സ്പെയിനിലെ ഫുട്ബാൾ പരിശീലനം: ഏജൻസികളുടെ സാമ്പത്തിക ചൂഷണമോ?
text_fieldsമലപ്പുറം: ‘‘എന്റെ ഫുട്ബാൾ ഭാവിക്ക് തടസ്സം നിന്നാൽ ഞാൻ ആത്മഹത്യ ചെയ്യും. എനിക്ക് സ്പെയിനിലേക്ക് പോയേ മതിയാവൂ’’ സ്പെയിനിലെ ഒരു ഫുട്ബാൾ അക്കാദമിയിലേക്ക് പരിശീലനത്തിന് അവസരം ലഭിച്ച കേരളത്തിലെ ഒരു കുട്ടി തന്റെ മാതാപിതാക്കളോട് പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 50ലധികം കുട്ടികളാണ് സ്പെയിനിലെ വിവിധ ക്ലബുകളിലേക്ക് ‘വിദഗ്ധ’ പരിശീലനം എന്ന പേരിൽ വിമാനം കയറിയതെന്നാണ് ‘മാധ്യമം’ നടത്തിയ അന്വേഷണത്തിൽ ലഭ്യമായ വിവരം. അർജന്റീനയിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും ഓഫർ വരുന്നുണ്ടെങ്കിലും ഭൂരിഭാഗത്തിനും ഇഷ്ടം സ്പെയിനാണ്. ഈ രാജ്യത്തേക്ക് പോയവരിൽ മിക്കവരും ഒരു മാസത്തെയോ രണ്ട് മാസത്തേയോ പരിശീലനമാണ് അവിടെ നടത്തുന്നത്.
എന്നാൽ, ഈ ചെറിയ കാലയളവിൽ സ്പെയിനിൽ ലക്ഷങ്ങൾ നൽകി കിട്ടുന്ന പരിശീലനം കൊണ്ട് എത്ര കുട്ടികൾക്ക് നേട്ടമുണ്ടായെന്നത് വലിയൊരു ചോദ്യമാണ്. ഫുട്ബാൾ മേഖലയിലുള്ളവരുമായും ഇങ്ങനെ പോയ കുട്ടികളുമായി ബന്ധപ്പെട്ടവരോട് ഈ ചോദ്യം ചോദിച്ചപ്പോൾ മനസ്സിലായത് കാര്യമായി ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നാണ്. കുട്ടികളുടെ ഫുട്ബാൾ ഭ്രമത്തെ അപ്പാടെ ചൂഷണം ചെയ്ത് മാതാപിതാക്കളെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ച് സ്വന്തം സാമ്പത്തിക നേട്ടങ്ങൾക്കായി പ്രവർത്തിക്കുന്ന ഏജൻസികളാണ് ഇതിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്.
മോഹന വാഗ്ദാനങ്ങൾ, പണത്തിനായി നെട്ടോട്ടം
ഇൻസ്റ്റഗ്രാമിലൂടെയും മറ്റ് സമൂഹ മാധ്യമങ്ങളിലൂടെയും പരസ്യങ്ങൾ നൽകി കുട്ടികളെ സെലക്ഷൻ ട്രയൽസിലേക്ക് ആകർഷിപ്പിച്ച് സ്പെയിനിൽ പരിശീലനത്തിന് പണം വാങ്ങി കയറ്റി അയക്കുകയാണ് നിരവധി ഏജൻസികൾ. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനോ സംസ്ഥാന ഫുട്ബാൾ അസോസിയേഷനുകൾക്കോ ഇതിനെക്കുറിച്ച് ഒരു ഔദ്യോഗിക അറിയിപ്പും സ്പെയിനിൽ നിന്നോ മറ്റ് രാജ്യങ്ങളിൽ നിന്നോ ലഭിക്കുന്നുമില്ല. കേരളത്തിലെ വിവിധ ജില്ലകളിൽ പ്രത്യേക സെലക്ഷൻ ട്രയലുകൾ സംഘടിപ്പിച്ച് കുട്ടികൾക്ക് സ്പെയിനിൽ പരിശീലനത്തിന് പങ്കെടുക്കാൻ അവസരം നൽകിയാണ് ചൂഷണം.
നാട്ടിലെ പ്രാദേശിക ക്ലബുകളിൽ പോലും ശരാശരിക്ക് താഴെയുള്ള പ്രകടനം കാഴ്ച വെക്കുന്നവർക്ക്പോലും വിദേശ രാജ്യത്ത് പരിശീലനത്തിന് അവസരം ലഭിക്കുന്നു. കളി നോക്കിയല്ല ഈ തെരഞ്ഞെടുപ്പെന്നും പണം സമ്പാദിക്കാനുള്ള ഏജൻസികളുടെ കുറുക്കു വഴികളാണ് ഇതെന്നും വ്യക്തമാവുകയാണ്. മികച്ച മത്സരം കാഴ്ചവെക്കുന ചില കുട്ടികളും ഇത്തരം കെണിയിൽ വീഴുന്നുണ്ടെന്നതാണ് വാസ്തവം.കഴിഞ്ഞ നവംബറിൽ ചെന്നൈയിൽ നിന്നുള്ള ഇത്തരമൊരു ഏജൻസി പാലക്കാട് ജില്ലയിൽ നടത്തിയ സെലക്ഷൻ ട്രയൽസിൽ കേരളത്തിൽ നിന്ന് 16 പേർക്ക് സ്പെയിനിലേക്ക് അവസരം ലഭിച്ചു.
കഴിഞ്ഞ ഡിസംബറിലും സെലക്ഷൻ ട്രയൽസ് കേരളത്തിൽ നടന്നു. ഈ സെലക്ഷൻ ട്രയൽസിൽ അവസരം ലഭിച്ച മലപ്പുറം ജില്ലയിലെ ഒരു വിദ്യാർഥിയോട് ഒരു മാസത്തെ പരിശീലനത്തിനും ചെലവിനുമായി അഞ്ച് ലക്ഷം രൂപയോളമാണ് ഏജൻസി ആവശ്യപ്പെട്ടത്. ഇത്ര തുക നൽകാൻ പറ്റാത്തതിനാൽ നാട്ടുകാരുടെ സഹായത്തോടെ പണം സ്വരൂപിക്കുകയാണ് കുടുംബം.
ഒരു മാസം സ്പെയിനിൽ പന്ത് തട്ടിയാൽ ‘ഭാവി’ മാറുമോ?
വർഷങ്ങളെടുത്ത് ചിട്ടയായി പഠിപ്പിക്കുന്ന സ്പെയിനിലെ അഞ്ച് വർഷത്തേക്കോ ദീർഘകാലത്തേക്കോ സൗജന്യമായാണ് കൊണ്ടു പോവുന്നത്. അത്തരം ക്ലബുകളിൽ നിന്ന് മികച്ച പരിശീലനവും ഭാവിയും ലഭിക്കുന്നുമുണ്ട്. എന്നാൽ, ഇതേ മാതൃകയിൽ കുട്ടികളെ മോഹിപ്പിച്ച് പണം മാത്രം ലക്ഷ്യമാക്കിയുള്ള ഹ്രസ്വകാല പരിശീലനങ്ങളിൽ പെട്ടുപോവുകയാണ് പല കുട്ടികളും രക്ഷിതാക്കളും. നാല് മുതൽ ഏഴ് ലക്ഷം വരെ നൽകിയാണ് പരിശീലനത്തിന് പോവുന്നത്.
കേവലം ഒന്നോ രണ്ടോ മാസം സ്പെയിനിൽ പന്ത് തട്ടിയാൽ ഈ കുട്ടികളുടെ ഫുട്ബാൾ ഭാവിയിൽ മാറ്റം വരുമോയെന്നാണ് പരിശീലകരും ഈ മേഖലയിലെ പ്രമുഖരും ചോദിക്കുന്നത്. കുട്ടികളുടെ ഫുട്ബാൾ ഇഷ്ടത്തെ ചൂഷണം ചെയ്യുന്നത് അനുവദിച്ചുകൂടാ.
രക്ഷിതാക്കളറിയാൻ
രക്ഷിതാക്കളിൽ വലിയൊരു വിഭാഗത്തിനും ഇത്തരമൊരു ചൂഷണത്തിന്റെ വ്യാപ്തി മനസ്സിലായിട്ടില്ല. സ്പെയിനിൻ പോയി നേരിട്ട് പരിശീലനം കാണാത്തതിനാൽ കുട്ടികൾക്ക് അവിടെ എന്ത് കിട്ടുന്നെന്ന് പലർക്കുമറിയില്ല. തിരിച്ചെത്തിയ കുട്ടികളിൽ പലരും അവിടെ ലഭിച്ച അവസരങ്ങളെക്കുറിച്ച് കൃത്യമായി നാട്ടിൽ പറയുന്നുമില്ല.
ചിലർ ഇത്തരം അവസരങ്ങൾക്കായി സ്പെയിനിൽ പോയി അവിടെ മറ്റ് ജോലികൾ തരപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തി. ഇത്രയൊന്നും പണം മുടക്കാതെ കേരളത്തിൽ തന്നെ മികച്ച അക്കാദമികളും അവസരങ്ങളുമുണ്ടായിട്ടും അതിലൊന്നും വിടാതെ പുതിയ അവസരം തേടിപ്പോവുമ്പോൾ കുട്ടികളുടെ നല്ല ഭാവികൂടി പരിഗണിക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കൾക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.