അധിക സമയത്ത് ആതിഥേയർക്ക് അന്ത്യം; സ്പെയിൻ സെമിയിൽ
text_fieldsസ്റ്റുട്ട്ഗർട്ട്: അടിമുടി നാടകീയമായ പോരാട്ടത്തിനൊടുവിൽ ആതിഥേയരെ പുറത്താക്കി സ്പെയിൻ യൂറോ കപ്പ് സെമി ഫൈനലിൽ കയറി. 89ാം മിനിറ്റിൽ വിജയം തട്ടിയെടുത്ത് അധികസമയത്തേക്ക് കളി നീട്ടിയ ജർമനിയിൽ നിന്ന് 119ാം മിനിറ്റിൽ വിജയം പിടിച്ചെടുത്ത് സ്പാനിഷ് പട മുന്നേറി. ഡാനി ഒൽമോയുടെ പാസിൽ മൈക്കൽ മെറിനോയാണ് വിജയഗോൾ നേടിയത്.
51ാം മിനിറ്റിൽ ഡാനി ഒൽമൊയിലൂടെ ലീഡെടുത്ത സ്പെയിൻ ജയമുറപ്പിച്ച് നിൽക്കെയാണ് ജർമനിയുടെ സമനില ഗോളെത്തുന്നത്. നിശ്ചിത സമയം തീരാൻ ഒരുമിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനിടയിൽ ജർമൻ ഡിഫൻഡർ ജോഷ്വ കിമ്മിച് നൽകിയ ഹെഡർ പാസ് ഫ്ലോറിയാൻ വ്രിട്സ് അനായാസം വലയിലാക്കിയതോടെയാണ് മത്സരം നാടകീയതയിലേക്ക് വഴുതിയത്.
സ്പെയിനിന്റെ ഗംഭീര തുടക്കം, ജർമനിയുടെ തിരിച്ചുവരവ്
പരുക്കൻ അടവുകളുമായി തുടങ്ങിയ ആതിഥേയരെ നിരന്തരമായി അക്രമിച്ച് കീഴ്പെടുത്തുന്ന സ്പെയിനിനെയാണ് ആദ്യപകുതിയിൽ കണ്ടത്. കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ സൂപ്പർ താരം പെഡ്രി പരിക്കേറ്റ് മടങ്ങിയത് സ്പെയിനിനെ ആശങ്കയിലാക്കി. ടോണിക്രൂസിന്റെ പരുക്കൻ ടാക്ലിങ്ങാണ് പെഡ്രിയെ ബെഞ്ചിലേക്ക് മടക്കിയത്. ഡാനി ഒൽമയെന്ന സൂപ്പർ സബ്ബിനെ കളത്തിലിറക്കി സ്പെയിൻ ആ വിടവ് നികത്തി.
പന്തിന്മേലുള്ള നിയന്ത്രണം കൂടുതലും ആതിഥേയരുടെ കൈവശമായിരുന്നെങ്കിലും മുന്നേറ്റങ്ങളേറെ കണ്ടത് സ്പെയിനിന്റെ ഭാഗത്തായിരുന്നു. ഗോളൊന്നുറച്ച അരഡസൻ ഷോട്ടുകളാണ് ജർമൻ ഗോൾമുഖം ലക്ഷ്യമാക്കി പറന്നത്.
ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം 51ാം മിനിറ്റിൽ സ്പെയിന്റെ ശ്രമം ഫലം കണ്ടു. നായകൻ ആൽവാരോ മൊറാറ്റ മൈതാന മധ്യത്ത് നിന്ന് വലതുവിങ്ങിലേക്ക് ലാമിൻ യമാലിന് നൽകിയ പന്ത്, ബോക്സിന് മധ്യത്തിലേക്ക് യമാൽ നൽകിയ മനോഹരമായ പാസ് കണ്ണടച്ചുതുറക്കും വേഗത്തിൽ ഡാനി ഒൽമൊ വലയിലാക്കി. പരിക്കേറ്റ് പുറത്തായ സൂപ്പർ താരം പെഡ്രിക്ക് പകരക്കാരനായി ഇറങ്ങിയതാണ് ഒൽമൊ.
ഗോൾ വീണതോടെ അതേ നാണയത്തിൽ ആക്രമണം കനപ്പിച്ച ജർമനിയെയാണ് പിന്നീട് കണ്ടത്. മൂസിയാലയും ഹാവട്സും ക്രൂസും അടങ്ങുന്ന മുന്നേറ്റ നിര സ്പാനിഷ് ഗോൾ മുഖത്ത് വട്ടമിട്ട് പറന്നതോടെ മത്സരം തീപടർത്തി. 68ാം മിനിറ്റിൽ സ്പെയിൻ ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനിടയിൽ ജർമൻ മുന്നേറ്റതാരം നിക്കളാസ് ഫുൽക്രിഗ് നൽകിയ മൈനസ് റോബർട്ട് അൻഡ്രിച് പോസ്റ്റിലേക്ക് തൊടുത്തെങ്കിലും സ്പെയിൻ ഗോൾ കീപ്പർ സിമോൺ കൈപിടിയിലൊതുക്കി.
76ാം മിനിറ്റിൽ ജർമനിയുടെ കൗണ്ടർ അറ്റാക്കിൽ ഗോളൊന്നുറച്ച ഫുൽക്രിഗിന്റെ ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടിതെറിച്ചു. ബോക്സിനകത്ത് ഫ്ലോറിയാൻ വ്രിട്സ് നൽകിയ പാസ് ഫുൽക്രിഗ് പോസ്റ്റിലേക്ക് തള്ളിയിട്ടെങ്കിലും ഗോൾപോസ്റ്റ് വില്ലനാകുകയായിരുന്നു. അധികം വൈകാതെ ഫ്ലോറിയാൻ വിട്സിലൂടെ ജർമനി സമനില നേടിയതോടയാണ് കളി അധിക സമയത്തിലേക്ക് നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.