സിൽവക്ക് സങ്കട മടക്കം; പരിക്കിനെത്തുടർന്ന് കളി നിർത്തി സ്പാനിഷ് താരം
text_fieldsമഡ്രിഡ്: പ്രീ സീസൺ പരിശീലനത്തിനിടെ പരിക്കേറ്റ വിഖ്യാത സ്പാനിഷ് മിഡ്ഫീൽഡർ ഡേവിഡ് സിൽവ ഫുട്ബാൾ കരിയർ അവസാനിപ്പിച്ചു. സ്പെയിൻ ദേശീയ ടീമിൽ അംഗമായി ഒരു ലോകകപ്പും രണ്ട് യൂറോ കിരീടങ്ങളും നേടിയ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച മധ്യനിര താരങ്ങളിലൊരാളാണ്. സ്പാനിഷ് ലാലിഗയിൽ റയൽ സോസിഡാഡിനായി നാലാം സീസണിന് തയാറെടുക്കവെയാണ് കഴിഞ്ഞയാഴ്ച കാൽമുട്ടിന് ഗുരുതര പരിക്കേൽക്കുന്നത്. ഇതോടെ 37ാം വയസ്സിൽ കളി മതിയാക്കാൻ നിർബന്ധിതനായി.
“ഇന്ന് എനിക്ക് സങ്കടകരമായ ദിവസമാണ്. എന്റെ ജീവിതം മുഴുവൻ ഞാൻ സമർപ്പിച്ചതിനോട് വിടപറയാനുള്ള സമയമാണിത് ” സിൽവ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു. ലാ ലിഗയിൽ റയൽ സോസിഡാഡിനെ നാലാം സ്ഥാനത്തെത്തിച്ച ശേഷം ചാമ്പ്യൻസ് ലീഗിന് തയാറെടുക്കുകയായിരുന്നു താരം. 2008 യൂറോപ്യൻ ചാമ്പ്യൻഷിപ്, 2010 ലോകകപ്പ്, യൂറോ 2012 എന്നിവയിൽ നിന്ന് കിരീടം നേടിയ സ്പാനിഷ് ടീമിലെ പ്രധാന സാന്നിധ്യമായിരുന്നു.
മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ഒരു ദശാബ്ദത്തിനിടെ നാല് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്. ആദരമായി ഇത്തിഹാദ് സ്റ്റേഡിയത്തിന് പുറത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചു ക്ലബ്. 2003ൽ വലൻസിയയിലായിരുന്നു സീനിയർ കരിയറിന്റെ തുടക്കം. പിന്നീട് സ്പെയിനിലെത്തന്നെ എയ്ബർ, സെൽറ്റ ക്ലബുകൾക്കായി കളിച്ച് ഇംഗ്ലണ്ടിലേക്ക്. 2010 മുതൽ ’20 വരെ 309 മത്സരങ്ങളിൽ സിറ്റിയുടെ ജഴ്സിയണിഞ്ഞ സിൽവ, 60 ഗോളും സ്വന്തം പേരിൽ കുറിച്ചു. സ്പെയിനിന് വേണ്ടി 2006-’18 കാലഘട്ടത്തിൽ 125 അന്താരാഷ്ട്ര മത്സരങ്ങളിൽ 35 ഗോളും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.