വനിത ലോകകപ്പിൽ സ്പെയിനിന് കന്നിമുത്തം
text_fieldsസിഡ്നി: സ്റ്റേഡിയം ആസ്ട്രേലിയയിൽ തിങ്ങിനിറഞ്ഞ മുക്കാൽ ലക്ഷത്തിലധികം ഫുട്ബാൾ പ്രേമികളെ സാക്ഷിയാക്കി ചരിത്രത്തിലേക്ക് പന്ത് തട്ടി ലാ റോജ. ഫിഫ വനിത ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഇംഗ്ലണ്ടിന് തോൽപിച്ച് സ്പെയിൻ കിരീടത്തിൽ മുത്തമിട്ടു. 29ാം മിനിറ്റിൽ ക്യാപ്റ്റൻ ഒൾഗ കാർമോണയാണ് വിജയഗോൾ നേടിയത്. സ്പാനിഷ് വനിത ചെമ്പട ലോകകപ്പ് കിരീടം നേടുന്നത് ചരിത്രത്തിലാദ്യം.
കാർമോണ, വിജയ നായിക
കാണികളിലൊരാൾ ഗ്രൗണ്ട് കൈയേറിയതിനെത്തുടർന്ന് 25 മിനിറ്റാകവെ കളി അൽപനേരം തടസ്സപ്പെട്ടു. ഇംഗ്ലണ്ടിനും സ്പെയിനിനും ലോകകപ്പിൽ കന്നി ഫൈനലായിരുന്നു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയതിന്റെയും സ്പെയിനുമായി മുമ്പ് മുഖാമുഖം വന്നപ്പോൾ ജയിച്ചതിന്റെയും മാനസിക മുൻതൂക്കമുണ്ടായിരുന്നു ഇംഗ്ലീഷുകാർക്ക്. മികച്ച അവസരങ്ങളിലൊന്ന് 16ാം മിനിറ്റിൽ ലഭിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ ലോറൻ ഹെംപിന്റെ ബുള്ളറ്റ് ക്രോസ്ബാറിൽ തട്ടിത്തെറിച്ചു. ഒരു മിനിറ്റിനുശേഷം, സ്പാനിഷ് താരം സൽമ പാരല്ല്യൂലോ ഗോളിലേക്ക് കുതിച്ചു. പക്ഷേ ഒരു ക്ലീൻ ഷോട്ട് നേടാനായില്ല. വലക്ക് മുന്നിൽ ആൽബ റെഡോണ്ടോയുടെ ശ്രമം ഇംഗ്ലീഷ് ഗോളി മേരി ഇയർപ്സ് തടഞ്ഞു. എന്നാൽ, 29ാം മിനിറ്റിൽ കഥ മാറി. കാർമോണയുടെ ഇടങ്കാൽ ഷോട്ട് ഗോൾകീപ്പർ മേരി ഇയർപ്സിന്റെ ഡൈവിങ്ങിനെയും പരാജയപ്പെടുത്തി വലയുടെ മൂലയിലിറങ്ങി. സെമി ഫൈനലിൽ സ്വീഡനെതിരെയും ഗോൾ നേടിയ കാർമോണ അങ്ങനെ സ്പെയിനിന്റെ വിജയറാണിയായി.
പാഴായ പെനാൽറ്റി
ലീഡിന്റെ ബലത്തിൽ ഒന്നാം പകുതിയിൽ കളം ഭരിച്ച സ്പെയിനിനെതിരെ രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് അപകടം വിതറിക്കൊണ്ടിരുന്നു. ഇടക്ക് പലതവണ സ്പാനിഷ് താരം പാരല്ല്യൂലോ ഗോളിനടുത്തെത്തി. 54-ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ഹെംപിന് മറ്റൊരു അവസരം ലഭിച്ചെങ്കിലും പുറത്തേക്കായി. 68ാം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കുമെന്നുറപ്പിച്ച നിമിഷങ്ങൾ. കെയ്റ വാൽഷിന്റെ ഹാൻഡ്ബോളിന് സ്പാനിഷ് താരങ്ങളുടെ പെനാൽറ്റി അപ്പീൽ. വിഡിയോ അവലോകനത്തിൽ റഫറി പെനാൽറ്റി അനുവദിച്ചു. ജെന്നി ഹെർമോസയെടുത്ത കിക്ക് ഇംഗ്ലണ്ട് ഗോൾകീപ്പർ ഇയർപ്സ് ഗംഭീരമായി കൈയിലൊതുക്കുകയായിരുന്നു.
കലാപാനന്തരം കിരീടം
പരിശീലകൻ ജോർജ് വിൽഡക്കെതിരെ താരങ്ങൾ കൂട്ടത്തോടെ രംഗത്തെത്തിയതിനെ തുടർന്ന് കലുഷിതമായിരുന്നു ഏതാനും മാസം മുമ്പ് ടീമിലെ അവസ്ഥ. വിൽഡയാണ് കോച്ചെങ്കിൽ തങ്ങളെ ഉൾപ്പെടുത്തേണ്ടതില്ലെന്ന് 15ഓളം കളിക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു. മാനസികസമ്മർദം അനുഭവിക്കുന്നുവെന്നായിരുന്നു ഇവരുടെ ആരോപണം. കൂട്ടത്തിൽ മൂന്ന് കളിക്കാർ, ഓന ബാറ്റിൽ, ഐറ്റാന ബോൺമാറ്റി, മരിയോണ കാൽഡെന്റി എന്നിവർ പിന്നീട് ഫുട്ബാൾ ഫെഡറേഷനുമായി അനുരഞ്ജനത്തിലെത്തുകയും കളിക്കാൻ തയാറാവുകയും ചെയ്തു. ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പ് സെമിയിൽപോലുമെത്തുന്നത്. കിരീട നേട്ടത്തോടെ ജർമനിക്കു ശേഷം പുരുഷ, വനിത ലോകകപ്പുകൾ വിജയിക്കുന്ന ടീമായി സ്പെയിൻ മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.