'കരാർ പ്രകാരം എംബാപ്പെയാണ് പി.എസ്.ജിയുടെ ഉടമ'; വിമർശന ട്വീറ്റിന് ലൈക്കടിച്ച് സൂപ്പർ താരം; വിവാദം
text_fieldsപാരിസ്: ഉജ്ജ്വല ഫോം തുടരുന്ന നെയ്മറിന്റെ ഇരട്ടഗോൾ മികവിലാണ് ഫ്രഞ്ച് സീരീ എയിൽ മോണ്ട്പെല്ലെയെറിനെതിരെ പാരിസ് സെന്റ് ജെർമൻ 5-2ന്റെ ജയം സ്വന്തമാക്കിയത്.
പി.എസ്.ജിയുടെ ലീഗിലെ തുടർച്ചയായ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തിൽ ടീം എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ക്ലെർമോണ്ടിനെ തകർത്തിരുന്നു. എന്നാൽ, ഫ്രഞ്ച് സ്ട്രൈക്കർ കെയ്‍ലിയൻ എംബാപ്പയും നെയ്മറും തമ്മിലുള്ള 'ശീതയുദ്ധ'മാണ് ഇപ്പോൾ വാർത്ത.
സീസണിൽ കരാർ നീട്ടിയതിനു പിന്നാലെ എംബാപ്പെ ക്ലബിൽ സ്വാധീനം വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവർക്കും ഇടയിൽ അസ്വാരസ്യം ഉടലെടുക്കുന്നത്. മോണ്ട്പെല്ലെയെറിനെതിരായ മത്സരത്തിനു പിന്നാലെ ഇവർക്കിടയിലെ പ്രശ്നം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
മത്സരത്തിൽ ആദ്യം ലഭിച്ച പെനാൽറ്റി എംബാപ്പെ നഷ്ടപ്പെടുത്തി. രണ്ടാമത്തെ പെനാൽറ്റി ബ്രസീൽ താരമാണ് എടുത്തത്. വലയിലെത്തിക്കുകയും ചെയ്തു. എന്നാൽ, തന്നെ തഴഞ്ഞ് ഫ്രഞ്ച് താരത്തെ പെനാൽറ്റി എടുക്കാൻ അനുവദിച്ച തീരുമാനമാണ് നെയ്മറിനെ ഇപ്പോൾ അസ്വസ്ഥനാക്കിയിരിക്കുന്നത്. ഒരു വിമർശന ട്വീറ്റ് ലൈക്ക് ചെയ്താണ് 30കാരൻ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. 'ഇപ്പോള്‍ ഇത് ഔദ്യോഗികമായിരിക്കുന്നു, പി.എസ്.ജിയില്‍ പെനാല്‍ട്ടി എടുക്കുന്നത് എംബാപ്പെയാണ്. വ്യക്തമായും, ഇത് കരാർപ്രകാരമാണ്, കാരണം നെയ്മര്‍ കളിക്കുന്ന ലോകത്തെ ഒരു ക്ലബിലും അദ്ദേഹം പെനാൽറ്റി എടുക്കുന്നതിൽ രണ്ടാമതാകില്ല. ഇത് കരാര്‍ പ്രകാരമാണെന്ന് തോന്നുന്നു. എംബാപ്പെയാണ് പി.എസ്.ജിയുടെ ഉടമ' -എന്ന ആരാധകന്‍റെ ട്വീറ്റിനാണ് നെയ്മർ ലൈക്കടിച്ചത്.
മോണ്ട്പെല്ലെയെറിനെതിരെ വിജയത്തിന് ശേഷം പി.എസ്.ജി പരിശീലകനോട് പെനാൽറ്റി എടുക്കുന്ന താരങ്ങളെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. മത്സരത്തിൽ തന്റെ ആദ്യ ചോയ്‌സ് എംബാപ്പെയാണെന്നും ബ്രസീലിയൻ താരം ഓർഡറിൽ രണ്ടാമനായിരുന്നുവെന്നുമാണ് അദ്ദേഹം മറുപടി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.