പത്തു ലക്ഷം കടന്ന് കാണികൾ; ഗാലറി നിറഞ്ഞ് ഖത്തർ
text_fieldsഏഷ്യൻ കപ്പിലെ കാണികളുടെ പങ്കാളിത്തം പുതിയ റെക്കോഡ് കുറിച്ചുള്ള അറിയിപ്പ് അൽ ബെയ്ത് സ്റ്റേഡിയത്തിലെ സ്ക്രീനിൽ തെളിഞ്ഞ നിമിഷം
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിൽ ഗാലറിയിലെ കാണികളുടെ പങ്കാളിത്തത്തിൽ പുതിയ റെക്കോഡ് കുറിച്ച് ഖത്തറിലെ ഫുട്ബാൾ മേള. തിങ്കളാഴ്ച രാത്രി അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ഖത്തറും ഫലസ്തീനും തമ്മിലെ പ്രീക്വാർട്ടർ മത്സരത്തോടെ പതിനെട്ടാമത് ഏഷ്യൻ കപ്പിനെത്തിയ കാണികളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. ടൂർണമെന്റിലെ 40 മത്സരങ്ങൾ തികഞ്ഞ ദിനത്തിലാണ് കാണികളുടെ പങ്കാളിത്തം 10.68 ലക്ഷം തികഞ്ഞത്.
കളിയവസാനിക്കാൻ പതിനൊന്ന് മത്സരങ്ങൾ ബാക്കിനിൽക്കെയാണ് ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കാണികളുടെ റെക്കോഡുമായി ഖത്തർ 2023 ചരിത്രം കുറിച്ചത്. 2004 ചൈന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആകെ മത്സരങ്ങളിലായി 10.40 ലക്ഷം കാണികളാണ് മുഴുവൻ മത്സരങ്ങൾക്കുമായി എത്തിയത്.
അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ഖത്തറും ഫലസ്തീനും തമ്മിലെ മത്സരത്തിന് 63,753 പേരാണ് എത്തിയത്. ജനുവരി 12ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഖത്തർ-ലബനാൻ ഉദ്ഘാടന മത്സരവും കാണികളുടെ എണ്ണത്തിൽ ഏഷ്യൻ കപ്പിലെ പുതിയ റെക്കോഡ് കുറിച്ചിരുന്നു. 82,490 പേരാണ് അന്ന് എത്തിയത്.
ഖത്തറിലെ കാണികളുടെ സാന്നിധ്യത്തെ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഡാറ്റുക് സെരി വിൻസർ ജോൺ അഭിനന്ദിച്ചു. തുടക്കം മുതൽ ഖത്തർ പതിപ്പിലെ കാണികളുടെ പങ്കാളിത്തം അമ്പരപ്പിക്കുന്നതായിരുന്നു. ഏഷ്യൻ കപ്പ് ചരിത്രത്തിലെ ഏറ്റവും സജീവവും ആഘോഷവും നിറഞ്ഞ ടൂർണമെന്റായി ഇതു മാറി. ജനങ്ങളെ ഒന്നിപ്പിക്കാനുള്ള അനിഷേധ്യമായൊരു ശേഷി ഫുട്ബാളിനുണ്ട്. ഖത്തറിലൂടെ അത് ഒരിക്കൽ കൂടി പ്രകടമാവുകയാണ് -വിൻസർ ജോൺ പറഞ്ഞു.
ഖത്തർ ഫുട്ബാൾ അസോസിയേഷൻ, എ.എഫ്.സി ഖത്തർ 2023 പ്രാദേശിക സംഘാടക സമിതി എന്നിവരുടെ സംഘാടന മികവിനെയും അദ്ദേഹം അഭിനന്ദിച്ചു. ഓരോ മത്സരങ്ങൾക്കുമായി ശരാശരി 26,672 കാണികൾ ഗാലറിയിലെത്തുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 40 മത്സരങ്ങൾ പിന്നിട്ടപ്പോൾ ഡിജിറ്റൽ ലോകത്തും ഏഷ്യൻ കപ്പ് ശ്രദ്ധേയമായി മാറി. ഇതിനകം 150 കോടിയാണ് ഏഷ്യൻ കപ്പിന്റെ ഡിജിറ്റൽ ഇടപെടലായി അടയാളപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.