സംസ്ഥാന സീനിയർ ഫുട്ബാൾ: മഴയും സെമിയും കടന്ന് കണ്ണൂർ ഫൈനലിൽ
text_fieldsമലപ്പുറം: കോട്ടപ്പടി സ്റ്റേഡിയത്തിൽ കോരിച്ചൊരിഞ്ഞ മഴയിലെ ആവേശപ്പോരിൽ ഇടിവെട്ട് പ്രകടനവുമായി കണ്ണൂർപട സംസ്ഥാന സീനിയർ ഫുട്ബാളിൽ ഫൈനലിലെത്തി. സെമിയിൽ മലനാടിന്‍റെ കരുത്തുമായെത്തിയ ഇടുക്കിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തറപറ്റിച്ചാണ് കണ്ണൂർ കലാശപ്പോരിന് അർഹരായത്. ആദ്യ പകുതിയിൽ മൂന്ന് ഗോളും രണ്ടാം വരവിൽ ഒരു ഗോളും നേടിയ കണ്ണൂരിന്റേത് ആധികാരിക വിജയമായിരുന്നു. 17ാം മിനിറ്റിൽ സൂപ്പർ സ്ട്രൈക്കർ വി.പി. മുഹമ്മദ് സഫാദാണ് കണ്ണൂരിന്‍റെ ഗോൾവേട്ടക്ക് തുടക്കംകുറിച്ചത്.
ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കേ മധ്യനിര താരം കൃഷ്ണരാജിന്റെ വകയായിരുന്നു രണ്ടാം ഗോൾ. ആദ്യ പകുതിയുടെ അധികസമയത്ത് കൃഷ്ണരാജ് കണ്ണൂരിന്റെ ഗോൾ സമ്പാദ്യം മൂന്നാക്കി വീണ്ടും ഞെട്ടിച്ചു. രണ്ടാം പകുതിയിൽ കൂടുതൽ വീര്യത്തോടെ കളിക്കാൻ ശ്രമിച്ച ഇടുക്കിയുടെ മുന്നേറ്റ നിരയെ കണ്ണൂരിന്റെ പ്രതിരോധം അതിർത്തി കടത്തിവിട്ടില്ല. ഇടുക്കിക്കാരെ ബോക്സിൽ കയറ്റാതെ കണ്ണൂരുകാർ പ്രതിരോധക്കോട്ട കെട്ടിയതോടെ ഗോൾ മടക്കാനുള്ള അവസരങ്ങളും ഇല്ലാതായി.
കളി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കേ കണ്ണൂർ വീണ്ടും ഇടുക്കിയുടെ നെഞ്ചിൽ നിറയൊഴിച്ചു. തുടങ്ങിവെച്ച മുഹമ്മദ് സഫാദ് തന്നെയാണ് 85ാം മിനിറ്റിൽ കലാശക്കൊട്ടുതിർത്തത്. കോർണറിൽനിന്ന് കിട്ടിയ പന്ത് കനത്തിലുള്ള ഒരു ഷോട്ടാക്കി ടൂർണമെന്‍റിലെ മികച്ച ഒരു ഗോളാണ് സഫാദ് സ്വന്തമാക്കിയത്. ഇതോടെ ഒരു തിരിച്ചുവരവ് സ്വപ്നംപോലും കാണാനാവാതെ ഇടുക്കി അടിയറവ് പറഞ്ഞു. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെക്കുകയും രണ്ട് ഗോൾ നേടുകയും ചെയ്ത കണ്ണൂരിന്‍റെ കൃഷ്ണരാജിനെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയിലെ മലപ്പുറം -തൃശൂർ പോരാട്ടത്തിലെ വിജയികളാവും ഫൈനലിൽ കണ്ണൂരിന്റെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.