യോഗ്യർ ശ്രീനിധി: ക്വാളിഫയറിൽ നെരോകയെ 4-2ന് വീഴ്ത്തി കടന്ന് സൂപ്പർ കപ്പ് യോഗ്യത
text_fieldsമഞ്ചേരി: സൂപ്പർ കപ്പ് യോഗ്യതയിൽ ഐ ലീഗ് ടീമുകളുടെ സൂപ്പർ പോരിൽ ശ്രീനിധി ഡെക്കാന് കളംനിറഞ്ഞ വിജയം. ബുധനാഴ്ച വൈകീട്ട് പയ്യനാട്ട് നടന്ന ഒന്നാം ക്വാളിഫയർ മത്സരത്തിൽ നെരോക എഫ്.സിയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തറപറ്റിച്ചാണ് ശ്രീനിധി ഡെക്കാൻ യോഗ്യത നേടിയത്.
ആദ്യ പകുതിയിൽ 37ാം മിനിറ്റിൽ ശ്രീനിധിയുടെ അഫ്ഗാൻ മിഡ്ഫീൽഡർ ഫൈസൽ ശായ്സ്തയാണ് ഗോളടിക്ക് തുടക്കമിട്ടത്. രണ്ടാം പകുതിയിൽ 54ാം മിനിറ്റിൽ ക്യാപ്റ്റൻ ഡേവിഡ് മുനോസ് പൈനാൽറ്റി കിക്കിലൂടെ ഗോളെണ്ണം രണ്ടാക്കി. തുടർന്ന് പൊരുതിക്കളിച്ച നെരോകയെ നിരാശരാക്കി 90ാം മിനിറ്റിലും അധികസമയത്തും പകരക്കാരനായിറങ്ങിയ റിൽവാൻ ഹസൻ ശ്രീനിധിക്കായി രണ്ട് ഗോളുകൾകൂടെ അടിച്ചെടുത്ത് സുപ്പർ ടിക്കറ്റ് ഉറപ്പിച്ചു.
രണ്ടാം പകുതിയിൽ 60ാം മിനിറ്റിൽ ടാങ്ങ്വറാഗുവും 79ാം മിനിറ്റിൽ ബെഞ്ചമിനും നെരോകയുടെ ആശ്വാസ ഗോളുകൾ നേടി. കളി തുടങ്ങിയപ്പോൾ പ്രതിരോധത്തിലൂന്നി കളിച്ച ശ്രീനിധി ഡെക്കാൻ പിന്നീട് ആക്രമണ ഫുട്ബാൾ കാഴ്ചവെക്കുകയായിരുന്നു.
തണുത്ത തുടക്കം, ഒടുക്കം ശ്രീനിധി
ആദ്യ പകുതിയുടെ തുടക്കത്തിൽ 25 മിനിറ്റോളം തണുത്ത് കളിച്ച ശ്രീനിധി ഡെക്കാൻ എഫ്.സി പിന്നീട് മികച്ച നീക്കങ്ങളോടെ നെരോക എഫ്.സിയെ വരിഞ്ഞുമുറുക്കുകയായിരുന്നു. 20ാം മിനിറ്റിൽ നെരോകയുടെ മിഡ്ഫീൽഡർ ടാങ്വ നൽകിയ ക്രോസിൽനിന്ന് സ്ട്രൈക്കർ തോംയോ ഷിമ്രായിയുടെ ഒരു ഷോട്ട് മാത്രമാണ് ആദ്യപകുതിയിൽ ശ്രീനിധി ഡെക്കാന്റെ പ്രതിരോധത്തെ ഭയപ്പെടുത്തിയത്.
35ാം മിനിറ്റിൽ, കളം നിറഞ്ഞ് കളിച്ച ശ്രീനിധി ഡെക്കാന്റെ അഫ്ഗാൻ താരം ഫൈസൽ ശായ്സ്ത ബോക്സിനുള്ളിൽനിന്ന് പായിച്ച ഷോട്ട് നെരോക ഗോളി ശുഭം ദാസ് കൈകളിലൊതുക്കി. 37ാം മിനിറ്റിൽ ശ്രീനിധിയുടെ മുന്നേറ്റങ്ങൾക്ക് ഫലമുണ്ടായി. മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് റാംലുംചുംഗ നൽകിയ പാസ് സ്വീകരിച്ച് ബോക്സ് ലൈനിൽനിന്ന് ഫൈസൽ ശായ്സ്ത നീട്ടിയടിച്ച ഷോട്ട് നെരോകയുടെ പ്രതിരോധത്തെ മറികടന്ന് ഗോൾപോസ്റ്റിലേക്ക് ഉരുണ്ടുകയറി.
ഒരു ഗോളിന് ലീഡായ ശ്രീനിധിയുടെ പോസ്റ്റിലേക്ക് ചെറിയ ഭീഷണികൾ തീർത്ത് നെരോകൻ മുന്നേറ്റനിര കുതിച്ചെങ്കിലും പ്രതിരോധം മറികടക്കാനായില്ല. 44ാം മിനിറ്റിൽ ശ്രീനിധിയുടെ ഫൈസൽ ശായ്സ്തയുടെ തന്ത്രപരമായ നീക്കത്തിനൊടുവിൽ ക്യാപ്റ്റൻ ഡേവിഡ് മുനോസിന് ഹെഡ് ചെയ്യാൻ അവസരം ലഭിച്ചെങ്കിലും ഗോളാക്കാൻ മാത്രം വേഗമുണ്ടായില്ല.
പോരാട്ടത്തിന്റെ രണ്ടാം പാതി
ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിട്ട നെരോകൻ ടീം ഗോൾ മടക്കാനുള്ള ശ്രമങ്ങളുമായി പൊരിഞ്ഞ കളി പുറത്തെടുക്കുന്നതാണ് രണ്ടാം പകുതിയിൽ കണ്ടത്. ഇതിനിടെ നെരോകൻ പോസ്റ്റിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിലൂടെ ശ്രീനിധി ലീഡ് രണ്ടായുയർത്തി.
പെനാൽറ്റി കിക്കെടുത്ത ശ്രീനിധി ക്യാപ്റ്റൻ ഡേവിഡ് മുനോസ് അനായാസം ഗോൾ നേടുകയായിരുന്നു (2-0). തുടർന്ന് നെരോകൻ താരങ്ങൾ ശ്രീനിധിയുടെ പോസ്റ്റിലേക്ക് നിരന്തരം കടന്നുകയറിയത് കളി ആവേശത്തിലാക്കി.
66ാം മിനിറ്റിൽ നെരോകൻ മിഡ്ഫീൽഡർ ടാങ്വാറാഗുവിന്റെ ബോക്സിനു പുറത്ത് നിന്നുള്ള കനത്തിലുള്ള ഷോട്ട് ഗോളായി (2-1). 79ാം മിനിറ്റിൽ ശ്രീനിധിയുടെ പ്രതിരോധത്തിൽനിന്ന് തിരിച്ചുവന്ന പന്ത് നെരോക മിഡ്ഫീൽഡർ ബെഞ്ചമിൻ സമയം വൈകാതെ പോസ്റ്റിലേക്ക് അടിച്ചുകയറ്റി. ഇതോടെ ഇരുടീമും രണ്ട് ഗോളടിച്ച് ഒപ്പത്തിനൊപ്പമായി. തുടർന്ന് വിജയഗോളിനായുള്ള പെരുങ്കളിയായിരുന്നു.
കളിയുടെ 90-ാം മിനിറ്റിൽ ശ്രീനിധി പകരക്കാരനായി ഇറക്കിയ നൈജീരിയൻ താരം റിൽവാൻ ഹസൻ മൂന്നാം ഗോൾ നേടി കളിയിൽ അപ്രതീക്ഷിത ട്വിസ്റ്റുണ്ടാക്കി. ഇതോടെ പരാജയം സമ്മതിച്ച നെരോകയുടെ പ്രതിരോധനിരയെ വീണ്ടും പരീക്ഷിച്ച് ശ്രീനിധിയുടെ റിൽവാൻ ഹസൻ വീണ്ടും സ്കോർ ചെയ്ത് ഗോളെണ്ണം നാലാക്കി മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.