ചരിത്രം വഴിമാറി; ക്രൊയേഷ്യയോട് പകരംവീട്ടി ഇംഗ്ലണ്ട് തുടങ്ങി
text_fieldsലണ്ടൻ: ചരിത്രമുറങ്ങുന്ന വെംബ്ലി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ചരിത്രം തിരുത്തിയെഴുതി. ക്രൊയേഷ്യക്കെതിരെയുള്ള ഒറ്റഗോൾ ജയത്തോടെ യൂറോകപ്പ് ചരിത്രത്തിൽ ഇന്നേവരെ ആദ്യ മത്സരം വിജയിച്ചിട്ടില്ലെന്ന നാണക്കേട് ഇംഗ്ലണ്ട് തിരുത്തിയെഴുതി. ഒപ്പം 2018 ലോകകപ്പ് സെമിഫൈനലിൽ തങ്ങളെ നാട്ടിലേക്ക് മടക്കിയ ക്രൊയേഷ്യൻ പടയോട് അന്താരാഷ്ട്ര വേദിയിൽ വെച്ചൊരു മധുര പ്രതികാരവും. 54ാം മിനുറ്റിൽ റഹീം സ്റ്റെർലിങ് കുറിച്ച ഗോളാണ് ഇംഗ്ലീഷ് ടീമിന്‍റെ ചരിത്രം മാറ്റിക്കുറിച്ചത്.
നാല് റൈറ്റ് ബാക്കുകളെ അണിനിരത്തി മത്സരത്തിനിറങ്ങിയ ഗാരത് സൗത്ത്ഗേറ്റിന്റെ ഇംഗ്ലണ്ട് ടീമിനെ കണ്ട് ആദ്യം എല്ലാവരും ഒന്നമ്പരന്നു. ആവനാഴിയിൽ അസ്ത്രങ്ങളൊരുപാടുള്ള ഇംഗ്ലണ്ടിന്‍റെ പ്രതിരോധനിര കാത്തത് കൈൽ വാൽക്കർ, കീരൺ ട്രിപ്പിയർ, ജോൺ സ്റ്റോൺസ്, തിറോൺ മിങ്സ് എന്നിവരായിരുന്നു. ഫിൽ ഫോഡൻ, മേസൺ മൗണ്ട്, റഹീം സ്റ്റെർലിങ് ത്രയത്തിനൊപ്പം ആക്രമണത്തിന് ഹാരി കെയ്ൻ ചുക്കാൻ പിടിച്ചു.
മത്സരത്തിന്‍റെ ആദ്യം മുതൽ ഗോൾമുഖത്തേക്ക് ഇരമ്പിയാർത്ത ഇംഗ്ലീഷ് പട ക്രൊയേഷ്യൻ പടക്ക് തലവേദന തീർത്തു. അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതി ഗോളൊഴിഞ്ഞുതന്നെ നിന്നു. 54ാം മിനുറ്റിലായിരുന്നു ഇംഗ്ലണ്ട് ആരാധകരെ ഉന്മാദത്തിലാക്കി സ്റ്റെർലിങ്ങിന്റെ ഗോളെത്തിയത്. അതിമനോഹര മുന്നേറ്റത്തിനൊടുവിൽ കാൽവിൻ ഫിലിപ്സ് കൊടുത്ത ഒന്നാംതരം പാസ് സ്റ്റെർലിങ് വലതുകാൽ കൊണ്ട് വലയിലേക്ക് കോരിയിടുകയായിരുന്നു. ക്രൊയേഷ്യൻ നിരയെ ഗോളടിക്കാനനുവദിക്കാതെ വിജയം നുണയാനുള്ള പദ്ധതികളായിരുന്നു ഇംഗ്ലണ്ട് പിന്നീട് ആവിഷ്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.