സുനീൽ സലാം
text_fields2005 ജൂണിൽ ഇന്ത്യൻ ഫുട്ബാൾ ടീം അയൽരാജ്യമായ പാകിസ്താനിലേക്ക് പറക്കുമ്പോൾ കൂട്ടത്തിലൊരു 20 വയസ്സുകാരനുണ്ടായിരുന്നു; സംഘത്തിൽ ഏറ്റവും ജൂനിയറും പുതുമുഖവും. ഇന്ത്യയുടെ മുന്നേറ്റം നയിച്ചിരുന്ന ബൈച്യുങ് ബൂട്ടിയ പരിക്കുകാരണം ടീമിന് പുറത്തിരുന്ന നാളുകൾ. ജൂൺ 12ന് ക്വറ്റ അയ്യൂബ് സ്റ്റേഡിയത്തിൽ ആദ്യ മത്സരം. സുഖ് വീന്ദർ സിങ്ങായിരുന്നു അന്ന് ഇന്ത്യൻ പരിശീലകൻ. അതുവരെ ഒരു അന്താരാഷ്ട്ര മത്സരംപോലും കളിക്കാത്ത സുനിൽ ഛേത്രിയെ ആദ്യ ഇലവനിലിറക്കാൻ ധൈര്യം കാട്ടി സുഖ് വീന്ദർ. പയ്യൻ നിരാശപ്പെടുത്തിയില്ല. ഗോൾരഹിതമായ ആദ്യ ഒരു മണിക്കൂറിനുശേഷം 65ാം മിനിറ്റിൽ സമനിലപ്പൂട്ട് പൊട്ടിച്ച് ഛേത്രി പാക് വലയിൽ നിറയൊഴിച്ചു. പിന്നെ ഓടിച്ചെന്നത് ഗാലറിയിൽ പാകിസ്താൻ ആരാധകർ നിറഞ്ഞ ഭാഗത്തേക്ക്. അവർക്ക് മുന്നിലായിരുന്നു ഗോളാഘോഷം. ഇന്ത്യൻ ഫുട്ബാളിലൊരു ഇതിഹാസം പിറവിയെടുക്കുകയായിരുന്നു.
ഇരുപതാണ്ട് തികയുന്ന അന്താരാഷ്ട്ര കരിയറിന് ഫൈനൽ വിസിൽ മുഴക്കി ഛേത്രി നീലക്കുപ്പായമഴിക്കുകയാണ്. സംഭവബഹുലമായ കരിയറിന് ഇതോടെ അന്ത്യമാവുന്നു. നിലവിൽ സജീവമായ കളിക്കാരിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും കഴിഞ്ഞാൽ ഗോൾവേട്ടക്കാരിൽ മൂന്നാമതുള്ള താരമാണ്. ഇന്ത്യക്കായി ഏറ്റവുമധികം മത്സരങ്ങൾ കളിക്കുകയും ടീമിനെ നയിക്കുകയും ഗോളടിക്കുകയും ചെയ്തയാൾ. ഡസനിലധികം കിരീടങ്ങളിലും മുത്തമിട്ടു. ക്ലബ് ഫുട്ബാളിലുമുണ്ട് അസാമാന്യ നേട്ടങ്ങൾ. കൻസാസ് സിറ്റി വിസാർഡ്സ് (അമേരിക്ക), സ്പോർട്ടിങ് ക്ലബ് പോർചുഗൽ എന്നീ വിദേശ ടീമുകൾക്കായി കളിച്ച ഏക ഇന്ത്യൻ താരവുമാണ് ഛേത്രി.
വരുന്ന ആഗസ്റ്റ് മൂന്നിന് 40 വയസ്സ് തികയുകയാണ് ഛേത്രിക്ക്. ലോകകപ്പ് യോഗ്യതയെന്ന സ്വപ്നം ഇനിയും അകലെയാണെങ്കിലും ഇന്ത്യക്കുവേണ്ടി ആവുന്നത്ര കളിക്കുകയും സാധ്യമാവുന്ന ഉയരങ്ങളിലെത്തിക്കുകയും ചെയ്തതിന്റെ ചാരിതാർഥ്യത്തിൽത്തന്നെയാണ് പടിയിറക്കം. ഗോളടിക്കാൻ പഠിക്കണമെന്ന് യുവതാരങ്ങളെ പരിശീലകർ ഉപദേശിച്ച് നിരാശപ്പെടുന്നകാലത്ത് ഛേത്രിയുടെ വിടവാങ്ങലുണ്ടാക്കുന്ന വിടവ് അടുത്തകാലത്തൊന്നും നികത്തപ്പെടില്ലെന്നുറപ്പാണ്. പകരക്കാരനുവേണ്ടിയുള്ള ഇന്ത്യൻ ഫുട്ബാളിന്റെ കാത്തിരിപ്പ് തുടരും.
ജീവിതരേഖ
ജനനം: 1984 ആഗസ്റ്റ് 3
ജന്മസ്ഥലം: സെക്കന്ദരാബാദ്, തെലങ്കാന
മാതാപിതാക്കൾ: സുശീല, കെ.ബി. ഛേത്രി
ഭാര്യ: സോനം ഭട്ടാചാര്യ
പൊസിഷൻ: ഫോർവേഡ്
അരങ്ങേറ്റം: 2005 ജൂൺ 12ന് പാകിസ്താനെതിരെ ക്വറ്റയിൽ
ക്ലബ് ഫുട്ബാൾ
- 17ാം വയസ്സിൽ കൊൽക്കത്ത മോഹൻ ബഗാനിലൂടെ അരങ്ങേറ്റം
- കൻസാസ് സിറ്റി വിസാർഡ്സ് (അമേരിക്ക), സ്പോർട്ടിങ് ക്ലബ് പോർചുഗൽ എന്നീ വിദേശ ടീമുകൾക്കായി കളിച്ചു
- ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ, ഡെംപോ ഗോവ, ചർച്ചിൽ, മുംബൈ, ബംഗളൂരു ടീമുകളുടെ താരം
- നിലവിൽ ബംഗളൂരു എഫ്.സി ക്യാപ്റ്റൻ
- ഐലീഗിൽ 14 ഗോൾ
- ഐ.എസ്.എല്ലിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ താരം -52 ഗോൾ
- എ.എഫ്.സി കപ്പിൽ 17 ഗോൾ
- എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഒരു ഗോൾ
- കിരീടങ്ങൾ -ഐ.എസ്.എൽ, ഐ ലീഗ്, സൂപ്പർ കപ്പ്, ഫെഡറേഷൻ കപ്പ്
പുരസ്കാരങ്ങൾ
- 2011ൽ അർജുന
- 2019ൽ പത്മശ്രീ
- 2021ൽ ഖേൽരത്ന
- 2018ൽ എ.എഫ്.സി ഏഷ്യൻ ഐക്കൺ
- 2007, 11, 13, 14, 17, 19 വർഷങ്ങളിൽ എ.ഐ.എഫ്.എഫ് പ്ലെയർ ഓഫ് ദ ഇയർ
- 2009ലും 2018ലും എഫ്.പി.എ.ഐ പ്ലെയർ ഓഫ് ദ ഇയർ
- 2008ലെ എ.എഫ്.സി ചലഞ്ച് കപ്പ് ഏറ്റവും മൂല്യമുള്ള കളിക്കാരൻ
- 2011ലെ സാഫ് പ്ലെയർ ഓഫ് ദ ടൂർണമെന്റ്
- 2018 ലെ ഇന്റർകോണ്ടിനെന്റൽ കപ്പ് ഹീറോ
രാജ്യാന്തര കിരീടങ്ങൾ
- 2007, 2009, 2012 വർഷങ്ങളിൽ ജവഹർലാൽ നെഹ്റു കപ്പ്
- 2008ലെ എ.എഫ്.സി ചലഞ്ച് കപ്പ്
- 2018ലും 2023ലും ഹീറോ ഇന്റർ കോണ്ടിനെന്റൽ കപ്പ്
- 2017ലും 2023ലും ഹീറോ ത്രിരാഷ്ട്ര കപ്പ്
- 2011, 2015, 2021, 2023 വർഷങ്ങളിലെ സാഫ് കപ്പ്
നേട്ടങ്ങൾ
- ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ -94
- ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ -150
- അന്താരാഷ്ട്ര ടൂർണമെന്റ് ഫൈനലിൽ ഹാട്രിക് നേടിയ ഒരേയൊരു ഇന്ത്യക്കാരൻ (2008 എ.എഫ്.സി ചലഞ്ച് കപ്പ്)
- 25, 50, 75, 100, 125, 150 മത്സരങ്ങളിൽ കുറഞ്ഞത് ഒരു ഗോളെങ്കിലും സ്കോർ ചെയ്ത താരം
- 2011, 2015-16, 2021 വർഷങ്ങളിലെ സാഫ് കപ്പിന്റെ മൂന്ന് ഫൈനലുകളിൽ ഗോൾ
- ഇന്ത്യക്കായി നാല് ഹാട്രിക്കുകൾ:
1. 2008 എ.എഫ്.സി ചലഞ്ച് കപ്പ് ഫൈനലിൽ തജികിസ്താനെതിരെ
2. 2010ലെ സൗഹൃദ മത്സരത്തിൽ വിയറ്റ്നാമിനെതിരെ
3. 2018 ഇൻറർകോണ്ടിനെൻറൽ കപ്പിൽ ചൈനീസ് തായ്പേയ്ക്കെതിരെ
4. 2023ലെ സാഫ് കപ്പിൽ പാകിസ്താനെതിരെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.