‘ഇന്ന് ഫുട്ബാൾ ജയിച്ചു’; കോപ്പ കിരീട നേട്ടത്തിനു പിന്നാലെ അർജന്‍റീനയെയും മെസ്സിയെയും പ്രകീർത്തിച്ച് ലമീൻ യമാൽ
text_fieldsമഡ്രിഡ്: കോപ്പ അമേരിക്ക ത്രില്ലർ ഫൈനൽ പോരാട്ടത്തിൽ കൊളംബിയയെ കീഴടക്കി ചാമ്പ്യന്മാരായ അർജന്‍റീനയെയും ഇതിഹാസതാരം ലയണൽ മെസ്സിയെയും പ്രകീർത്തിച്ച് സ്പെയിനിന്‍റെ വണ്ടർ കിണ്ട് ലമീൻ യമാൽ. അധിക സമയത്തേക്കു നീണ്ട പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കൊളംബിയയെ തോല്‍പിച്ചാണ് അര്‍ജന്റീന തങ്ങളുടെ 16ാം കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ടത്.
112ാം മിനിറ്റിൽ പകരക്കാരൻ ലൗതാരോ മാർട്ടിനസാണ് അർജന്റീനക്കായി വിജയ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ മെസ്സി പരിക്കേറ്റു കണ്ണീരോടെ കളം വിട്ടത് ആരാധകരെ നിരാശരാക്കി. കോപ്പയിൽ ഏറ്റവും കൂടുതൽ കിരീടം ചൂടിയ ടീമെന്ന റെക്കോഡും ഇതോടെ അർജന്‍റീന സ്വന്തമാക്കി. 15 കിരീടങ്ങൾ നേടിയ ഉരുഗ്വായിയെയാണ് മെസ്സിയും സംഘവും മറികടന്നത്. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ നേടാനാകാതെ വന്നതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നത്. മണിക്കൂറുകൾക്ക് മുമ്പ് നടന്ന യൂറോ കപ്പ് കലാശപ്പോരിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി സ്പെയിൻ നാലാം കിരീടം സ്വന്തമാക്കിയിരുന്നു.
ചെമ്പടയുടെ കിരീട നേട്ടത്തിൽ കൗമാരതാരം ലമീൻ യമാലിന് നിർണായക പങ്കുണ്ടായിരുന്നു. യുവതാരം നിക്കോ വില്യംസ് നേടിയ ഗോളിന് വഴിയൊരുക്കിയത് യമാലായിരുന്നു. അർജന്‍റീന കോപ്പ കിരീടം ചൂടിയതിനു തൊട്ടുപിന്നാലെയാണ് യമാൽ സമൂഹമാധ്യമമായ എക്സിൽ ടീമിനെ പ്രകീർത്തിച്ച് രംഗത്തുവന്നത്. ‘ഇന്ന് ഫുട്ബാൾ ജയിച്ചു’ എന്നായിരുന്നു താരത്തിന്‍റെ കുറിപ്പ്. ഇതിനൊപ്പം കോപ്പ കിരീടവുമായി നിൽക്കുന്ന മെസ്സിയുടെയും യൂറോ കപ്പ് കിരീടവുമായി നിൽക്കുന്ന തന്‍റെയും ചിത്രവും യമാൽ പങ്കുവെച്ചിട്ടുണ്ട്. യൂറോ കപ്പിലെ യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടതും യമാലായിരുന്നു.
മെസ്സിക്കുശേഷം ലോക ഫുട്ബാളിലെ മറ്റൊരു അദ്ഭുതമായാണ് യമാലിനെ കായികലോകം വിശേഷിപ്പിക്കുന്നത്. പ്രവചനം ശരിവെക്കുന്നതാണ് യൂറോയിലെ താരത്തിന്‍റെ പ്രകടനം. യൂറോ കപ്പിന്‍റെ ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് യമാൽ സ്വന്തമാക്കിയിരുന്നു. സെമി ഫൈനലിൽ ഫ്രാൻസിനെതിരെ 21ാം മിനിറ്റിൽ ഗോൾ നേടിയാണ് താരം ഈ നേട്ടം കൈവരിച്ചത്. യൂറോ ഫൈനലിലും ഫിഫ ലോകകപ്പ് ഫൈനലിലുമായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. 17 വയസ്സും രണ്ടു ദിവസവും. സാക്ഷാൽ പെലെയെയാണ് താരം മറികടന്നത്. പെലെ 17 വയസ്സും 249 ദിവസവും പ്രായമുള്ളപ്പോഴാണ് ലോകകപ്പ് ഫൈനൽ കളിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.