അഞ്ചടിച്ച് ലിവർപൂൾ കുതിപ്പ്; അയാക്സിനെ കീഴടക്കി ബ്രൈറ്റൺ
text_fieldsയൂറോപ ലീഗിൽ കരുത്തരായ ലിവർപൂളിന് തകർപ്പൻ ജയം. ഗ്രൂപ്പ് ‘ഇ’ പോരാട്ടത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളിന് ഫ്രഞ്ച് ക്ലബ് ടൊളൂസിനെയാണ് തകർത്തുവിട്ടത്. ലീഗിൽ ഇംഗ്ലീഷ് ക്ലബിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്.
ഒമ്പതാം മിനിറ്റിയിൽ ഡിയോഗോ ജോട്ടയിലൂടെയാണ് ലിവർപൂൾ ഗോൾവേട്ട തുടങ്ങിയത്. നൂനോ ഗോമസ് നൽകിയ പന്ത് എതിർ ഡിഫൻഡർമാരെ വെട്ടിച്ച് ജോട്ട വലയിലാക്കുകയായിരുന്നു. എന്നാൽ, ഏഴ് മിനിറ്റിനകം ടൊളൂസ് സമനില പിടിച്ചു. സ്വന്തം ഹാഫിൽനിന്ന് ഓടിക്കയറിയ തിജ്സ് ഡല്ലിങ്ക പന്തുമായി 40 വാര ഓടി ലിവർപൂൾ ഗോൾകീപ്പറുടെ കാലുകൾക്കിടയിലൂടെ പന്ത് പോസ്റ്റിനുള്ളിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. 30ാം മിനിറ്റിൽ വതാരു എൻഡോയിലൂടെ ലിവർപൂൾ ലീഡ് തിരിച്ചുപിടിച്ചു. അലക്സാണ്ടർ ആർനോൾഡ് നൽകിയ ക്രോസ് താരം ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. നാല് മിനിറ്റിനകം ജോൻസിന്റെ അസിസ്റ്റിൽ ഡാർവിൻ നൂനസ് കൂടി ലക്ഷ്യം കണ്ടതോടെ സ്കോർ 3-1 ആയി.
രണ്ടാം പകുതി തുടങ്ങിയയുടൻ ടൊളൂസിന് ഒരു ഗോൾ തിരിച്ചടിക്കാൻ സുവർണാവസരം ലഭിച്ചെങ്കിലും ലിവർപൂളിന്റെ രക്ഷകനായി അലക്സാണ്ടർ ആർനോൾഡ് അവതരിച്ചു. ഗോളി പോലുമില്ലാത്ത പോസ്റ്റിലേക്ക് ടൊളൂസ് താരം അടിച്ച പന്ത് ആർനോൾഡ് ഗോൾലൈനിൽനിന്ന് തട്ടിയകറ്റുകയായിരുന്നു. 65ാം മിനിറ്റിൽ ഗ്രാവൻബെർഷിന്റെ വക നാലാം ഗോളെത്തി. എതിർ പ്രതിരോധ താരത്തെയും ഗോളിയെയും വെട്ടിച്ച് ഡാർവിൻ നൂനസ് പന്ത് വല ലക്ഷ്യമാക്കി അടിച്ചെങ്കിലും അവിശ്വസനീയമായി പോസ്റ്റിൽ തട്ടിത്തെറിച്ചു. പന്ത് നേരെയെത്തിയത് ഗ്രാവൻബെർഷിന്റെ കാലിലേക്കായിരുന്നു. താരം പിഴവില്ലാതെ പന്ത് ലക്ഷ്യത്തിലെത്തിച്ചു. പകരക്കാരനായെത്തിയ സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ വകയായിരുന്നു അവസാന ഗോൾ. ഇഞ്ചുറി സമയത്തിന്റെ മൂന്നാം മിനിറ്റിൽ കോഡി ഗാപ്കോ നൽകിയ പാസ് സലാഹ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലാക്കുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ ബ്രൈറ്റൺ അയാക്സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തു. 42ാം മിനിറ്റിൽ ജാവോ പെഡ്രോയും 53ാം മിനിറ്റിൽ അൻസു ഫാറ്റിയുമായിരുന്നു ഗോൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.