ദൗസരി വൻകരയുടെ താരകം
text_fieldsദോഹ: ലോകകപ്പ് ഫുട്ബാൾ ഗ്രൂപ് റൗണ്ടിലെ ആദ്യ അങ്കത്തിൽ അർജൻറീനയെ ഞെട്ടിച്ച കളി മികവുമായി ആരാധക മനസ്സിൽ ഇടംപിടിച്ച സൗദി അറേബ്യയുടെ സാലിം അൽ ദൗസരിക്ക് വൻകരയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം. ദോഹ ക്യു.എൻ.സി.സിയിൽ നടന്ന എ.എഫ്.സി വാർഷിക അവാർഡ് പ്രഖ്യാപന ചടങ്ങിലാണ് ആസ്ട്രേലിയയുടെ മാത്യു ലെകിയെയും ഖത്തറിന്റെ അൽ മുഈസ് അലിയെയും പിന്തള്ളി സൗദി വിങ്ങർ പുരസ്കാരം നേടിയത്. 2012ൽ ദേശീയ കുപ്പായത്തിൽ അരങ്ങേറി, ചുരുങ്ങിയ കാലംകൊണ്ട് ടീമിന്റെ പടനായകരിൽ ഒരാളായി മാറിയ സാലിം ദൗസരി, ഖത്തർ ലോകകപ്പിൽ രണ്ട് ഗോളും, റഷ്യ 2018ൽ ഒരു ഗോളും നേടി കളിക്കുപ്പായത്തിൽ മേൽവിലാസം കുറിച്ചിരുന്നു. ക്ലബ് തലത്തിൽ സൗദിയുടെ ചാമ്പ്യൻ ടീമായ അൽ ഹിലാലിന്റെ മധ്യനിരയിലും ദൗസരി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.
ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ആസ്ട്രേലിയയുടെ സാമന്ത ഖേർ സ്വന്തമാക്കി. ആസ്ട്രേലിയയുടെ ഏറ്റവും ഉയർന്ന ഗോൾ സ്കോററും, ചെൽസിയുടെ താരവുമായി പുറത്തെടുത്ത മികവിനുള്ള അംഗീകാരമാണ് വൻകരയുടെ മികച്ച വനിതാ താരം എന്ന അംഗീകാരം. മികച്ച കോച്ചിനുള്ള പുരസ്കാരം ജപ്പാന്റെ ഹജിമെ മൊരിയാസു സ്വന്തമാക്കി. ലോകകപ്പിലേതുൾപ്പെടെ ജപ്പാൻ ദേശീയ ടീമിനെ വാർത്തെടുത്തതിനുള്ള അംഗീകാരമായാണ് ഹജിമെയെ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച വനിതാ കോച്ചായി ചൈനയുടെ ഷുയി ക്വിൻസിയെ തിരഞ്ഞെടുത്തു. ചൈനയെ ആദ്യമായി ഏഷ്യൻ വനിത കിരീട നേട്ടത്തിലേക്ക് നയിച്ചതിനുള്ള അംഗീകാരമാണ് മികച്ച കോച്ചിനുള്ള പുരസ്കാരം.
ഫലസ്തീന് ഐക്യദാർഢ്യം; ആഘോഷങ്ങളില്ലാതെ ചടങ്ങ്
ഗസ്സയിൽ മരണം വിതച്ച് ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫലസ്തീനികൾക്ക് ഐക്യദാർഢ്യമർപ്പിച്ച് ആഘോഷങ്ങളെല്ലാം ഒഴിവാക്കിയായിരുന്നു വൻകരയുടെ ഫുട്ബാൾ താരനിശക്ക് ദോഹ വേദിയായത്. നാടകീയതകളെല്ലാം ഒഴിവാക്കി നേരിട്ടുള്ള അവാർഡ് പ്രഖ്യാപനത്തിലൂടെ തന്നെ ചടങ്ങുകൾ പൂർത്തിയാക്കി. 2018 സീസണിലായിരുന്നു അവസാനമായി എ.എഫ്.സി അവാർഡുകൾ നൽകിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ നാലുവർഷമായി പുരസ്കാരം റദ്ദാക്കിയിരുന്നു.
ഗ്രാസ് റൂട്ട് മികവിന് ഇന്ത്യക്ക് എ.എഫ്.സി അംഗീകാരം
ദോഹ: താഴെക്കിടയിൽനിന്നുള്ള ഫുട്ബാൾ വികസന പ്രവർത്തനങ്ങൾക്കുള്ള എ.എഫ്.സി പ്രസിഡൻറിന്റെ അംഗീകാരം സ്വന്തമാക്കി ഇന്ത്യ. ദോഹയിൽ നടന്ന വാർഷിക പുരസ്കാര ചടങ്ങിൽ ‘ബ്രോൺസ്’ വിഭാഗത്തിലാണ് തെരഞ്ഞെടുത്തത്. 2014ൽ ഇതേ പുരസ്കാരം ഇന്ത്യയെ തേടിയെത്തിയിരുന്നു. 17ാഓളം അവാർഡുകൾ അടങ്ങിയ എ.എഫ്.സി വാർഷിക പുരസ്കാര ചടങ്ങിൽ ഈ ഒരു ഇനത്തിൽ മാത്രമായിരുന്നു ഇന്ത്യക്ക് നാമനിർദേശം ലഭിച്ചത്.
ഒപ്പം രംഗത്തുണ്ടായിരുന്ന ഇറാൻ, സിറിയ, ബ്രൂണൈ എന്നീ രാജ്യങ്ങളായിരുന്നു. ഗോൾഡ് വിഭാഗത്തിൽ ആസ്ട്രേലിയയും, സിൽവർ വിഭാഗത്തിൽ ഗുവാമും മെഡലുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് കല്യാൺ ചൗബേ പുരസ്കാരം ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി ഷാജി പ്രഭാകറും പുരസ്കാരച്ചടങ്ങിൽ പങ്കെടുത്തു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയുടെ ഫുട്ബാൾ അടിസ്ഥാന സൗകര്യ വികസനത്തിനും, താഴെക്കിടയിലുള്ള പ്രവർത്തനങ്ങൾക്കും പുരസ്കാരം പ്രചോദനമാകുമെന്ന് ചൗബേ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.