരമാക്കി സ്പാനിഷ് അർമഡ. കോസ്റ്ററീകക്കെതിരായ മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളിനായിരുന്നു ജയം. ആദ്യ അരമണിക്കൂർ തികയുംമുമ്പ് ഗോളുകളെല്ലാം വീണ് തകർന്നുപോയ മധ്യ അമേരിക്കൻ രാജ്യം പിന്നീട് കൂടുതൽ അപായം വരാതെ പിടിച്ചുനിന്ന് വൻ വീഴ്ച ഒഴിവാക്കി. വലേറിയ ഡെൽ കാംപോയിലൂടെ വീണ സെൽഫ് ഗോളാണ് കോസ്റ്ററീകക്ക് ആദ്യ കെണിയായത്. രണ്ടു മിനിറ്റ് കഴിയുമ്പോഴേക്ക് എയ്റ്റാന ബോൺമാറ്റിയും വൈകാതെ എസ്തർ ഗോൺസാലസും വല കുലുക്കി പട്ടിക തികച്ചു.
സമ്പൂർണ ആധിപത്യവുമായാണ് സ്പെയിൻ എതിരാളികളെ വരിഞ്ഞുമുറുക്കിയത്. 46 തവണ എതിർ ഗോൾവല ലക്ഷ്യമിട്ട സ്പാനിഷ് വനിതകൾ അതിൽ 12 തവണയും കൃത്യമായി ഗോളിക്കു മുന്നിലെത്തിച്ചു. 80 ശതമാനം കളിയുടെ നിയന്ത്രണവും അവർക്കു തന്നെയായിരുന്നു. 22 കോർണറുകൾ പിറന്ന കളിയിൽ ഒന്നൊഴികെ എല്ലാ സ്പെയിനിന് അനുകൂലമായിട്ടായിരുന്നു.
ലോക റാങ്കിങ്ങിൽ 36ാമതുള്ള കോസ്റ്ററീക വനിത ലോകകപ്പിൽ ഇതുവരെയും ഒരു കളി ജയിച്ചിട്ടില്ല. 2015ൽ സ്പെയിനിനെതിരെ നേടിയ സമനില മാത്രമാണ് ഏക ആശ്വാസം. മറ്റു കളികളിൽ ആസ്ട്രേലിയ കന്നിക്കാരായ ഫിലിപ്പീൻസിനെ ഏകപക്ഷീയമായ രണ്ടു ഗോളിന് തകർത്തപ്പോൾ നൈജീരിയ- കാനഡ മത്സരം ഗോൾരഹിത സമനിലയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.