സുവാരസ് വന്നിറങ്ങേണ്ടത് രാജകീയമായിട്ടാകണം, മെസി തന്‍റെ പ്രൈവറ്റ് ജെറ്റ് അയച്ചു കൊടുത്തു! എജ്ജാതി ഫ്രണ്ട്‌സ്!!
text_fieldsമെസിയെ പിരിയാന്‍ സുവാരസിനും സുവാരസിനെ പിരിയാന്‍ മെസിക്കും സാധിക്കില്ല! അത്രയേറെ ദൃഢമാണ് ഇവര്‍ തമ്മിലുള്ള സൗഹൃദം. ബാഴ്‌സലോണയില്‍ ഇവര്‍ക്കൊപ്പം നെയ്മറും ചേര്‍ന്നതോടെ കാറ്റലന്‍ ക്ലബ്ബിനായി ദോസ്തുക്കളുടെ ഗോളടിമേളം തന്നെ ലോകം കണ്ടു.
പ്രതിരോധ നിരക്കാര്‍ ഭയന്ന ത്രയം ആയിരുന്നു എം (മെസി) എസ് (സുവാരസ്) എന്‍ (നെയ്മര്‍). സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പടെ മൂന്ന് കിരീടങ്ങള്‍ ബാഴ്‌സക്ക് നേടിക്കൊടുത്ത അസാമാന്യ കൂട്ടുകെട്ട്. ഇവര്‍ പലവഴിക്ക് പിരിഞ്ഞതോടെ ബാഴ്‌സലോണക്ക് പ്രതാപം നഷ്ടമായി. നെയ്മറാണ് ആദ്യം ബാഴ്‌സവിട്ടത്. സുവാരസിനെ ക്ലബ്ബ് ഒഴിവാക്കുന്നത് തടയാന്‍ മെസി അവസാന നിമിഷം വരെ ഇടപെട്ടിരുന്നു. ഒടുവില്‍ മെസി തന്നെ ബാഴ്‌സയില്‍ നിന്ന് ഔട്ടായി. ഇപ്പോള്‍, ഫ്രാന്‍സില്‍ പി.എസ്.ജിയില്‍ നെയ്മര്‍-മെസി സൗഹൃദം നമുക്ക് കാണാം. ആ നിരയിലേക്ക് സുവാരസ് കൂടി എത്തിയെങ്കില്‍ എന്ന് ഫുട്‌ബോള്‍ ആരാധകര്‍ ആഗ്രഹിച്ചിരുന്നു.
സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ലൂയിസ് സുവാരസ് പടിയിറങ്ങുമ്പോള്‍ പി.എസ്.ജിയിലെത്തിക്കാന്‍ മെസി ചെറിയൊരു ശ്രമം നടത്തിയിരുന്നു. എന്നാല്‍, കിലിയന്‍ എംബാപെ മുന്‍നിരയിലുള്ളതിനാല്‍ സുവാരസിന്റെ സാധ്യത അടഞ്ഞു. ഉറുഗ്വെയില്‍ തന്റെ ബാല്യകാല ക്ലബ്ബായ നാഷണലിലേക്കാണ് സുവാരസ് മടങ്ങിയത്. ആ മടക്കം രാജകീയമായിരിക്കണമെന്ന് മെസിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. തന്റെ ഉറ്റ സുഹൃത്തിന് സ്‌പെയ്‌നില്‍ നിന്ന് ഉറുഗ്വെയിലെ ക്ലബ്ബിലേക്ക് യാത്ര ചെയ്യുവാന്‍ മെസി തന്റെ 12 ദശലക്ഷം പൗണ്ട് വിലയുള്ള സ്വകാര്യ ജെറ്റ് വിമാനം അയച്ചു കൊടുത്തുവെന്ന് 'ദ സണ്‍' റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ ക്ലബ്ബിന്റെ ജഴ്‌സിയില്‍ സുവാരസ് വീണ്ടും അവതരിപ്പിക്കപ്പെടുന്ന ചടങ്ങ് മെസി ലൈവ് ആയി കണ്ടു. നിനക്കറിയില്ലേ, ഞാന്‍ നിന്നെ എത്രമേല്‍ സ്‌നേഹിക്കുന്നുവെന്ന്. ഇതാ, ഇന്ന് മുതല്‍ നാഷണലിനെ ഞാന്‍ പിന്തുടരുകയാണ്, നീ കാരണം - സുവാരസിന് മെസി അയച്ച സന്ദേശം ഇതായിരുന്നു.
വ്യത്യസ്ത ക്ലബ്ബുകളിലാണ് കളിക്കുന്നതെങ്കിലും മെസിയും സുവാരസും കുടുംബ സുഹൃത്തുക്കളായി ബന്ധം തുടരുകയാണ്. അടുത്തിടെ, ഒഴിവുകാലം ആഘോഷിക്കുവാന്‍ ഇബിസയിലെ ദ്വീപില്‍ ഇവര്‍ കുടുംബവുമായി ഒത്തുചേര്‍ന്നിരുന്നു. ഈ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.