യമാൽ ഇറങ്ങിയിട്ടും രക്ഷയില്ല; 53 വർഷത്തിനുശേഷം ബാഴ്സയെ അട്ടിമറിച്ച് ലാസ് പാൽമാസ്
text_fieldsമഡ്രിഡ്: പരിക്കുമാറി കൗമാരതാരം ലമീൻ യമാൽ കളിക്കാനിറങ്ങിയിട്ടും ലാ ലിഗയിൽ കരുത്തരായ ബാഴ്സലോണക്ക് സ്വന്തം തട്ടകത്തിൽ ഞെട്ടിക്കുന്ന തോൽവി. ദുർബലരായ ലാസ് പാൽമാസ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഹാൻസ് ഫ്ലിക്കിനെയും സംഘത്തെയും അട്ടിമറിച്ചത്.
53 വർഷത്തിനിടെ ലാസ് പാൽമാസ് ആദ്യമായാണ് ബാഴ്സക്കെതിരെ ജയിക്കുന്നത്. കഴിഞ്ഞ 20 തവണ ഏറ്റുമുട്ടിയപ്പോഴും 18 തവണ ജയം ബാഴ്സക്കൊപ്പമായിരുന്നു. രണ്ടു മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. 1971 സെപ്റ്റംബറിലാണ് ഇതിനു മുമ്പ് ലാസ് പാൽമാസ് ബാഴ്സയെ തോൽപിച്ചത്. ലാ ലിഗയിൽ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ബാഴ്സയുടെ രണ്ടാമത്തെ തോൽവിയാണിത്. ഒരു മത്സരം സമനിലയിലും കലാശിച്ചു.
ലീഡുമായി ഒന്നാം സ്ഥാനത്ത് കുതിച്ചിരുന്ന ടീമിന്‍റെ തോൽവി കിരീട പ്രതീക്ഷക്ക് തിരിച്ചടിയായി. ബാഴ്സ 34 പോയന്‍റുമായി ഒന്നാം സ്ഥാനത്താണെങ്കിലും 30 പോയന്‍റുമായി രണ്ടാമതുള്ള റയലിനേക്കാൾ രണ്ടു മത്സരങ്ങൾ അധികം കളിച്ചിട്ടുണ്ട്. സാന്ദ്രോ റമീറസ് (49ാം മിനിറ്റിൽ), ഫാബിയോ സിൽവ (67ാം മിനിറ്റിൽ) എന്നിവരാണ് സന്ദർശകർക്കായി വലകുലുക്കിയത്. ബ്രസീൽ താരം റാഫിഞ്ഞ (61ാം മിനിറ്റിൽ) ബാഴ്സക്കായി ആശ്വാസ ഗോൾ നേടി.
മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ബാഴ്സ ബഹുദൂരം മുന്നിൽനിന്നെങ്കിലും ക്ലബ് ഫുട്ബാളിലെ സൂപ്പർ താരങ്ങൾ അണിനിരന്ന ടീം ഗോളടിക്കാൻ മറന്നു. 70 ശതമാനമാണ് ബാഴ്സയുടെ പന്തടക്കം. 27 തവണയാണ് ഷോട്ടു തൊടുത്തത്. എന്നാൽ, ലാസ് പാൽമാസിന്‍റെ കണക്കിൽ അഞ്ചെണ്ണം മാത്രം.
കഴിഞ്ഞ ലാ ലിഗ മത്സരത്തിൽ ബാഴ്സയെ സെൽറ്റ വിഗോ സമനിലയിൽ തളച്ചിരുന്നു. അതിനു മുമ്പത്തെ മത്സരത്തിൽ റയൽ സോസിഡാഡിനോട് ഒരു ഗോളിന് പരാജയപ്പെട്ടു. കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ടീമിന്റെ കഴിഞ്ഞ മൂന്ന് കളികളിൽ യമാൽ കളിച്ചിരുന്നില്ല. സ്പെയിൻ ദേശീയ ടീമിനൊപ്പം ഡെന്മാർക്ക്, സ്വിറ്റ്സർലൻഡ് എന്നിവക്കെതിരായ കളികളിലും പുറത്തിരുന്നു. വിങ്ങുകൾ കേന്ദ്രീകരിച്ചുള്ള കുതിപ്പുകളുടെ ചുക്കാൻ പിടിച്ച പയ്യന്റെ അഭാവം ബാഴ്സ മുന്നേറ്റങ്ങളിൽ ശൂന്യത തീർത്തിരുന്നു. ലാസ് പാൽമാസിനെതിരെ മത്സരത്തിൽ പകരക്കാരനായി 46ാം മിനിറ്റിലാണ് യമാൽ കളത്തിലിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.