സുഭാഷ് ഭൗമിക്: മൈതാനം ഭരിച്ച ബുൾഡോസർ
text_fieldsകൊൽക്കത്ത: മധ്യനിരയിലാണ് കളിച്ചിരുന്നതെങ്കിലും സ്ട്രൈക്കറുടെ മികവായിരുന്നു സുഭാഷ് ഭൗമിക്കിന്. 1970കളിലെ ഇന്ത്യൻ ഫുട്ബാളിലെ അസാമാന്യനായ കളിക്കാരൻ. ബുദ്ധിയും ശക്തിയും ഉപയോഗിച്ച് കളിച്ച താരം. പിന്നീട് പരിശീലകനായി വേഷംകെട്ടിയപ്പോഴും ടീമിന്റെ മുകളിൽ പൂർണമായും അധികാരമുണ്ടായിരുന്ന കോച്ച്.
ആരെയും കൂസാത്ത കേളീശൈലി പോലെ തന്നെ തന്റെ അഭിപ്രായം ആർക്കുമുമ്പിലും വെട്ടിത്തുറന്നുപറയുന്ന പ്രകൃതം -അതായിരുന്നു സുഭാഷ് ഭൗമിക്. മൈതാനത്ത് മധ്യനിരയിലായിരുന്നു സ്ഥാനമെങ്കിലും ഗോളടിച്ചുകൂട്ടുന്നതിലെ മിടുക്ക് ഏറെയായിരുന്നു ഭൗമിക്കിന്. ശരീരപ്രകൃതിയും എതിരാളികളെ ഭയക്കാതെയുള്ള കുതിപ്പും മൂലം ബുൾഡോസർ എന്നായിരുന്നു കൊൽക്കത്ത മൈതാനങ്ങളിൽ ഭൗമിക്കിന്റെ വിളിപ്പേര്. ഈസ്റ്റ് ബംഗാളിനായി മൂന്നു ഘട്ടങ്ങളിൽ ആറു വർഷവും മോഹൻ ബഗാൻ ജഴ്സിയിൽ രണ്ടു തവണയായി അഞ്ചു വർഷവും ബൂട്ടുകെട്ടി.
ഈസ്റ്റ് ബംഗാളിനായി 165ഉം ബഗാനുവേണ്ടി 85ഉം ഗോളുകൾ സ്കോർ ചെയ്തു. കൊൽക്കത്ത ലീഗ് അഞ്ചു തവണയും ഐ.എഫ്.എ ഷീൽഡ് ആറു തവണയും റോവേഴ്സ് കപ്പ് എട്ടു തവണയും സ്വന്തമാക്കി. കോഴിക്കോട്ടെത്തി നാഗ്ജി ട്രോഫിയിൽ പന്തുതട്ടുകയും ഒരു തവണ കിരീടം നേടുകയും ചെയ്തു. 1950, 60കളിൽ മികച്ച താരങ്ങളിലൂടെ നിറഞ്ഞുനിന്ന ഇന്ത്യൻ ഫുട്ബാൾ ഒട്ടൊന്ന് ശോഷിച്ച 70കളിലെ സൂപ്പർ താരമായിരുന്നു ഭൗമിക്. വലതുവിങ്ങിൽ ഭൗമിക്കും വിങ് ബാക് സുധീർ കർമാകറും ചേർന്നുള്ള ജോടി ഏറെ പ്രശസ്തമായിരുന്നു.
വിരമിച്ചതിനുപിന്നാലെ പരിശീലക രംഗത്തേക്ക് കടന്ന ഭൗമിക്കിന് ആദ്യമൊന്നും തിളങ്ങാനായില്ലെങ്കിലും 2002ൽ ഈസ്റ്റ് ബംഗാൾ കോച്ചായി എത്തിയതോടെ തലവര മാറി. ടീമിനെ ആസിയാൻ ചാമ്പ്യന്മാരും ഐ ലീഗ് ജേതാക്കളുമൊക്കെയാക്കിയ ഭൗമിക് പിന്നീട് മോഹൻ ബഗാനെയും മുഹമ്മദൻ സ്പോർട്ടിങ്ങിനെയും സാൽഗോക്കറിനെയും പരിശീലിപ്പിച്ചു. ചർച്ചിൽ ബ്രദേഴ്സിന്റെ ടെക്നിക്കൽ ഡയറക്ടറുമായി.
കളിക്കുമുമ്പ് ഒട്ടും ഭയമില്ലാതിരിക്കുക എന്നതായിരുന്നു ഭൗമിക്കിന്റെ പ്രത്യേകതയെന്ന് സഹതാരം ശ്യം ഥാപ്പ പറഞ്ഞു. ഒരിക്കൽ സന്തോഷ് ട്രോഫിക്കിടെ മത്സരത്തിനുമുമ്പ് ഭയം പ്രകടിപ്പിച്ച കോച്ച് ടീമിന് നെഗറ്റിവ് എനർജി നൽകുമെന്നതിനാൽ അദ്ദേഹത്തെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട സംഭവവും ഭൗമിക്കിന്റെ കളി ജീവിതത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.