സ്പെയിൻ -ജർമനി പോരാട്ടം അൽപ സമയത്തിനകം; നേർക്കുനേർ വന്നത് 26 തവണ, കണക്കുകളിൽ വമ്പൻ ആര്..?
text_fieldsബർലിൻ: യൂറോ 2024 ക്വാർട്ടർ ഫൈനലിലെ ആദ്യ പോരാട്ടത്തിന് മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ആതിഥേയരായ ജർമനിയും കരുത്തരായ സ്പെയിനും തമ്മിലുള്ള തീപാറും പോരാട്ടം ഇന്ത്യൻ സമയം രാത്രി 9.30ന് സ്റ്റട്ട്ഗാർട്ട് അറീന നടക്കും.
രണ്ടു മുൻ ചാമ്പ്യന്മാർ നേർക്കുനേർ വരുമ്പോൾ ഫലം പ്രവചനാതീതമാണ്. തോൽവി അറിയാതെയാണ് ഇരു ടീമും ക്വാർട്ടറിലെത്തിയത്. നാളിതുവരെ ഇരുടീമും നേർക്കുനേർ വന്നത് 26 തവണയാണ്. അതിൽ ഒൻപത് തവണ ജയം ജർമനിക്കൊപ്പമായിരുന്നു. എട്ടു തവണ സ്പെയിനും ജയിച്ചു. ഒൻപത് തവണ സമനിലയിൽ പിരിഞ്ഞു.
അവസാനമായി ഇരു ടീമും നേർക്ക് വന്ന 2022ലെ ഖത്തർ ലോകകപ്പിലായിരുന്നു. ഒരോ ഗോൾ വീതം അടിച്ച് (1-1) സമനിലയിൽ പിരിഞ്ഞു. അതിന് തൊട്ടുമുൻപ് ഏറ്റുമുട്ടിയ 2020 നവംബറിൽ യുവേഫ നാഷൻസ് ലീഗിൽ എതിരില്ലാത്ത ആറു ഗോളിന് ജർമനി തോറ്റിരുന്നു. ഇരു ടീമും തമ്മിലുള്ള പോരിനിടയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയത് സ്പെയിനാണ് 32 ഗോൾ. 31 ഗോളുകൾ ജർമനിയും നേടി.
യുവനിരയാണ് കരുത്ത്
തോൽവിയറിയാതെ കയറിയെത്തിയവരാണ് സ്പെയിനും ജർമനിയും. കരുത്തരും നിലവിലെ ചാമ്പ്യന്മാരുമായ ഇറ്റലിയും ക്രൊയേഷ്യയും അൽബേനിയയും ആർമഡക്ക് മുന്നിൽ അടിയറവ് പറഞ്ഞു. ജോർജിയയായിരുന്നു പ്രീക്വാർട്ടറിൽ എതിരാളി. ഒരു ഗോൾ വഴങ്ങിയ സ്പാനിഷ് പട തിരിച്ചടിച്ചത് നാലെണ്ണം. അവസാന അഞ്ച് യൂറോകളിൽ നാലിലും സെമി കളിച്ച സ്പെയിൻ ഇത്തവണ ഗ്രൂപ് ഘട്ടത്തിൽ ക്ലീൻ ചിറ്റ് ലഭിച്ചാണ് മുന്നേറിയത്. നാലു കളികളിൽ ആകെ വഴങ്ങിയത് ഒരു ഗോൾ. ഇളമുറക്കാരായ ലമീൻ യമാലും നിക്കൊ വില്യംസും മുന്നേറ്റത്തിലുണ്ടാവും. പരിചയസമ്പന്നരായ ഫെറാൻ ടോറസും ഹൊസേലുവുമൊക്കെ ചേരുമ്പോൾ ചെമ്പട അജയ്യരാവും.
ഗ്രൂപ് ഘട്ടത്തിൽ സ്കോട്ട്ലൻഡിനെയും ഹംഗറിയെയും തകർത്ത ജർമനി സ്വിറ്റ്സർലൻഡിനോട് സമനില വഴങ്ങി. ഡാനിഷ് വെല്ലുവിളി മറികടന്നാണ് അവസാന എട്ടിൽ സീറ്റ് പിടിച്ചത്. ഇതുവരെ അടിച്ചുകൂട്ടിയത് പത്ത് ഗോളുകൾ. വന്നുവീണത് രണ്ടെണ്ണം മാത്രം. ഗോളടി വീരന്മാരായ ജമാൽ മൂസിയാലയിലും കായ് ഹാവർട്ട്സിലും വലിയ പ്രതീക്ഷയർപ്പിക്കുന്നുണ്ട് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.