നിർണായക മത്സരം ജയിച്ച് സ്പെയിനും സ്വീഡനും യൂറോ കപ്പ് പ്രീക്വാർട്ടറിൽ
text_fieldsവിയ്യ: ഗ്രൂപ് 'ഇ'യിലെ നിർണായക മത്സരം ജയിച്ച് സ്വീഡനും സ്പെയ്നും പ്രീക്വാർട്ടറിൽ. ആവേശം നിറഞ്ഞ മത്സരത്തിൽ പോളണ്ടിനെ ഇഞ്ചുറി ടൈം ഗോളിൽ 3-2ന് തോൽപിച്ച് സ്വീഡൻ ഗ്രൂപ് ചാമ്പ്യന്മാരായി നോകൗട്ടിൽ പ്രവേശിച്ചപ്പോൾ, സ്ലോവാക്യയെ 5-0ത്തിന് തോൽപിച്ച് സ്പെയ്ൻ രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
ജയം നിർണായകമായ മത്സരത്തിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് സ്പാനിഷ് കോച്ച് ലൂയിസ് എൻറിക്വെ ആദ്യ ഇലവനെ ഒരുക്കിയത്. കോവിഡ് ബാധിച്ച് ആദ്യ രണ്ടു മത്സരം നഷ്ടമായ ക്യാപ്റ്റൻ സെർജിയോ ബുസ്ക്കറ്റസ് തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. സ്പാനിഷ് കോച്ചിെൻറ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന താരമാണ് ബുസ്ക്കറ്റ്സ്. തനതുശൈലിയിൽ പന്ത് നിയന്ത്രിച്ച് തുടക്കം മുതലേ സ്പെയ്ൻ കളി തുടങ്ങി. 10ാം മിനിറ്റിൽ കോക്കെയെ ബോക്സിൽ ഫൗൾ ചെയ്തതിന് വാറിൽ സ്പെയിനിന് അനുകൂലമായി പെനാൽറ്റി വന്നു. പക്ഷേ, തുടർച്ചയായ രണ്ടാം മത്സരത്തിലും സെറ്റ് പീസിൽ സ്പാനിഷ് പടക്ക് പിഴച്ചു. പോളണ്ടിനെതിരെ ജെറാഡ് മോറിനോക്കാണ് പിഴച്ചതെങ്കിൽ ഇത്തവണ മൊറാറ്റയുെട കിക്ക് സ്ലൊവാക്യൻ ഗോൾ കീപ്പർ മാർട്ടിൻ ദുബ്റാവ്ക തടുത്തിട്ടു.
എന്നാൽ ഹീറോയായ സ്ലോവാക്യൻ ഗോൾ കീപ്പർ ദുബ്റാവ്ക 30ാം മിനിറ്റിൽ 'സീറോ'യായി. ഫുട്ബാളിൽ തന്നെ സമാനതകളില്ലാത്ത സെൽഫ് ഗോളിന് കാരണക്കാരനായാണ് ദുബ്റാവ്ക വില്ലനായത്. പാബ്ലോ സെറാബിയയുടെ ഉഗ്രൻ ഷോട്ട് ബാറിൽ തട്ടി ഉയർന്നു പൊങ്ങി പന്ത് തിരികെയെത്തിയത് പുറത്തേക്ക് തട്ടിമാറ്റുന്നതിൽ സ്ലൊവാക്യൻ ഗോൾ കീപ്പർക്ക് പിഴക്കുകയായിരുന്നു. പിന്നീടങ്ങോട്ട് സ്പെയ്നിെൻറ ഗോൾ മഴയായിരുന്നു.
45ാം മിനിറ്റിൽ പ്രതിരോധ താരം എയ്മെറിക് ലാപോർട്ടെയുടെ ഹെഡർ ഗോൾ. രണ്ടാം പകുതി പാബ്ലോ സെറാബിയയും(56), ഫെറാൻ ടോറസിെൻറയും(67) കിടിലൻ ഗോളുകൾ. 71ാം മിനിറ്റിൽ സ്ലോവാക്യൻ മിഡ്ഫീൽഡർ ജുറാജ് കുക്കയുടെ സെൽഫ് ഗോളുകൾ കൂടി വീണപ്പോൾ, സ്പാനിഷ് പട വിജയം ഉറപ്പിച്ചു.
സ്വീഡിഷ് വീര്യം
ആവേശകരമായിരുന്നു പോളണ്ട്-സ്വീഡൻ പോര്. ജയം നിർണായകമായ ഇതേ ഗ്രൂപ്പിലെ മത്സരത്തിൽ പോളണ്ടിനെതിരെ രണ്ടാം മിനിറ്റിൽ തന്നെ ഗോളടിച്ചാണ് സ്വീഡൻ തുടങ്ങിയത്. ആദ്യ വിസിലിനു പിന്നാലെ അതിവേഗം പന്തുമായി കുതിച്ച സ്വീഡൻ, പോളിഷ് പെനാൽറ്റി ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ വിങ്ങർ എമിൽ ഫോർസ്ബെർഗാണ് ഗോളാക്കുന്നത്. ഇതോടെ ലെവെൻഡോവ്സ്കിയുടെ ടീം ബാക്ക്ഫൂട്ടിലായി. രണ്ടാം പകുതിയുടെ തുടക്കത്തിലും എമിൽ ഫോർസ്ബർഗ് (59) ഗോൾ നേടിയതോടെ സ്വീഡൻ ആശ്വസിച്ചു. എന്നാൽ, സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കിയുടെ (61,84) രണ്ടു ഗോളിൽ പോളണ്ട് തിരിച്ചടിച്ചു. സമനിലയിലയിൽ കളി അവസാനിച്ചുവെന്ന് ഉറപ്പിച്ചിരിക്കെയാണ് വിക്ടർ ക്ലാസെൻറ (94) ഇഞ്ചുറി ടൈം ഗോളിൽ സ്വീഡൻ ജയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.