സ്പാനിഷ് കോപ ഡെൽ റേ: റയൽ മുന്നോട്ട്, ബാഴ്സയുടെ കഷ്ടകാലം തുടരുന്നു
text_fieldsമഡ്രിഡ്: സ്പാനിഷ് കോപ ഡെൽ റേയിൽ കരുത്തരായ റയൽ മഡ്രിഡ് ക്വാർട്ടർ ഫൈനലിലേക്കു മുന്നേറിയപ്പോൾ ബാഴ്സലോണ പുറത്തായി. അധികസമയത്തേക്ക് നീണ്ട പ്രീക്വാർട്ടർ പോരാട്ടങ്ങളിൽ റയൽ 2-1ന് എൽചെയെ തോൽപിച്ചപ്പോൾ ബാഴ്സ 3-2ന് അത്ലറ്റികോ ബിൽബാവോയോടാണ് തോറ്റത്.
കോപ ഡെൽ റേയിലെ തോൽവിയോടെ ബാഴ്സയുടെ കഷ്ടകാലം തുടരുകയാണ്. ലാ ലിഗയിൽ മുന്നിലുള്ള റയലിനെക്കാൾ 17 പോയന്റ് പിറകിൽ ആറാമതുള്ള ബാഴ്സക്ക് കിരീടപ്രതീക്ഷയില്ല. ചാമ്പ്യൻസ് ലീഗിലും സ്പാനിഷ് സൂപ്പർ കപ്പിലും പുറത്തായിക്കഴിഞ്ഞു. യൂറോപ ലീഗ് മാത്രമാണ് ബാഴ്സക്ക് പ്രതീക്ഷ അവശേഷിക്കുന്ന ടൂർണമെന്റ്. പരിക്കും ഫോമില്ലായ്മയും കാരണം സീസണിൽ ഇതുവരെ കാര്യമായി തിളങ്ങാതിരുന്ന ഇസ്കോയുടെയും എഡൻ ഹസാഡിന്റെയും ഗോളുകളിലായിരുന്നു റയലിന്റെ വിജയം.
ഗോൾരഹിതമായ നിശ്ചിത സമയത്തിനുശേഷം അധിക സമയത്തായിരുന്നു മൂന്നു ഗോളുകളും. ഗോൺസാലോ വെർഡുവിന്റെ ഗോളിൽ 103-ാം മിനിറ്റിൽ എൽചെയാണ് ലീഡെടുത്തത്. എന്നാൽ, 108ാം മിനിറ്റിൽ ഇസ്കോയുടെയും 115ാം മിനിറ്റിൽ ഹസാഡിന്റെയും ഗോളുകളിൽ റയൽ ജയത്തിലെത്തി. 102ാം മിനിറ്റിൽ റയലിന്റെ മാഴ്സലോയും 120ാം മിനിറ്റിൽ എൽചെയുടെ പിർ മിയ്യയും ചുവപ്പുകാർഡ് കണ്ടു.
ബാഴ്സക്കെതിരെ രണ്ടാം മിനിറ്റിൽതന്നെ ഇകർ മുനിയന്റെ ഗോളിൽ ബിൽബാവോ ലീഡെടുത്തിരുന്നു. എന്നാൽ, അടുത്തിടെ മാഞ്ചസ്റ്റർ സിറ്റിയിൽനിന്നെത്തിയ ഫെറാൻ ടോറസിന്റെ ഗോളിൽ 20ാം മിനിറ്റിൽ ബാഴ്സ ഒപ്പമെത്തി. കളി 1-1ന് സമനിലയിലേക്കു നീങ്ങവെ അവസാന മിനിറ്റുകളിൽ വീണ്ടും ഗോളുകൾ വീണു. 86-ാം മിനിറ്റിൽ ഇനിഗോ വില്യംസിന്റെ ഗോളിൽ മുന്നിൽ കടന്ന ബിൽബാവോയെ ഇഞ്ചുറി സമയത്ത് പെഡ്രിയുടെ ഗോളിൽ ബാഴ്സ പിടിച്ചുകെട്ടി.
ഇതോടെ അധികസമയത്തേക്കു നീണ്ട കളിയിൽ 106ാം മിനിറ്റിൽ ജോർഡി ആൽബയുടെ കൈയിൽ ബോക്സിൽവെച്ച് പന്ത് തട്ടിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മുനിയനാണ് ബിൽബാവോക്ക് ജയം സമ്മാനിച്ചത്.ക്വാർട്ടറിൽ ബിൽബാവോയാണ് റയലിന്റെ എതിരാളികൾ. റയോ വയ്യെകാനോ-മയ്യോർക, റയൽ സോസിഡാഡ്-റയൽ ബെറ്റിസ്, വലൻസിയ-കാഡിസ് എന്നിവയാണ് മറ്റു ക്വാർട്ടറുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.