ബാലൺ ദ്യോർ റോഡ്രിക്ക്; വിനീഷ്യസ് ജൂനിയറിനെ പിന്തള്ളിയാണ് പുരസ്കാരം
text_fieldsപാരീസ്: ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള വിഖ്യാത ഫുട്ബാൾ പുരസ്കാരമായ ബാലൻ ദ്യോറിന് പുതുപുത്തൻ അവകാശി. മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രിയാണ് പുരസ്കാരത്തിനർഹനായത്.
റയൽ മാഡ്രിഡിന്റെ ബ്രസീൽ സൂപ്പർതാരം വിനീഷ്യസ് ജൂനിയറിനെ പിന്നിലാക്കിയാണ് റോഡ്രി ബാലൻ ദ്യോറിൽ കന്നി മുത്തമിട്ടത്.
മാഞ്ചസ്റ്റർ സിറ്റിക്കും സ്പെയിനിനും വേണ്ടി നടത്തിയ പ്രകടനമാണ് റോഡ്രിയെ ലോകഫുട്ബാളിലെ ഏറ്റവും നിറപകിട്ടാർന്ന വ്യക്തിഗത പുരസ്കാരം തേടിയെത്തിയത്. 2023 ആഗസ്റ്റ് ഒന്ന് മുതൽ 2024 ജൂലായ് 31 വരെയുള്ള കാലയളവിലെ പ്രകടനം അടിസ്ഥാനമാക്കി ഫ്രഞ്ച് മാസികയായ ഫ്രാൻസ് ഫുട്‌ബോളാണ് പുരസ്കാരം നൽകുന്നത്.
യൂറോ കപ്പ് ഉൾപ്പെടെ അഞ്ച് കിരീടങ്ങൾ 2023-24 സീസണിൽ നേടിയിരുന്നു റോഡ്രി. ഡിഫൻസീവ് മിഡ്ഫീൽഡർ ആയിരുന്നിട്ട് വരെ 12 ഗോളും ഒപ്പം 13 അസിസ്റ്റും താരം സംഭാവന നൽകി. നീണ്ട കാലത്തിനു ശേഷമാണ് ഒരു സ്പാനിഷ് താരം ബാലൺ ദി ഓർ സ്വന്തമാക്കുന്നത്.
2003ന് ശേഷം ഇതാദ്യമായി അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസ്സിയോ പോർചുഗലിന്റെ വിഖ്യാത പ്രതിഭ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ഉൾപ്പെടാത്ത പട്ടികയാണ് ഇത്തവണ ബാലൺ ദ്യോറിന് പരിഗണിച്ചത്. മെസ്സി എട്ടുതവണയും ക്രിസ്റ്റ്യാനൊ അഞ്ച് തവണയും നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.