സൂപ്പർ സബ്ബായി കെപ; വിയ്യാറയലിനെ പെനാൽറ്റിയിൽ തോൽപിച്ച് ചെൽസി സൂപ്പർ കപ് ജേതാക്കൾ
text_fieldsബെൽഫാസ്റ്റ്: തോമസ് ടഷലിന്‍റെ തന്ത്രങ്ങൾ ഒരിക്കൽ കൂടി വിജയം കണ്ടതോടെ യുവേഫ ചാമ്പ്യൻസ് ലീഗിന് പിന്നാലെ സൂപ്പർ കപ്പും ചെൽസിയുടെ അലമാരയിലെത്തി. പെനാൽറ്റി ഷൂട്ടൗട്ടിൽ വിയ്യാറയലിനെ ചെൽസി 6-5ന് തോൽപിച്ചു. പെനാൽറ്റിയിൽ രണ്ട് നിർണായക സേവുകൾ നടത്തിയ സബ്സ്റ്റിറ്റ്യൂട്ട് ഗോൾകീപ്പർ കെപ അരിസബ്ലാഗയാണ് നീലക്കുപ്പായക്കാരുടെ ഹീറോ.
മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് മനസിലാക്കിയതോടെ ഫസ്റ്റ് ഗോൾകീപ്പർ എഡ്വേഡ് മെൻഡിയെ പിൻവലിച്ച് മികച്ച റെക്കോഡുള്ള കെപയെ കളത്തിലിറക്കിയ ടഷലിന്‍റെ തന്ത്രമാണ് വിജയം കണ്ടത്. മുഴുവൻ സമയത്തും അധിക സമയത്തും മത്സരം 1-1ന് സമനിലയിലായതോടെയാണ് പെനാൽറ്റി വേണ്ടി വന്നത്. എക്സ്ട്രാ ടൈം അവസാനിക്കാൻ സെക്കന്റുകൾ മാത്രം ശേഷിക്കേയാണ് ടഷൽ കെപെയെ ഇറക്കിയത്.
വിയ്യയുടെ ഐസ മാൻഡിയുടെയും നായകൻ റൗൾ ആൽബിയോളിന്‍റെയും കിക്കുകളാണ് കെപ തടുത്തിട്ടത്. ചെൽസിയുടെ ആദ്യ കിക്ക് കായ് ഹവെർട്സ് പാഴാക്കി. ചെൽസി വിജയം നേടിയ നിമിഷം കെപെയെ അഭിനന്ദിക്കാായി ആദ്യം ഓടിയെത്തിയത് മെൻഡിയായിരുന്നു.
മത്സരത്തിന്‍റെ 27ാം മിനിറ്റിൽ ഹക്കീം സിയച്ചിലൂടെ ചെൽസിയാണ് ലീഡ് നേടിയത്. കായ് ഹവർട്സിന്റെ അളന്നുമുറിച്ച ക്രോസ് ബോക്സിലുണ്ടായിരുന്ന ഹക്കിം വലയിലാക്കുകയായിരുന്നു. 40ാം മിനിറ്റിൽ പരിക്കേറ്റ് മൊറോക്കോ താരം കളംവിട്ടു.
73ാം മിനിറ്റിലായിരുന്നു വിയ്യാറയലിന്‍റെ മറുപടി. സ്പാനിഷ് താരമായ ജെറാഡ് മൗറീന്യോ വിയ്യാറയലിനായി വലകുലുക്കി. വിയ്യക്കായി താരം നേടുന്ന 83ാം ഗോളായിരുന്നു അത്. പോർട്ടോയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ 1-0ത്തിന് തോൽപിച്ചായിരുന്നു ചെൽസി ചാമ്പ്യൻസ് ലീഗ് ഉയർത്തിയത്.
മറ്റൊരു ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ പെനാൽറ്റിയിൽ വീഴ്ത്തിയാണ് വിയ്യാറയൽ യൂറോപ്പ ജേതാക്കളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.