സംസ്ഥാന സീനിയർ ഫുട്ബാൾ: ഇടുക്കി സെമിയിൽ
text_fieldsമലപ്പുറം: കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തെ പരാജയപ്പെടുത്തി ഇടുക്കി സെമി ഫൈനലിൽ. ആവേശകരമായ ക്വാർട്ടർ മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഷൂട്ടൗട്ടിലാണ് ഇടുക്കി സെമി ബർത്ത് ഉറപ്പിച്ചത്. തുടക്കം മുതൽ മികച്ച മുന്നേറ്റങ്ങളോടെ കളംനിറഞ്ഞ തിരുവനന്തപുരത്തിൽനിന്ന് ആദ്യ 30 മിനിറ്റുകൾക്കുശേഷമാണ് ഇടുക്കി കളി പിടിച്ചെടുത്തത്. 37ാം മിനിറ്റിൽ മുന്നേറ്റ താരം എൽദോസ് ജോർജാണ് ഇടുക്കിയുടെ ആദ്യഗോൾ നേടിയത്.
68ാം മിനിറ്റിൽ ഇടുക്കിയുടെ മധ്യനിരയിൽ മികച്ച പ്രകടനം പുറത്തെടുത്ത റിസ്വാൻ ഷൗക്കത്ത് ഗോളെണ്ണം രണ്ടാക്കി ലീഡുയർത്തി. 72ാം മിനിറ്റിൽ സന്തോഷ് ട്രോഫി താരം നിജോ ഗിൽബർട്ട് ഉഗ്രൻ ഫ്രീകിക്കിലൂടെ തിരുവനന്തപുരത്തിന്‍റെ ആദ്യഗോൾ നേടി തിരിച്ചടിച്ചു. ടൂർണമെന്‍റിലെ മൂന്നാമത്തെ ഗോളായിരുന്നു നിജോയുടേത്.
കളി അവസാനിക്കാൻ മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെ നിജോ ഗിൽബർട്ട് വീണ്ടും ഞെട്ടിച്ചു. വലത് വിങ്ങിൽനിന്ന് നിജോ തൊടുത്ത ഷോട്ട് ഇടുക്കിയുടെ പ്രതിരോധഭടൻ കെ.എ. ശ്രീരാജിന്‍റെ കാലിൽ തട്ടി വലകുലുക്കി. രണ്ട് ഗോൾ വീതം നേടി മത്സരം സമനിലയിലായതോടെ ഷൂട്ടൗട്ടിൽ ഇടുക്കി വിജയക്കൊടി പാറിച്ചു.
ഷൂട്ടൗട്ടിൽ ആറിനെതിരെ ഏഴ് ഗോളിനാണ് ഇടുക്കി തിരുവനന്തപുരത്തെ മുട്ടുകുത്തിച്ചത്. കളിയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഇടുക്കിയുടെ റിസ്വാൻ ഷൗക്കത്താണ് പ്ലയർ ഓഫ് ദി മാച്ച്. തിങ്കളാഴ്ച രാവിലെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ കൊല്ലത്തെ തകർത്ത് തൃശൂർ ക്വാർട്ടറിലെത്തി. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തൃശൂരിന്‍റെ വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.