ഖത്തറിലെ മുത്തുകൾ
text_fieldsഫുട്ബാൾ, ടീം ഗെയിമാണെന്ന് ഏത് കാൽപന്തുപ്രേമിക്കുമറിയാം. ടീമിലെ 11 പേരും ഒരേ മനസ്സോടെ പന്തിന് പിറകെ പായുമ്പോഴാണ് ഏതൊരു കളിസംഘവും വിജയത്തിലേക്ക് മുന്നേറുന്നത്. എന്നാലും കളിയുടെ രസച്ചരട് പൊട്ടാതെ നോക്കുന്നതിലും എതിരാളികളുടെ കോട്ടകൊത്തളങ്ങൾ തകർക്കുന്നതിലും എതിർമുന്നേറ്റങ്ങളുടെ മുനയൊടിക്കുന്നതിലും അസാമാന്യ വൈഭവമുള്ള ചില കളിക്കാരുണ്ടാവും. അവരാവും ടീമിന്‍റെ ഭാഗഥേയം നിർണയിക്കുക. അതിലുപരി കളിയാരാധകരുടെ മനസ്സകങ്ങളിൽ കൂടുകെട്ടുന്നതും അവരുടെ നീക്കങ്ങളാവും. ഖത്തറിലെ പുൽമൈതാനങ്ങളിൽ ഏഷ്യൻ കപ്പിന് കേളികൊട്ടുയരുമ്പോൾ വിവിധ രാജ്യങ്ങളുടെ പ്രതീക്ഷകൾ ചുമലിലേറ്റുന്ന ചിലരെ പരിചയപ്പെടാം.
1. സൺ ഹ്യൂങ് മിൻ (ദക്ഷിണ കൊറിയ)
ഏഷ്യൻ കപ്പിനെത്തുന്ന മിന്നും താരം ആരെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ. ദക്ഷിണ കൊറിയയുടെ സൺ ഹ്യൂങ് മിൻ. ആറു പതിറ്റാണ്ടിനുശേഷം ഏഷ്യൻ കപ്പിൽ കിരീടമുത്തം സ്വപ്നം കാണുന്ന ദക്ഷിണ കൊറിയയുടെ സ്വപ്നനായകനാണ് ഒരു വ്യാഴവട്ടം മുമ്പ് ഖത്തറിൽ തന്നെ നടന്ന ടൂർണമെന്‍റിൽ ദേശീയ ജഴ്സിയിൽ ആദ്യ ഗോൾ സ്കോർ ചെയ്ത സൺ. 2011ൽ ഇന്ത്യക്കെതിരെ ഗ്രൂപ് മത്സരത്തിൽ 4-1ന് ജയിച്ച കളിയിൽ പകരക്കാരനായി ഇറങ്ങിയായിരുന്നു സണിന്‍റെ കന്നി അന്താരാഷ്ട്ര ഗോൾ.
2. അലി മബ്ഖൂത്ത് (യു.എ.ഇ)
ഖത്തർ ലോകകപ്പിൽ ലോക ചാമ്പ്യന്മാരായ അർജന്‍റീനയെ ഗ്രൂപ് ഘട്ടത്തിൽ സൗദി അറേബ്യ മറിച്ചിട്ടപ്പോൾ മനോഹരമായ ഗോളോടെ അതിന് ചുക്കാൻ പിടിച്ചത് സാലിം അൽ ദൗസരിയായിരുന്നു. മെസ്സിയുടെ ഗോളിന് സാലിഹ് അൽ ഷഹ്രി മറുപടി നൽകിയശേഷം അൽദൗസരിയുടെ ഷോട്ട് അർജന്‍റീന ഗോളി എമിലിയാനോ മാർട്ടിനെസിനെ മറികടന്ന് വലക്കണ്ണികളിൽ മുത്തമിട്ടപ്പോൾ കാൽപന്തുലോകം അമ്പരന്നുനിന്നു.
ഒരിക്കൽ കൂടി അതേ മണ്ണിൽ സൗദി ഇറങ്ങുമ്പോൾ കിരീടപ്രതീക്ഷകൾ അൽദൗസരിയുടെ ചുമലിലാണ്. ലോകോത്തര താരങ്ങളുടെ വരവോടെ പകിട്ടേറിയ സൗദി പ്രോ ലീഗിലും മിന്നും താരമാണ് അൽഹിലാലിന്‍റെ കുപ്പായമണിയുന്ന 32കാരൻ. ഇത്തവണത്തെ ഏഷ്യയിലെ മികച്ച താരത്തിനുള്ള പുരസ്കാരവും അൽദൗസരിക്കായിരുന്നു. 27 വർഷമായി ഏഷ്യൻ കപ്പ് നേടിയിട്ടില്ലാത്ത സൗദി നാലാം കിരീടത്തിനായി ഖത്തറിൽ ബൂട്ടുകെട്ടുമ്പോൾ പ്രതീക്ഷകളേറെയും കൂടുകെട്ടുന്നത് അൽ ദൗസരിയിലാണ്.
3. സാലിം അൽ ദൗസരി (സൗദി അറേബ്യ)
ഖത്തർ ലോകകപ്പിൽ ലോക ചാമ്പ്യന്മാരായ അർജന്‍റീനയെ ഗ്രൂപ് ഘട്ടത്തിൽ സൗദി അറേബ്യ മറിച്ചിട്ടപ്പോൾ മനോഹരമായ ഗോളോടെ അതിന് ചുക്കാൻ പിടിച്ചത് സാലിം അൽ ദൗസരിയായിരുന്നു. മെസ്സിയുടെ ഗോളിന് സാലിഹ് അൽ ഷഹ്രി മറുപടി നൽകിയശേഷം അൽദൗസരിയുടെ ഷോട്ട് അർജന്‍റീന ഗോളി എമിലിയാനോ മാർട്ടിനെസിനെ മറികടന്ന് വലക്കണ്ണികളിൽ മുത്തമിട്ടപ്പോൾ കാൽപന്തുലോകം അമ്പരന്നുനിന്നു.
ഒരിക്കൽ കൂടി അതേ മണ്ണിൽ സൗദി ഇറങ്ങുമ്പോൾ കിരീടപ്രതീക്ഷകൾ അൽദൗസരിയുടെ ചുമലിലാണ്. ലോകോത്തര താരങ്ങളുടെ വരവോടെ പകിട്ടേറിയ സൗദി പ്രോ ലീഗിലും മിന്നും താരമാണ് അൽഹിലാലിന്‍റെ കുപ്പായമണിയുന്ന 32കാരൻ. ഇത്തവണത്തെ ഏഷ്യയിലെ മികച്ച താരത്തിനുള്ള പുരസ്കാരവും അൽദൗസരിക്കായിരുന്നു. 27 വർഷമായി ഏഷ്യൻ കപ്പ് നേടിയിട്ടില്ലാത്ത സൗദി നാലാം കിരീടത്തിനായി ഖത്തറിൽ ബൂട്ടുകെട്ടുമ്പോൾ പ്രതീക്ഷകളേറെയും കൂടുകെട്ടുന്നത് അൽ ദൗസരിയിലാണ്.
4. മാത്യു റയാൻ (ആസ്ട്രേലിയ)
2015ൽ ആൻഗെ പോസ്റ്റെകോഗ്ലുവിന്റെ പരിശീലനത്തിൽ ആസ്ട്രേലിയ ആദ്യമായി ഏഷ്യൻ കപ്പ് ചാമ്പ്യന്മാരായപ്പോൾ ബാറിനുകീഴിൽ മാത്യൂ റയാനായിരുന്നു. കഴിഞ്ഞ രണ്ടു ലോകകപ്പുകളിൽ സോക്കറൂസിനായി വല കാത്തതും മറ്റാരുമായിരുന്നില്ല. സ്വന്തം നാട്ടിൽ നേടിയ കിരീടം യു.എ.ഇയിൽ നഷ്ടമായത് തിരിച്ചുപിടിക്കാൻ ഖത്തറിലെത്തുമ്പോൾ നായകനായി സഹകളിക്കാരുടെ ‘മാറ്റ്’ മുന്നിലുണ്ട്.
ക്ലബ് ബ്രൂഗ്, വലൻസിയ, ബ്രൈറ്റൺ, ജെൻക്, ആഴ്സനൽ, റയൽ സോസിഡാഡ്, കോപ്പൻഹേഗൻ ക്ലബുകൾക്ക് കളിച്ചിട്ടുള്ള റയാൻ നിലവിൽ ഡച്ച് ക്ലബ് എ.സെഡ് അൽക്മാറിനൊപ്പമാണ്. മൈതാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തിളങ്ങുന്ന ഒരുപിടി മികച്ച താരങ്ങളുണ്ടെങ്കിലും കോച്ച് ഗ്രഹാം ആർനൾഡിന്‍റെ ടീം ഷീറ്റിലെ ആദ്യ പേരുകളിലൊന്നാണ് മാത്യു റയാന്‍റേത്. 31കാരന്‍റെ കളി മികവും പരിചയസമ്പത്തും ഒരിക്കൽ കൂടി കിരീടം ചൂടാൻ ടീമിന് തുണയാവുമെന്ന കണക്കുകൂട്ടലിലാണ് ഓസീസ് സംഘം.
5. സുനിൽ ഛേത്രി (ഇന്ത്യ)
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായ സുനിൽ ഛേത്രി 39ാം വയസ്സിലും ടീമിന്‍റെ പ്രധാന പ്രതീക്ഷയാണെന്നത് തന്നെ താരത്തിന്‍റെ മാറ്റ് വ്യക്തമാക്കുന്നു. ക്രിസ്റ്റ്യാനോക്കും അലി ദായിക്കും മെസ്സിക്കും പിറകിൽ അന്താരാഷ്ട്ര ഫുട്ബാളിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ള ഛേത്രിയുടെ അവസാന ഏഷ്യൻ കപ്പാവുമിത്.
27 വർഷത്തെ ഇടവേളക്കുശേഷം ഇന്ത്യയോഗ്യത നേടിയ 2011ൽ ഖത്തർ തന്നെ ആതിഥേയത്വം വഹിച്ച ഏഷ്യൻ കപ്പിൽ കളിച്ചിട്ടുള്ള ഛേത്രി രണ്ടു ഗോളുകളുമായി തിളങ്ങുകയും ചെയ്തു. 2015ൽ യോഗ്യത നേടാനാവാതിരുന്ന ശേഷം 2019ൽ യു.എ.ഇയിൽ തായ്ലൻഡിനെ 4-1ന് തകർത്ത് 55 വർഷത്തിനിടെ ഇന്ത്യ ഏഷ്യൻ കപ്പിൽ ആദ്യ ജയം സ്വന്തമാക്കിയപ്പോൾ ഇരട്ടഗോളുമായി നിറഞ്ഞാടിയത് ഛേത്രിയായിരുന്നു. പിന്നീട് രണ്ടു തോൽവികളുമായി ഇന്ത്യ ഗ്രൂപ് ഘട്ടത്തിൽ മടങ്ങിയെങ്കിലും ഇത്തവണ ടീമിനെ വീണ്ടും ഏഷ്യൻ കപ്പിനെത്തിച്ചത് ഛേത്രി തന്നെയാണ്. ഗോൾനേട്ടത്തിൽ സെഞ്ച്വറിയിലേക്ക് നീങ്ങുന്ന ഛേത്രി തന്നെയാണ് ഖത്തറിൽ ഇന്ത്യൻ പ്രതീക്ഷയുടെ ഗോൾമുഖത്ത്. ഗ്രൂപ് ഘട്ടമെങ്കിലും കടക്കുകയെന്ന ഇഗോർ സ്റ്റിമാക്കിന്‍റെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചാട്ടുളി ഇതിനകം തന്നെ ഇതിഹാസമായി മാറിക്കഴിഞ്ഞ ഛേത്രി തന്നെയായിരിക്കും.
6. അക്രം അഫീഫ് (ഖത്തർ)
ഖത്തറിന്‍റെ മുത്താണ് അക്രം അഫീഫ്. ഏതു പൊസിഷനിലും എങ്ങനെയും കളിക്കാൻ കഴിവുള്ള താരമെന്ന് സ്പെയിൻ, ബാഴ്സലോണ ഇതിഹാസം ചാവി വിശേഷിപ്പിച്ച താരം. ഖത്തർ ക്ലബായ അൽസദ്ദിന്‍റെ പരിശീലകനായിരിക്കെ 2019ലാണ് ചാവി അഫീഫിനെ പ്രശംസകൊണ്ട് മൂടിയത്. അതിനുതൊട്ടുപിന്നാലെയായിരുന്നു അഫീഫിന്‍റെ ഗംഭീര പ്രകടനത്തിന് ലോകം സാക്ഷിയായതും. അതേവർഷം യു.എ.ഇയിൽ നടന്ന ഏഷ്യൻ കപ്പിൽ വമ്പന്മാരെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തി ഖത്തർ ആദ്യമായി ചാമ്പ്യന്മാരായപ്പോൾ അതിന് ചുക്കാൻ പിടിച്ചത് ടൂർണമെന്‍റിൽ 10 അസിസ്റ്റുമായി മിന്നിത്തിളങ്ങിയ അഫീഫ് എന്ന 23കാരനായിരുന്നു. ഉത്തര കൊറിയക്കെതിരെ നാലും സെമിയിൽ ആതിഥേയർക്കെതിരെ മൂന്നും അസിസ്റ്റ് സ്വന്തം പേരിൽ കുറിച്ച അഫീഫ് ഫൈനലിൽ കരുത്തരായ ജപ്പാനെ 3-1ന് മലർത്തിയടിച്ചപ്പോൾ ഖത്തറിന്‍റെ അവസാന ഗോളും സ്കോർ ചെയ്തു.
അയൽനാട്ടിൽ നേടിയ കന്നിക്കിരീടം സ്വന്തം മണ്ണിൽ നിലനിർത്താനൊരുങ്ങുന്ന ഖത്തർ ടീമിൽ 2019ലെ പ്രധാന താരങ്ങളായ അൽമുഇസ് അലി, ഹസൽ അൽഹൈദോസ്, ബൗലിം ഖൗക്കി, ബസ്സാം അൽറാവി എന്നിവരൊക്കെയുണ്ടെങ്കിലും പുതിയ പരിശീലകൻ മാർക്വസ് ലോപസിന്‍റെയും പ്രധാന ആയുധം അഫീഫ് തന്നെയായിരിക്കും.
7. മെഹ്ദി തരേമി (ഇറാൻ)
ഏറക്കാലം അന്താരാഷ്ട്ര ഫുട്ബാളിൽ ടോപ്സ്കോറർ പദവിയിൽ വിരാജിച്ച അലി ദായിയുടെ നാട്ടിൽ കിടയറ്റ സ്ട്രൈക്കർമാർക്ക് പഞ്ഞമുണ്ടാവാറില്ല. അക്കൂട്ടത്തിലെ അടർത്തിമാറ്റാനാവാത്ത കണ്ണിയാണ് മെഹ്ദി തരേമി എന്ന 31കാരൻ. ഇതിഹാസ താരമായ ദായിയുടെ (148 മത്സരങ്ങളിൽ 108 ഗോൾ) അടുത്തെങ്ങുമെത്തിയിട്ടില്ലെങ്കിലും ഇന്ന് ഏഷ്യയിലെ മികച്ച മുന്നേറ്റ നിരക്കാരിലൊരാളാണ് തരേമി.
പോർചുഗൽ ക്ലബ് എഫ്.സി പോർട്ടോക്ക് ബൂട്ടുകെട്ടുന്ന തരേമി 2021-22 സീസണിൽ ലീഗ് കിരീടവും കഴിഞ്ഞ സീസണിൽ ലീഗിലെ ടോപ് സ്കോറർ പദവിയും സ്വന്തമാക്കി. ദേശീയ ടീമിനായി കൂടുതൽ ഗോൾ നേടിയവരിൽ അലി ദായിക്കും കരീം ബഗേരിക്കും (50) സർദാർ അസ്മൗനും (49) മാത്രം പിറകിലാണ് തരേമി. 2023ലെ മികച്ച ഫോമും തരേമിക്ക് മുതൽകൂട്ടാണ്. കഴിഞ്ഞ വർഷം 11 കളികളിൽ 12 അന്താരാഷ്ട്ര ഗോളുകളുണ്ട് തരേമിയുടെ ക്രെഡിറ്റിൽ. യുവേഫ ചാമ്പ്യൻസ് ലീഗിൽ കൂടുതൽ ഗോൾ സ്കോർ ചെയ്ത ഏഷ്യക്കാരൻ എന്ന നേട്ടവും തരേമിയുടെ പേരിലാണ്. 24 കളികളിൽ ഒമ്പത് ഗോളുകളാണ് ചാമ്പ്യൻസ് ലീഗിൽ തരേമി സ്വന്തമാക്കിയത്. പോർട്ടോക്കായി 171 മത്സരങ്ങളിൽ 86 തവണ വല കുലുക്കിയ കരീമിക്കൊപ്പം മറ്റൊരു ഗംഭീര സ്ട്രൈക്കർ അസ്മൗനും ചേരുന്നതോടെ ഇറാൻ മുന്നേറ്റനിര ഇരട്ടക്കുഴലുള്ള തോക്കാവും.
8. തകേഫുസോ കൂബോ (ജപ്പാൻ)
ലോകഫുട്ബാളിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഉൾപ്പെടുന്ന സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയുടെയും റയൽ മഡ്രിഡിന്‍റെയും ജഴ്സികളിൽ കളിക്കാൻ അപൂർവ ഭാഗ്യം കിട്ടിയ താരങ്ങളിലൊരാളാണ് തകേഫൂസോ കൂബോ. പത്താം വയസ്സിൽ ബാഴ്സയുടെ ലാ മാസിയ അക്കാദമിയിലെത്തിയ കൂബോ യൂത്ത് ടീമുകൾക്കായി തകർത്തുകളിച്ച നാലു വർഷത്തിനുശേഷം ബാഴ്സ വിട്ടെങ്കിലും 18ാം വയസ്സിൽ റയൽ മഡ്രിഡിന്‍റെ വിളിയെത്തി.
16ാം വയസ്സിൽ ജെ ലീഗിലെ പ്രായം കുറഞ്ഞ സ്കോറർ ആയതിനശേഷമായിരുന്നു റയലിലേക്കുള്ള വരവ്. റയലിന്‍റെ ഫസ്റ്റ് ടീമിൽ കാര്യമായ അവസരം ലഭിച്ചില്ലെങ്കിലും വായ്പ്പാടിസ്ഥാനത്തിൽ കളിച്ച റയൽ മയ്യോർക, വിയ്യാറയൽ, ഗെറ്റാഫെ എന്നിവിടങ്ങളിലെല്ലാം കൂബോ ഓളങ്ങളുണ്ടാക്കി. ഒടുവിൽ കഴിഞ്ഞ സീസണിൽ റയൽ സോസിഡാഡിന്‍റെ കുപ്പായമണിഞ്ഞ കൂബോ മിന്നും ഫോമിലേക്കുയർന്നതോടെ ടീം ലാ ലിഗയിൽ നാലാമതെത്തുകയും ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുകയും ചെയ്തു. ചാമ്പ്യൻസ് ലീഗിൽ നോക്കൗട്ട് ഘട്ടത്തിലേക്കും ടിക്കറ്റെടുത്തിരിക്കുകയാണ് കൂബോയുടെ ടീം.
ഇടങ്കാലുകളിൽ മാന്ത്രികതയൊളിപ്പിച്ചിരിക്കുന്ന കൂബോ വലതുവിങ്ങിലും ഇടതുവിങ്ങിൽ വലങ്കാലൻ കിറോ മിറ്റോമയും അണിനിരക്കുന്നതോടെ ഹാജിമെ മോറിയാസുവിന്‍റെ ജപ്പാനെ ഖത്തറിൽ പിടിച്ചുകെട്ടാൻ എതിരാളികൾ വിയർക്കുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.