പ്രതിരോധ കോട്ടയൊരുക്കി സ്വീഡൻ; സമനിലപ്പൂട്ടിൽ കുരുങ്ങി സ്പെയിൻ
text_fieldsസെവിയ്യ: യൂറോ കപ്പ് ഗ്രൂപ് ഇയിലെ ഉഗ്ര പോരാട്ടത്തിൽ കരുത്തരായ സ്പെയ്നിനെ ഗോൾ രഹിത സമനിലയിൽ തളച്ച് സ്വീഡൻ. പന്തടക്കത്തിലും പാസിലും മുന്നിട്ടുനിൽക്കുകയൂം പലവട്ടം ഗോളിനരികെ എത്തുകയും ചെയ്തിട്ടും സ്വീഡിഷ് പ്രതിരോധ കോട്ടപൊളിച്ച് വലകുലുക്കാൻ സ്പെയ്നിനായില്ല. നിരവധി ഷോട്ടുകൾ സേവ് ചെയ്ത സ്വീഡൻ ഗോളി റോബിൻ ഒൽസനാണ് മത്സരത്തിലെ ഹീറോ.
മൊറാറ്റയെ ഏക സ്ട്രൈക്കറാക്കിയാണ് സ്പാനിഷ് കോച് ലൂയിസ് എൻറിക്വെ സ്വീഡനെതിരെ ടീമിനെ ഒരുക്കിയത്. കുറുകിയ പാസുമായി തനതു ശൈലിയിൽ കളി നിയന്ത്രണം ഏറ്റെടുത്ത് മുന്നേറിയെങ്കിലും സ്പാനിഷ് പടയോട്ടങ്ങൾ ഗോൾവരക്കിപ്പുറത്ത് അവസാനിച്ചു. ഇരുപകുതിയിലും നിരവധി അവസരങ്ങളാണ് സ്പെയ്നിന് ലഭിച്ചത്. ഒന്നിനു പിറകെ ഒന്നായി അവസരങ്ങൾ മുന്നേറ്റനിര നശിപ്പിച്ചു. അൽവാരോ മൊറാറ്റയാണ് അവസരം തുലക്കുന്നതിൽ മുന്നിട്ടുനിന്നത്. മറുവശത്ത് സ്വീഡൻ കൗണ്ടർ അറ്റാക്കിലാണ് ശ്രദ്ധയൂന്നിയത്. ഇരുപകുതിയും ഗോളുറപ്പിച്ച ഒന്നുരണ്ടു അവസരം നിർഭാഗ്യം കൂട്ടുകൂടിയപ്പോൾ ലക്ഷ്യത്തിലെത്തിയതുമില്ല. ആദ്യ പകുതി അലക്സാണ്ടർ ഇസാക്കിന്റെ ഷോട്ട് പോസ്റ്റിൽ തട്ടിമടങ്ങിയത് സ്വീഡന്റെ നിർഭാഗ്യത്തിന്റെ അടയാളമായി. രണ്ടാം പകുതി പാബ്ലോ സറാബിയ, തിയാഗോ അൽകൻറാര, ജെറാഡ് മൊറീന്യോ എന്നിവരെയെല്ലാം കോച്ച് എൻറിക്വെ ഇറക്കിനോക്കിയെങ്കിലും ഫലം കണ്ടില്ല.
കോവിഡിനു പിറകെ ടീമിലും പ്രശ്നങ്ങൾ നിലനിൽക്കുന്ന സ്പാനിഷ് ടീമിന് യൂറോ ഫലം നാട്ടിലും പ്രശ്നങ്ങൾ സൃഷ്ടിക്കും. ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങൾ അവസാനിക്കാതെയായിരുന്നു സ്പാനിഷ് അർമഡ ബൂട്ടുകെട്ടിയത്. കോവിഡ് ബാധിതരായി സെർജിയോ ബുസ്കെറ്റ്സും ഡീഗോ ലോറെന്‍റെയും പുറത്തിരിക്കുകയും റയൽ നിരയിലെ സെർജിയോ റാമോസ് ഉൾെപടെ പ്രമുഖരെ വിളിക്കാതിരിക്കുകയും ചെയ്താണ് ഇത്തവണ സ്പെയിൻ യൂറോ ചാമ്പ്യൻഷിപ്പ് കളിക്കാൻ വിമാനം കയറിയത്. ഇതോടെ ടീമിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിരുന്നു. ബാഴ്സ കൗമാര താരം പെഡ്രി നയിച്ച ആക്രമണങ്ങൾ പ്രതീക്ഷ നൽകിയ കളിയിൽ പക്ഷേ, ലക്ഷ്യം കാണുന്നതിൽ ടീം പരാജയമാകുകയും ചെയ്തു.
സമനിലയോടെ െസ്ലാവാക്യക്ക് ഗ്രൂപ് ഇയിൽ ആദ്യ നേട്ടമാകും. പോളണ്ടിനെതിരെ ടീം 2-1ന് ജയം നേടിയിരുന്നു.
സ്പെയിനിന് ലെവൻഡോവ്സ്കിയുടെ പോളണ്ടാണ് അടുത്ത എതിരാളി. സ്വീഡന് െസ്ലാവാക്യയും. കളി വെള്ളിയാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.