കാശൊന്നും തരേണ്ട; യുനൈറ്റഡ് വിളിച്ചാൽ ഫ്രീയായി വന്ന് കളിക്കാമെന്ന് പഴയ സൂപ്പർ താരം!
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരം മാഞ്ചസ്റ്റർ യുനൈറ്റഡിന് നിരാശയുടേതായിരുന്നു. ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോൺ സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുനൈറ്റഡിനെ തോൽപിച്ചത്.
ക്ലബ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടാൻ താൽപര്യം പ്രകടിപ്പിച്ചതായിരുന്നു ഇതുവരെ ഫുട്ബാൾ ലോകത്തെ ചർച്ച വിഷയം. എന്നാൽ, താരത്തിനായി ക്ലബുകളൊന്നും മുന്നോട്ടുവന്നില്ല. ഇതോടെയാണ് ക്രിസ്റ്റ്യാനോ യുനൈറ്റഡിൽ തന്നെ തുടരാൻ തീരുമാനിച്ചത്. കൂടാതെ, ട്രാസ്ഫർ മാർക്കറ്റിൽ പണമിറക്കി മികച്ച താരങ്ങളെ ക്ലബിലെത്തിക്കാൻ മടിച്ചതും ക്ലബിന് തിരിച്ചടിയാകുകയാണ്.
അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടണമെങ്കിൽ ടീം ഇനിയും ഏറെ ദൂരെ സഞ്ചരിക്കണം. ഇതിനിടെയാണ് കാശൊന്നും തരേണ്ടെന്നും വിളിച്ചാൽ ഫ്രീയായി വന്ന് കളിക്കാമെന്നുമുള്ള പഴയ സൂപ്പർ താരത്തിന്‍റെ വാഗ്ദാനം. സ്‌ട്രൈക്കർ ഹാവിയർ ചിചാരിറ്റോ ഹെർണാണ്ടസാണ് ടീമിനെ സഹായിക്കാൻ തയാറായി മുന്നോട്ടുവന്നിരിക്കുന്നത്. നിലവിൽ മെക്സിക്കാൻ താരമായ ചിചാരിറ്റോ അമേരിക്കൽ ലീഗിൽ ലോസ് ആഞ്ജലസ് ഗാലക്സിക്കുവേണ്ടി കളിക്കുകയാണ്.
തിരിച്ചെത്തണമെന്ന് യുനൈറ്റഡ് ആവശ്യപ്പെട്ടാൽ താൻ ക്ലബിനുവേണ്ടി സൗജന്യമായി കളിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'തീർച്ചയായും ഞാൻ അത് ചെയ്യും, പക്ഷേ എനിക്ക് ലോസ് ആഞ്ജലസ് ഗാലക്സിയോട് വളരെ ബഹുമാനമുണ്ട്. എന്റെ മനസ്സും ബോധ്യങ്ങളും അവർക്കൊപ്പം (ഗാലക്സി) ഒരു ചാമ്പ്യൻഷിപ്പ് നേടുന്നതിനെക്കുറിച്ചാണ്' -ചിചാരിറ്റോ പറഞ്ഞു.
2010ൽ ഗ്വാഡലജാരയിൽനിന്നാണ് താരം മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തുന്നത്. പ്രീമിയർ ലീഗ് ടീമിനായി 100ലധികം തവണ കളിച്ചു, 30ലധികം തവണ വലകുലുക്കി. ഇതിനിടെ റയൽ മാഡ്രിഡിൽ വായ്പ അടിസ്ഥാനത്തിൽ ഒരു വർഷം കളിച്ചു. പിന്നാലെ ബയേർ ലെവർകുസനിലേക്കും പിന്നീട് വെസ്റ്റ് ഹാം യുനൈറ്റഡിലേക്കും ചേക്കേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.