ഇവൻ മരിയയുടെ ഇളയ മകൻ; നികോ വില്യംസ് വളർന്ന വഴികളറിയണം നിങ്ങൾ...
text_fieldsഇക്കഴിഞ്ഞ യൂറോകപ്പിൽ ചാമ്പ്യന്മാരായ സ്പെയിനിന്റെ കരുനീക്കങ്ങൾക്ക് ഇടതുവിങ്ങിൽ ചരടുവലിച്ച് ലോകഫുട്ബാളിന്റെ ശ്രദ്ധയാകർഷിച്ച 22കാരൻ നികോ വില്യംസിന്റെയും കുടുംബത്തിന്റെയും ജീവിത യാത്ര വലിയൊരു പ്രചോദന കഥ കൂടിയാണ്.
‘ജീവിതം കൈയിൽപിടിച്ചുള്ള യാത്രയായിരുന്നു അത്. കുടിക്കാൻ വെള്ളമോ ഭക്ഷണമോ ഇല്ല. മരുഭൂമിയിലെ 40-50 ഡിഗ്രി കൊടുംചൂടിൽ നഗ്നപാദരായാണ് നടത്തം. മകൻ അന്ന് എന്റെ വയറ്റിൽ വളർന്നുതുടങ്ങിയിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞിട്ടില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ആ സാഹസത്തിന് ഞാൻ ഒരുങ്ങുമായിരുന്നില്ല. കുറെ ദൂരം ട്രക്കിലായിരുന്നു യാത്ര. വാഹനത്തിന്റെ തുറന്ന പിൻവശത്ത് 40ഓളം പേർ തിങ്ങിനിറഞ്ഞിരുന്നു. ചിലർ താഴെ വീണുപോകുന്നുണ്ടായിരുന്നു. അവരെ ഗൗനിക്കാതെ ട്രക്ക് മുന്നോട്ടു കുതിക്കും. മരിച്ചുവീഴുന്നവരെ സംസ്കരിക്കുന്നതും ഇതിനിടയിൽ. അപകടകരമായിരുന്നു യാത്ര. കൊള്ളക്കാർ പാതിവഴിയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ബലാത്സംഗം ഉൾപ്പെടെയുള്ള ക്രൂരതകൾ. കൊടും പീഡനങ്ങളിലൂടെയായിരുന്നു ആ പലായനം.
അതിനിടയിൽ പാതിവഴിയിലെത്തുമ്പോൾ വണ്ടിക്കാർ പണം വാങ്ങിയശേഷം 'യാത്ര ഇവിടെ അവസാനിച്ചിരിക്കുന്നു' എന്നുപറയും. എന്നിട്ട് വലിച്ച് പുറത്താക്കും. കൈയിൽ കുടിവെള്ളം പോലുമില്ലാത്ത അവസ്ഥയിലാണ് ആ ശൂന്യതയിലേക്ക് വലിച്ചെറിയപ്പെടുക. കുട്ടികൾ, വയോധികർ, സ്ത്രീകൾ... മുന്നിലെന്താണെന്ന് തീർച്ചയില്ലാതെ ഊഷര ഭൂമിയിലൂടെ മനസ്സും ശരീരവും പൊള്ളിക്കുന്ന യാത്ര.
ഒടുവിൽ സ്പെയിനിന്റെ നോർത്ത് ആഫ്രിക്കൻ എൻക്ലേവായ മെലിയ്യയിലെത്തി. വലിയ കമ്പിവേലിക്കെട്ടുകൾ മറികടക്കുകയെന്നത് അത്രയേറെ ശ്രമകരമായിരുന്നു. അത് ഒരുവിധത്തിൽ ചാടിയെത്തിയത് സിവിൽ ഗാർഡുമാരുടെ കൈകളിൽ. അവർ ഞങ്ങളെ ജയിലിലടച്ചു. അഭയാർഥികളായെത്തിയതിനാൽ തിരിച്ചയക്കപ്പെടുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. ജയിലിലായിരിക്കുന്ന സമയത്ത് സന്നദ്ധ സംഘടനക്കു കീഴിൽ പ്രവർത്തിക്കുന്ന ഒരു അഭിഭാഷകൻ കാണാൻ വന്നു. അദ്ദേഹം ഒരു ഉപായം പറഞ്ഞുതന്നു. 'യുദ്ധം കൊടുമ്പിരിക്കൊണ്ട ഏതെങ്കിലും രാജ്യത്തുനിന്ന് അഭയം തേടിയെത്തിയതാണെന്ന് നുണ പറഞ്ഞുനോക്കൂ. ചിലപ്പോൾ രക്ഷപ്പെട്ടേക്കും'. അപ്പോൾ ഘാനയുടെതായ എല്ലാ അടയാളങ്ങളും മനസ്സിൽനിന്ന് മായ്ച്ചുകളഞ്ഞു. അക്രയിൽനിന്നു വരുമ്പോൾ കൈയിൽ അവശേഷിച്ച രേഖകളൊക്കെ കീറിയെറിഞ്ഞുകളഞ്ഞ ശേഷം ഞങ്ങൾ പറഞ്ഞു. ‘ആഭ്യന്തര യുദ്ധം താറുമാറാക്കിയ ലൈബീരിയയിൽനിന്ന് രാഷ്ട്രീയാഭയം തേടിയെത്തിയതാണ്’. ദൈവാനുഗ്രഹത്താൽ അത് ഫലിച്ചു. അങ്ങനെ ഞങ്ങൾ ബിൽബാവോയിലെത്തി.
******
മമ്മ പറഞ്ഞ കഥ കേട്ട് തരിച്ചിരുന്നുപോയി ഇനാകി വില്യംസ്. ഒരു സിനിമക്കഥ പോലെ അവിശ്വസനീയവും അത്രമേൽ സംഭ്രമജനകവുമായിരുന്നു ആ ജീവിത വിവരണം. തന്റെ പേര് ആവേശപൂർവം ഉച്ചരിക്കുന്ന ബിൽബാവോ നഗരത്തിൽ താനെത്തിയ കഥ കേട്ട് അവന്റെ ഉള്ളുലഞ്ഞു.
'ബിൽബാവോയിലിരുന്ന് ഒരു ദിവസം ഞാൻ ടി.വി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. സ്ക്രീനിൽ ഏതോ പ്രോഗ്രാം നടക്കുന്നു. കൃത്യമായി മനസ്സിലാകാത്തതിനാൽ അതെന്താണെന്ന് മമ്മയോട് ചോദിച്ചു. കേട്ടില്ലെന്ന് തോന്നി വീണ്ടും ചോദിച്ചതിനു പിന്നാലെ അവർ വന്ന് ടെലിവിഷൻ ഓഫ് ചെയ്തു. പിന്നെ എന്നോട് പറഞ്ഞു- 'എല്ലാം നിന്നോട് പറയാനുള്ള സമയമായിരിക്കുന്നു. ഇരിക്കൂ. പപ്പയുടെയും മമ്മയുടെയും കഥ കേൾക്കാൻ ഒരുങ്ങിക്കോളൂ..'. അങ്ങനെയാണ് മരിയ ആർതർ വില്യംസ് ആ കഥ മൂത്ത മകനോട് പറഞ്ഞുതുടങ്ങിയത്. ഘാനയിൽനിന്ന് ഭക്ഷണവും വെള്ളവുമില്ലാതെ സഹാറ മരുഭൂമി നടന്നും ട്രക്കിലും പിന്നിട്ടുതീർത്ത ജീവിതകഥ. താനും ഭർത്താവ് ഫെലിക്സ് വില്യംസും അറസ്റ്റിലായത്, പേരറിയാത്ത ഒരു അഭിഭാഷകൻ രക്ഷയായെത്തിയത്, ഒടുവിൽ സ്പെയിനിലെ ബിൽബാവോ എന്ന നഗരത്തിൽ എത്തിച്ചേർന്നത്... എല്ലാം വിശദമായിത്തന്നെ മരിയ മകനോട് പറഞ്ഞുകൊടുത്തു.
ആഫ്രിക്കയിൽനിന്ന് സർവതും നഷ്ടപ്പെട്ട് ജീവിതം കൈയിൽപിടിച്ച് ബോട്ടുകളിലേറി വരുന്നവരുടെയും മെലിയ്യയിലെ മുള്ളുവേലി കയറുന്നവരുടെയും വാർത്തകളാണ് അന്ന് ടെലിവിഷനിൽ ഇനാകി കേട്ടുകൊണ്ടിരുന്നത്. തങ്ങളുടെ യഥാർഥ നാടിനെക്കുറിച്ച്, ഭൂതകാലത്തെക്കുറിച്ച് ചെറുപ്പംമുതൽ ചോദിക്കുമായിരുന്നുവെങ്കിലും കുട്ടിയായതിനാൽ മമ്മ അവന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി പറഞ്ഞില്ല. തന്റെ ജീവിതം കൂട്ടുകാരിൽനിന്ന് വ്യത്യസ്തമാണെന്ന് അവനറിയാമായിരുന്നു. എന്നാൽ, അതിനു പിന്നിൽ ഇത്ര വലിയൊരു കഥ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഇനാകി ഒരിക്കലും ഊഹിച്ചിരുന്നില്ല.
******
എന്നാൽ, ഇനാകി പറക്കമുറ്റിയപ്പോൾ എല്ലാം പറയാറായെന്ന് തീരുമാനിക്കുകയായിരുന്നു മരിയ. അന്ന്, 20 വയസ്സുപിന്നിട്ട ഇനാകി സ്പാനിഷ് ഫുട്ബാൾ ലീഗിലെ പ്രശസ്തമായ അത്‍ലറ്റിക് ബിൽബാവോയുടെ നാടറിയുന്ന കളിക്കാരനായി മാറിക്കഴിഞ്ഞിരുന്നു. ഇന്ന് 28 വയസ്സു പിന്നിടുമ്പോൾ ഏറെ ചരിത്രങ്ങൾ അത്‍ലറ്റിക്കിനൊപ്പം ചേർന്ന് അവൻ കാൽപന്തു കളത്തിൽ എഴുതിച്ചേർത്തുകഴിഞ്ഞിരിക്കുന്നു. 'എല്ലാം സംഭവിക്കുന്നതിനു പിന്നിൽ കൃത്യമായ കാരണങ്ങളുണ്ടാകും. ഞാൻ ബിൽബാവോയിലല്ല പിറന്നതെങ്കിൽ ഒരിക്കലും അത്‍ലറ്റിക്കിന് കളിക്കുമായിരുന്നില്ല. ആ മരുഭൂമി കടന്ന് മാതാപിതാക്കൾ 'ബാസ്ക് കൺട്രി' (വടക്കൻ സ്പെയിനിലെ ഒരു സ്വയംഭരണ പ്രദേശം) യിലെത്തപ്പെട്ടത് എന്റെ 'നിയോഗം' എന്തെന്ന് കുറിക്കാൻ കൂടിയാകണം' -ഇനാകി പറയുന്നു. ബാസ്ക് കൺട്രിയിൽ ജനിച്ചവർക്കു മാത്രമേ അത്‍ലറ്റിക് ബിൽബാവോ ക്ലബിനുവേണ്ടി കളിക്കാൻ കഴിയുമായിരുന്നുള്ളൂ.
പാതിരിയിൽ നിന്ന് പേര്
അധികൃതരോട് ലൈബീരിയയിൽനിന്നെന്ന് നുണ പറഞ്ഞ് രക്ഷപ്പെട്ട മരിയക്കും ഫെലിക്സിനും സഹായവുമായെത്തിയത് ഒരു ചാരിറ്റി സംഘടനയായിരുന്നു. ബിൽബാവോയിൽനിന്ന് 150 കിലോമീറ്റർ നവാരക്കടുത്ത പാംേപ്ലാണയിലെ ഒരു സർക്കാർ ഹൗസിങ് കോളനിയിലാണ് അവരെത്തിപ്പെട്ടത്. അവിടെ ഒരു കൊച്ചുവീട് തരപ്പെട്ടു. വിവിധ വംശക്കാരായ അഭയാർഥികൾ തിങ്ങിനിറഞ്ഞ കോളനി. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ എന്തു ജോലിയും ചെയ്യാൻ സന്നദ്ധരായ ഒരു കൂട്ടം മനുഷ്യർ. കുടുംബത്തെ പോറ്റാൻ ഏതു ജോലിക്കും ഫെലിക്സ് ഒരുക്കമായിരുന്നു.
ഇനാകി മർഡോൺസ് എന്നുപേരുള്ള പുരോഹിതനായിരുന്നു ദമ്പതികളുടെ വലിയ ആശ്രയം. അദ്ദേഹം അവർക്ക് സഹായവും പിന്തുണയുമായി കൂടെനിന്നു. മരിയ ആൺകുഞ്ഞിന് ജന്മം നൽകിയപ്പോൾ എന്തു പേരിടണമെന്ന് അവർക്ക് അധികം ആലോചിക്കേണ്ടിവന്നില്ല. മൂത്ത മകന് ആ പാതിരിയുടെ പേരുവന്നത് അങ്ങനെയാണ്. ഫെലിക്സ് ആട്ടിടയനായും തൂപ്പുകാരനായും കെട്ടിട നിർമാണ സഹായിയായുമൊക്കെ ജോലി നോക്കി. ഒടുവിൽ ലണ്ടനിലേക്ക് ജോലി തേടി യാത്രയായി. അവിടെ ഹോട്ടലിൽ മേശ തുടച്ചു. സെക്യൂരിറ്റി ജോലി ചെയ്തു. ചെൽസി ക്ലബിന്റെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ടിക്കറ്റ് മുറിച്ചു. മിക്കവരും ഏറ്റെടുക്കാനൊരുക്കമല്ലാത്ത പല പണികളും ചെയ്തു.
ഇനാകിക്ക് കൂട്ടായി നികോയെത്തുന്നു
അന്ന് ഇനാകിക്ക് പത്തോ പതിനൊന്നോ വയസ്സു കാണും. അപ്പോഴേക്ക് അവന് ഒരു കൊച്ചനുജൻ പിറന്നിരുന്നു; പേര് നികോ. ഇനാകിയേക്കാൾ എട്ടു വയസ്സിന് ഇളയവൻ. ഫെലിക്സ് ലണ്ടനിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന സമയത്ത്, മരിയ ബിൽബാവോയിൽ ലഭ്യമായ ജോലികളെല്ലാം ചെയ്ത് കുടുംബം പുലർത്താനുള്ള ശ്രമങ്ങളിലായിരുന്നു. മമ്മ ദിവസം മണിക്കൂറുകളോളം ജോലിക്കു പോകുമ്പോൾ കുഞ്ഞനുജന്റെ പൂർണ സംരക്ഷണം ഇനാകിയുടെ ചുമതലയായിരുന്നു. അവന് ആയയും രക്ഷിതാവും റോൾ മോഡലും പിതാവും ഒക്കെ ഇനാകിയായിരുന്നു.
നാലോ അഞ്ചോ വയസ്സുള്ളപ്പോൾ സാബി എന്ന ഒരു കൂട്ടുകാരനാണ് തെരുവിൽ ഫുട്ബാൾ തട്ടിക്കളിക്കാൻ തന്നെ ആദ്യം ക്ഷണിച്ചതെന്ന് ഇനാകി ഓർക്കുന്നു. അതായിരുന്നു തുടക്കം. പിന്നെ പന്തുമായുള്ള പാരസ്പര്യം ജീവിതം തന്നെയായി മാറുകയായിരുന്നു. നന്നായി കളിക്കുകയും കളിയെക്കുറിച്ച് കൂടുതൽ അറിയുകയും ചെയ്തിരുന്ന നാളുകളിൽതന്നെ ഇനാകി റഫറിയുടെ വേഷവും കെട്ടി. ഒരു മത്സരം നിയന്ത്രിച്ചാൽ ലഭിക്കുന്ന പത്ത് യൂറോ അന്നവന് വിലയേറിയതായിരുന്നു.
താരത്തിളക്കത്തിലേക്ക്
ഒരു പ്രഫഷനൽ ഫുട്ബാളറാകുമെന്ന് ഇനാകി ഇടക്കിടെ മമ്മക്ക് ഉറപ്പുനൽകിക്കൊണ്ടിരുന്നു. അതവൻ പാലിക്കുകയും ചെയ്തു. 18-ാം വയസ്സിൽ അത്‍ലറ്റിക് ബിൽബാവോയുമായി കരാറിൽ ഒപ്പിട്ടു. യോനാസ് റാമലോക്കുശേഷം ബിൽബാവോക്ക് കളിക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ കറുത്ത വംശജൻ. 2014 ഡിസംബറിൽ 20 വയസ്സുള്ളപ്പോൾ ബിൽബാവോയുടെ വെള്ളയും ചുവപ്പും വരയുള്ള കുപ്പായമിട്ട് ഇനാകി പച്ചപ്പുൽത്തകിടിയിലിറങ്ങി. പലവിധ സ്വപ്നങ്ങളിലേക്കുള്ള അവന്റെ യാത്രയുടെ തുടക്കമായിരുന്നു അത്. പത്തു വർഷമായി ലണ്ടനിൽ സകലമാന ജോലികളും ചെയ്ത് ബുദ്ധിമുട്ടുകയായിരുന്ന പിതാവിനെ തിരിച്ചുവിളിക്കുകയാണ് ഇനാകി ആദ്യം ചെയ്തത്. അദ്ദേഹത്തിന് വീണ്ടും കുടുംബത്തോടൊപ്പം ജീവിതമൊരുക്കാൻ, കുഞ്ഞനുജന് പിതാവിന്റെ സ്നേഹലാളനകൾ ലഭിക്കാൻ. ഫുട്ബാളറാകുന്നതുപോലെ മനോഹരമായ സ്വപ്നമായിരുന്നു ഇനാകിക്ക് കെട്ടുറപ്പും താളബോധവുമുള്ള ടീം പോലെ ഇഴയടുപ്പമുള്ള കുടുംബവും.
ബിൽബാവോയിൽ നികോയും
ചേട്ടനെ കണ്ടുവളർന്ന അനിയന് ഇനാകി മാത്രമായിരുന്നു ഹീറോ. അവനെപ്പോലെയാകാൻ അനുജനും ഏറെ കൊതിച്ചു. ഫലം, നികോക്കും ഫുട്ബാൾ അത്രമേൽ പ്രിയപ്പെട്ടതായി. റോൾ മോഡലായ ജ്യേഷ്ഠനു പിന്നാലെ അനിയനും പ്രഫഷനൽ ഫുട്ബാളിന്റെ പുൽമേട്ടിലേക്കിറങ്ങി. ബിൽബാവോയുടെ അതേ കുപ്പായം. ചേട്ടനെ അനുകരിക്കാൻ കൊതിച്ച കുഞ്ഞനുജൻ ബിൽബാവോയുടെ കറുത്ത വംശജനായ മൂന്നാമത്തെ താരവുമായി. ബിൽബാവോക്കുവേണ്ടി ഗോൾ നേടിയ ഏക കറുത്ത വർഗക്കാരൻ എന്ന റെക്കോഡ് ഇനാകിക്കൊപ്പം ഫസ്റ്റ് ടീമിൽ എത്തിയതോടെ വിങ്ങറായ നികോയും പങ്കിട്ടെടുത്തു. ഇതിനിടെ, തുടർച്ചയായി 239 ലീഗ് മത്സരങ്ങളിൽ കളത്തിലിറങ്ങി ഇനാകി ലാ ലിഗയിൽ വേറിട്ട റെക്കോഡിനുടമയായി.
അപ്പോഴും സ്പെയിനിന്റെ വിഖ്യാത ജഴ്സി ഇനാകിയെ മോഹിപ്പിച്ചുകൊണ്ടിരുന്നു. ഒടുവിൽ 2016 മേയ് 29ന് ബോസ്നിയ ഹെർസഗോവിനക്കെതിരായ സൗഹൃദമത്സരത്തിൽ സ്പാനിഷ് ജഴ്സിയിൽ അരങ്ങേറി. എന്നാൽ, അതിന് പിന്നീടൊരിക്കലും തുടർച്ചകളുണ്ടായില്ല.
ഘാന വിളിക്കുന്നു
സ്പെയിനിനുവേണ്ടി കളിക്കാൻ കൊതിച്ചിരിക്കുന്ന നാളുകളിലൊക്കെ മാതാപിതാക്കളുടെ ജന്മദേശമായ ഘാന ഇനാകിയെ പലകുറി വിളിച്ചിരുന്നു. ഘാനയുടെ സംസ്കാരവും ഭക്ഷണവും പാരമ്പര്യവുമൊക്കെ ഏറെ ഇഷ്ടപ്പെടുന്നുവെങ്കിലും ജന്മനാടായ സ്പെയിനിനുവേണ്ടി കളത്തിലിറങ്ങാനാണ് താൽപര്യമെന്ന് ചൂണ്ടിക്കാട്ടി അതൊക്കെയും ഇനാകി നിരസിച്ചു. എന്നാൽ, രണ്ടു വർഷം മുമ്പെത്തിയ സ്നേഹമസൃണമായ ആ ക്ഷണം, ഇനാകിക്ക് തട്ടിയെറിയാനായില്ല. കാരണം, അതിന് വിശ്വപോരാട്ടങ്ങളുടെ ആകർഷണീയത കൂട്ടുണ്ടായിരുന്നു. ഖത്തർ ലോകകപ്പിൽ കളിക്കാനാണ് പൈതൃകമുറങ്ങുന്ന മണ്ണ് വിളിച്ചത്.
സ്പെയിൻ ജഴ്സിയിൽ അത് പുലർന്നുകാണാൻ വിദൂര സാധ്യത മാത്രമാണെന്നിരിക്കെ, ഇത്തവണ ഇനാകി സമ്മതം മൂളി. ഘാനക്കുവേണ്ടി കളിക്കാൻ തയാറാണെന്ന് 2022 ജനുവരി അഞ്ചിന് 28കാരന്റെ പ്രഖ്യാപനമെത്തി. ആ വർഷം സെപ്റ്റംബറിൽ ബ്രസീലിനെതിരെ സൗഹൃദ മത്സരത്തിൽ ഘാന ടീമിൽ അരങ്ങേറ്റവുമായി. പിന്നാലെ ലോകകപ്പിലും കളത്തിലിറങ്ങി.
ചേട്ടൻ ഘാന, അനിയൻ ‘എസ്പാന’
2022 സെപ്റ്റംബർ 18. ബിൽബാവോയിലെ വീട്ടിൽനിന്ന് ഇനാകി പാരിസിലേക്കുള്ള വിമാനം കയറാനായി പുറപ്പെടുന്നു. തൊട്ടുപിറ്റേന്ന് അനിയൻ നികോ സരഗോസയിലേക്ക് യാത്ര തിരിക്കുന്നു. ഒരേ വീട്ടിൽനിന്നിറങ്ങിയത് രണ്ടു ദേശങ്ങൾക്കുവേണ്ടി പോരാടാനാണ്. ഇനാകി ബ്രസീലിനെതിരെ ഘാനക്കുവേണ്ടി കുപ്പായമിട്ടതിന്റെ പിറ്റേന്ന് നികോ സ്പെയിനിന്റെ ജഴ്സി ആദ്യമായണിഞ്ഞു; യുവേഫ നാഷൻസ് ലീഗിൽ സ്വിറ്റ്സർലൻഡിനെതിരെ. സ്പെയിനിന്റെ അണ്ടർ 18, 19, 21 ടീമുകൾക്ക് കളിച്ചശേഷമാണ് സീനിയർ ടീമിൽ നികോ അരങ്ങേറിയത്.
അരങ്ങുനിറഞ്ഞാടി നികോ; ഇനി ഇവന്റെ കാലം
ചേട്ടന് സ്പാനിഷ് ദേശീയ ടീമിൽ ആശിച്ച പോലെ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും നികോ അതെല്ലാം തിരുത്തിക്കുറിക്കുകയാണ്. ഇക്കഴിഞ്ഞ യൂറോയിൽ തിളങ്ങി ലോക ഫുട്ബാളിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു മരിയയുടെ ഇളയ മകൻ. ലാമിൻ യമാലിനൊപ്പം സ്പെയിനിന്റെ ഭാവിവാഗ്ദാനമായി പേരെടുത്ത 22കാരനെ ഏതുവിധേനയും ടീമിലെടുക്കാൻ ബാഴ്സലോണ ഉൾപ്പെടെ ലോക ഫുട്ബാളിലെ മുൻനിര ക്ലബുകൾ കടുത്ത മത്സരത്തിലാണിന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.