സബ്സ്റ്റിറ്റ്യൂഷൻ താളംതെറ്റി; ഒരേസമയം 12 ബയേൺ താരങ്ങൾ മൈതാനത്ത്
text_fieldsമ്യൂണിക്: റഫറിമാർക്ക് പിഴച്ചപ്പോൾ ജർമൻ ബുണ്ടസ് ലിഗയിൽ ഒരു ടീമിലെ 12 കളിക്കാർ ഒരേസമയം കളത്തിൽ. ഫ്രൈബർഗിനെതിരായ മത്സരത്തിലാണ് 20 സെക്കൻഡോളം ബയേൺ മ്യൂണികിനായി 12 താരങ്ങൾ പന്തുതട്ടിയത്.
മത്സരത്തിന്റെ 80ാം മിനിറ്റിലാണ് സംഭവം. 3-1ന് മുന്നിട്ടുനിൽക്കെ ബയേൺ ഇരട്ട സബ്സ്റ്റിറ്റ്യൂഷൻ നടത്തി. കോറന്റീൻ ടോളിസോക്കു പകരം നികോളാസ് സ്യൂളും കിങ്സ് ലി കോമാനു പകരം മാർസൽ സബിറ്റ്സറുമാണ് ഇറങ്ങിയത്. ഇതിൽ തന്റെ നമ്പർ കാണിക്കാത്തതിനാൽ കോമൻ കയറിയില്ല. ഇതാണ് 12 താരങ്ങൾ മൈതാനത്ത് തുടരാൻ കാരണമായത്. ഇക്കാര്യം ശ്രദ്ധയിൽപെട്ട ഫ്രൈബർഗ് ഡിഫൻഡർ നികോ ഷ്ലോട്ടർബെക്ക് ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് റഫറിക്ക് കാര്യം മനസ്സിലായത്. ഇതോടെ കളി നിർത്തി കോമാനെ കയറ്റി പ്രശ്നം പരിഹരിക്കുകയായിരുന്നു. ഇലക്ട്രോണിക് സബ്സ്റ്റിറ്റ്യൂഷൻ ബോർഡിലെ പിഴവാണ് കൺഫ്യൂഷനുണ്ടാക്കിയത്.
കോമാന്റെ നമ്പറായ 11നുപകരം ബോർഡിൽ തെളിഞ്ഞത് നമ്പർ 29 ആയിരുന്നു. അങ്ങനെയൊരു നമ്പറിൽ ഒരു ബയേൺ താരവുമില്ലായിരുന്നു. എന്നാൽ, മൈതാനത്തുള്ള ഒരാൾ കയറിയെന്ന് ഉറപ്പാക്കാതെ മറ്റൊരു താരത്തെ ഇറങ്ങാൻ സമ്മതിച്ച റഫറിമാരുടെ പിഴവാണ് നിർണായകമായതെന്ന് ഫുട്ബാൾ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മത്സരം ബയേൺ 4-1ന് ജയിച്ചു.
പ്രീമിയർ ലീഗ്: യുനൈറ്റഡിന് സമനില; വെസ്റ്റ്ഹാമിന് ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് സമനില. ലെസ്റ്റർ സിറ്റിയാണ് യുനൈറ്റഡിനെ 1-1ന് തളച്ചത്. യുനൈറ്റഡ് ഏഴാം സ്ഥാനത്തേക്കിറങ്ങിയപ്പോൾ എവർട്ടണിനെ 2-1ന് തോൽപിച്ച വെസ്റ്റ്ഹാം യുനൈറ്റഡ് ആറാം സ്ഥാനത്തേക്ക് കയറി. ഇരുടീമുകൾക്കും തുല്യ പോയന്റാണെങ്കിലും (51) ഗോൾശരാശരിയുടെ മുൻതൂക്കം വെസ്റ്റ്ഹാമിനാണ്.
ജയിച്ചാൽ ചാമ്പ്യൻസ് ലീഗ് സാധ്യത വർധിപ്പിക്കാമായിരുന്ന യുനൈറ്റഡ് ലെസ്റ്ററിനോട് സമനിലയുമായി തടിതപ്പുകയായിരുന്നു. ലെസ്റ്ററിനായി കലേച്ചി ഇഹനാച്ചോയും യുനൈറ്റഡിനായി ഫ്രെഡും സ്കോർ ചെയ്തു. ആരോൺ ക്രെസ്വെല്ലും ജാറഡ് ബോവനുമാണ് വെസ്റ്റ്ഹാമിന്റെ ഗോളുകൾ നേടിയത്. മേസൺ ഹോൾഗേറ്റ് എവർട്ടണിന്റെ ആശ്വാസഗോൾ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.