ഓൾഡ് ഈസ് ഗോൾഡ് !
text_fieldsബംഗളൂരു: സുനിൽ ഛേത്രി അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് വിരമിക്കണമായിരുന്നോ? ശനിയാഴ്ച ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ നിലംപരിശാക്കിയ ചേത്രിയുടെ തകർപ്പൻ ഹാട്രിക്കിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഫുട്ബാൾ പ്രേമികളുടെ ചർച്ചയിതായിരുന്നു. കഴിഞ്ഞ ജൂൺ ആറിന് കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടന്ന കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തോടെ ഛേത്രി ദേശീയ ജഴ്സി ഊരിയിരുന്നു. ഛേത്രിക്ക് ശേഷം ഇന്ത്യൻ ആക്രമണം ആരു നയിക്കുമെന്ന ചോദ്യം ഇപ്പോഴും ബാക്കി. ലാലിയൻ സുവാല ചാങ്തെയും മൻവീർ സിങ്ങുമൊന്നും ഛേത്രിയെ പോലെ ഫിനിഷർമാരല്ല. സെറ്റ്പീസുകളിലും പെനാൽറ്റി ബോക്സിലും ഇത്രയേറെ അപകടകാരിയായ മറ്റൊരു ഇന്ത്യൻ താരമില്ല. രാജ്യത്തിനായി മത്സരത്തിന്റെ എണ്ണത്തിലും ഗോളടിയിലും റെക്കോഡിട്ടാണ് ഛേത്രി നീലക്കുപ്പായമഴിച്ചത്. ഏറെ പ്രയാസകരമായിരുന്നെങ്കിലും ആ തീരുമാനം ശരിയായിരുന്നെന്നാണ് തന്റെ വിരമിക്കൽ തീരുമാനത്തെ കുറിച്ച് ഛേത്രിയുടെ കമന്റ്.
ഇന്ത്യകണ്ട ഏക്കാലത്തെയും മികച്ച ഫുട്ബാളർമാരിലൊരാളായ സുനിൽ ഛേത്രി 41 ആം വയസ്സിലേക്ക് കടന്നുകഴിഞ്ഞു. ഈ പ്രായത്തിൽ മറ്റൊരു ഇന്ത്യൻ താരവും കളത്തിൽ ഇത്ര സജീവമായ ചരിത്രമില്ല. ദേശീയ ടീമിൽ നിന്ന് വിരമിച്ച ശേഷവും ഐ.എസ്.എല്ലിൽ താരം മിന്നുകയാണ്. ഇതുവരെ 11 കളികളിൽനിന്നായി എട്ടുഗോളുകൾ എതിർവലയിൽ നിറച്ചു. ഒരു അസിസ്റ്റും പോക്കറ്റിലാക്കി. സീസൺ പാതിയിലെത്തുമ്പോഴേക്കും കഴിഞ്ഞ രണ്ട് സീസണിലെയും തന്റെ പ്രകടനത്തെ ഛേത്രി മറികടന്നു. റെക്കോഡുകളോരാന്നായി ഈ കുറിയ മനുഷ്യനിലേക്ക് വന്നുചേരുന്നു. ബ്ലാസ്റ്റേഴ്സിനെതിരെ മൂന്നടിച്ച താരം, ഐ.എസ്.എല്ലിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായമേറിയ കളിക്കാരൻ എന്ന റെക്കോഡാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ജനുവരിയിൽ 38ആം വയസ്സിൽ ഹൈദരാബാദ് എഫ്.സിക്കായി ഗോവക്കെതിരെ ഹാട്രിക് നേടിയ ബർതലോമിയോ ഒഗ്ബച്ചോയുടെ റെക്കോഡ് ഇതോടെ പഴങ്കഥയായി. ഐ.എസ്.എല്ലിലെ ഏറ്റവും പ്രായം ചെന്ന ഗോൾ സ്കോറർ 2014 സീസണിൽ ഡൽഹി ഡൈനാമോസിനായി ഇറങ്ങിയ റോബർട്ട് പിറസാണ്. 41 ആം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. വൈകാതെ അതും ഛേത്രിയാൽ തിരുത്തപ്പെട്ടേക്കാം.
ഐലീഗിൽ 80 മത്സരങ്ങളിൽനിന്ന് 32 ഗോൾ കുറിച്ച് ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻതാരമെന്ന റെക്കോഡ് കുറിച്ചാണ് സുനിൽ ഛേത്രി ഐ.എസ്.എല്ലിലേക്കെത്തുന്നത്. സമാന റെക്കോഡ് സൂപ്പർ ലീഗിലും തീർത്ത താരം, ഇതുവരെ 166 മത്സരങ്ങളിൽനിന്നായി 69 ഗോളുകൾ എതിർവലയിൽ നിക്ഷേപിച്ച് ലീഗിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി. ബർതലോമിയോ ഓഗ്ബച്ചെയാണ് 64 ഗോളുമായി രണ്ടാമതുള്ളത്. ഐ.എസ്.എലിൽ ഒരു ക്ലബ്ബിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും ഛേത്രിയാണ്. ബംഗളൂരുവിനായി 62 ഗോളുകളാണ് ഇതുവരെ കുറിച്ചത്. ഏറ്റവും കൂടുതൽ ഗോളടിച്ചത് കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണെന്ന കൗതുകവുമുണ്ട്; 10 എണ്ണം ! ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോളുകൾ കൊണ്ട് അർധ സെഞ്ച്വറി തികച്ച ആദ്യ താരമെന്ന നേട്ടവും ഈ അഞ്ചടി ഏഴിഞ്ചുകാരനുള്ളതാണ്.
ബംഗളൂരു എഫ്.സിയുടെ പിറവി മുതൽ ടീമിനൊപ്പമുള്ള താരങ്ങളാണ് സുനിൽ ഛേത്രിയും ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവും. ഐ.എസ്.എല്ലിന്റെ ആദ്യ രണ്ടു സീസണുകളിൽ വിട്ടുനിന്ന ബംഗളൂരു എഫ്.സി, ഐ ലീഗിൽ തന്നെ തുടർന്നതോടെ 2015ലും 2016ലും ലോൺ അടിസ്ഥാനത്തിൽ മുംബൈ സിറ്റി എഫ്.സിക്കായാണ് ചേത്രി ഇന്ത്യൻ സൂപ്പർ ലീഗിൽ ബൂട്ടണിഞ്ഞത്. 2017 ൽ ബംഗളൂരു എഫ്.സി സൂപ്പർ ലീഗിലേക്ക് വന്നതോടെ ഛേത്രിയും ടീമിൽ തിരിച്ചെത്തി. 2015 സീസണിൽ മുംബൈക്കായും 2018ൽ ബംഗളൂരുവിനായും ഹാട്രിക് നേടി. ബ്ലാസ്റ്റേഴ്സിനെതിരായ നേട്ടത്തോടെ മൂന്ന് ഹാട്രിക് ക്രെഡിറ്റിലുള്ള ഛേത്രിക്ക് ഒരെണ്ണംകൂടി നേടാനായാൽ ബർതലോമിയോ ഒഗ്ബച്ചോയുടെ റെക്കോഡിനൊപ്പമെത്തും. നാല് ഹാട്രിക് ഓഗ്ബച്ചോയുടെ എന്നതാണ് റെക്കോഡ്.
ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിന് മുമ്പ് അസി. കോച്ച് റെനഡി സിങ്ങിനൊപ്പം വാർത്താസമ്മേളനത്തിനെത്തിയ ഛേത്രി പറഞ്ഞതിങ്ങനെയായിരുന്നു: ‘‘കളിക്കളത്തിലെ ഓരോ നിമിഷവും ഞാനേറെ ആസ്വദിക്കുന്നു. കളിക്കുക എന്നതിലപ്പുറം മറ്റൊന്നും മനസ്സിലില്ല. ഞാൻ ഗോളടിക്കാൻ പോകുന്നുവെന്ന ചിന്ത എപ്പോഴും എന്റെ മനസ്സിലുണ്ടാവും. ഇത്രകാലത്തെ കരിയറിനിടെ പല കോച്ചുമാർക്ക് കീഴിൽ പല സാഹചര്യങ്ങളിൽ ഞാൻ കളിച്ചിട്ടുണ്ട്. എന്നാൽ, ‘ഞാൻ ഗോളടിക്കാൻ പോകുന്നു’ എന്ന ചിന്തയാണ് അന്നും ഇന്നും കളത്തിൽ എന്നെ വിടാതെ പിന്തുടരുന്നത്. അടുത്ത കളിയിൽ ഞാനെത്ര മിനിറ്റ് കളത്തിലുണ്ടാവും എന്നെനിക്കറിയില്ല. പക്ഷേ, അതെത്ര മിനിറ്റായാലും എന്റെ ചിന്ത ‘ഞാൻ ഗോളടിക്കാൻ പോകുന്നു’ എന്നായിരിക്കും...’’.
കണ്ഠീരവയിൽ ഛേത്രി മുഴുവൻ സമയവും കളത്തിലുണ്ടായിരുന്നു. ഇഞ്ചുറിടൈമിന്റെ അവസാന നിമിഷത്തിലെ ഗോളിൽ ഹാട്രിക് പൂർത്തിയാക്കുകയും ചെയ്തു. ആ പ്രകടനം കാണുമ്പോൾ, ഓരോ കളി പിന്നിടുമ്പോഴും സുനിൽ ഛേത്രി തന്റെ പ്രതിഭ സ്വയം തേച്ചുതേച്ചു മിനുക്കിയെടുക്കുകയാണെന്ന് തോന്നിപ്പോകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.