പോർച്ചുഗലിനെ തകർത്ത് സ്പെയിനിന്റെ കുതിപ്പ്
text_fieldsയുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലിനെ മറുപടിയില്ലാത്ത ഏക ഗോളിന് തകർത്ത് അവസാന നാലിലേക്ക് മുന്നേറി സ്പെയിൻ. 88ാം മിനിറ്റിൽ അൽവാരോ മൊറാറ്റ നേടിയ ഗോളാണ് സ്പാനിഷ് ടീമിന് തുണയായത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെ കളത്തിലിറങ്ങിയിട്ടും 32 ശതമാനം മാത്രമാണ് പോർച്ചുഗൽ കളിക്കാർക്ക് പന്ത് കൈവശം വെക്കാനായത്.
ആറാം മിനിറ്റിൽ തന്നെ റൊണാൾഡോ ഷോട്ടുതിർത്തെങ്കിലും ഓഫ്സൈഡ് കെണിയിൽ കുടുങ്ങി. 24ാം മിനിറ്റിൽ റൂബൻ നെവസിന് മികച്ച അവസരം ലഭിച്ചെങ്കിലും ഷോട്ട് സ്പെയിൻ ഗോൾകീപ്പർ സൈമൺ തടഞ്ഞിട്ടു. 33ാം മിനിറ്റിൽ ലിവർപൂൾ താരം ഡീഗോ ജോട്ടക്കും 48ാം മിനിറ്റിൽ റൊണാൾഡോക്കും ലഭിച്ച സുവർണാവസരങ്ങളും സ്പെയിൻ ഗോൾകീപ്പർ തടഞ്ഞിട്ടു.
അതേസമയം, സ്പെയിൻ നിരന്തരം ആക്രമിച്ചുകയറി പറങ്കികളെ സമ്മർദത്തിലാക്കി. 42ാം മിനിറ്റിൽ ഫെറാൻ ടോറസിന് ലഭിച്ച അവസരം ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 72ാം മിനിറ്റിൽ ഡാനി കാർവജലിന് ലഭിച്ച അവസരം പോർച്ചുഗൽ പ്രതിരോധത്തിൽ തട്ടി മടങ്ങി. കളി തീരാൻ രണ്ട് മിനിറ്റ് മാത്രം ശേഷിക്കെ വില്യംസിന്റെ ഹെഡർ മൊറാട്ടയുടെ കാലിലെത്തുകയും ക്ലോസ് റേഞ്ചിൽ നിന്ന് വലയിലേക്ക് പന്തടിച്ചുകയറ്റുകയുമായിരുന്നു. സ്പെയിൻ 10 ഷോട്ടുതിർത്തപ്പോർ പോർച്ചുഗൽ ഒമ്പതെണ്ണവുമായി ഒപ്പം നിന്നു.
സ്പെയിനിന് പുറമെ ഇറ്റലി, നെതർലാൻഡ്, ക്രെയേഷ്യ ടീമുകളാണ് അടുത്ത ജൂണിൽ നടക്കുന്ന നേഷൻസ് കപ്പ് ഫൈനൽസിന് യോഗ്യത നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.