ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന് തുടക്കം: പി.എസ്.ജി-റയൽ പോര് ഇന്ന്
text_fieldsപാരിസ്/ലിസ്ബൻ: ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ഇനി നോക്കൗട്ട് പോരാട്ടങ്ങളുടെ കാലം. പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ് വിസിലുയരുമ്പോൾ ആദ്യ അങ്കങ്ങളിൽ ചൊവ്വാഴ്ച രാത്രി പാരിസ് സെന്റ് ജർമൻ റയൽ മഡ്രിഡിനെയും സ്പോർട്ടിങ് ലിസ്ബൻ മാഞ്ചസ്റ്റർ സിറ്റിയെയും നേരിടും.
13 തവണ ജേതാക്കളായ റെക്കോഡുള്ള റയലും ആദ്യ കിരീടം ലക്ഷ്യമിടുന്ന പി.എസ്.ജിയും തമ്മിൽ കൊമ്പുകോർക്കുമ്പോൾ പോരാട്ടം പൊടിപാറും. കരീം ബെൻസേമ-വിനീഷ്യസ് ജൂനിയർ-ലൂക മോഡ്രിച്-ടോണി ക്രൂസ് കൂട്ടുകെട്ട് റയലിന് കരുത്തുപകരുമ്പോൾ പി.എസ്.ജി നിരയിൽ ലയണൽ മെസ്സി-നെയ്മർ-കിലിയൻ എംബാപെ സഖ്യമുണ്ട്. ബെൻസേമ പൂർണ ശാരീരികക്ഷമത കൈവരിക്കാത്തതാണ് റയലിനെ അലട്ടുന്നത്. കഴിഞ്ഞദിവസം ബെൻസേമയുടെ അഭാവത്തിലിറങ്ങിയ കാർലോ ആഞ്ചലോട്ടിയുടെ ടീം വിയ്യാറയലുമായി ഗോൾരഹിത സമനില വഴങ്ങിയിരുന്നു. പി.എസ്.ജി നിരയിലും നെയ്മറും മെസ്സിയും അടുത്തിടെ പരിക്കുമാറി എത്തിയവരാണ്.
സ്പോർട്ടിങ് ലിസ്ബണിനെതിരെ വ്യക്തമായ മുൻതൂക്കവുമായാണ് മാഞ്ചസ്റ്റർ സിറ്റി ഇറങ്ങുന്നത്. പെപ് ഗ്വാർഡിയോളയുടെ പരിശീലനത്തിൽ മനോഹരമായ കളി കെട്ടഴിക്കുന്ന സിറ്റിയോട് പിടിച്ചുനിൽക്കാനാവും സ്പോർട്ടിങ്ങിെൻറ ശ്രമം.
ബുധനാഴ്ച രാത്രി ഇന്റർ മിലാൻ ലിവർപൂളിനെയും ആർ.ബി സാൽസ്ബർഗ് ബയേൺ മ്യൂണിക്കിനെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.