‘22 വർഷത്തെ എന്‍റെ കരിയറിൽ ഇങ്ങനെ കണ്ടിട്ടില്ല, കിക്കെടുക്കുന്നതിന് മുമ്പ് റഫറിയോട് ചോദിച്ചിരുന്നു’; വിവാദ ഗോളിൽ പ്രതികരിച്ച് സുനിൽ ഛേത്രി
text_fieldsഐ.എസ്.എൽ പ്ലേ ഓഫ് എലിമിനേറ്ററിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബംഗളൂരുവിന്‍റെ ഇന്ത്യൻ സൂപ്പർതാരം സുനിൽ ഛേത്രി നേടിയ ഗോളിനെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങിയിട്ടില്ല. മത്സരത്തിൽ അധിക സമയത്തിന്‍റെ 96ാം മിനിറ്റിലായിരുന്നു കളിയെ മാറ്റിമറിച്ച നാടകീയ സംഭവം.
ബംഗളൂരു മുന്നേറ്റത്തിനിടെ ബ്ലാസ്റ്റേഴ്സ് ബോക്സിനുപുറത്ത് ബംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കാണ് വിവാദത്തിന് ഇടയാക്കിയത്. ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിരോധത്തിന് തയറാറെടുക്കുന്നതിനിടെ ഗോളി പ്രഭ്സുഖൻ സിങ് ഗിൽ മുന്നോട്ടുകയറി നിൽക്കുന്നത് കണ്ട സുനിൽ ചേത്രി ഞൊടിയിടയിൽ പന്ത് പോസ്റ്റിലേക്ക് കോരിയിട്ടു. ബ്ലാസ്റ്റേഴ്സ് താരങ്ങൾ പകച്ചുനിൽക്കെ, റഫറി ക്രിസ്റ്റൽ ജോൺ ഗോൾ വിസിലൂതി.
റഫറിയുടെ നിർദേശം വരുന്നതിന് മുമ്പാണ് ചേത്രി കിക്കെടുത്തതെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ വാദിച്ചെങ്കിലും റഫറി തീരുമാനം പിൻവലിച്ചില്ല. ഇതോടെ കോച്ച് വുകോമാനോവിച് തന്നെ പ്രതിഷേധവുമായി കളത്തിലിറങ്ങി. താരങ്ങളെ കളത്തിൽനിന്ന് പിൻവലിച്ച് ബ്ലാസ്റ്റേഴ്സ് ഡ്രസിങ് റൂമിലേക്ക് മടങ്ങി. ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവിൽ മാച്ച് ഓഫിഷ്യലുമായി നടത്തിയ ചർച്ചക്കുശേഷം ബംഗളൂരുവിനെ വിജയിയായി പ്രഖ്യാപിച്ചു.
കേരള ബ്ലാസ്റ്റേഴ്സ് പുറത്തേക്കും ബംഗളൂരു സെമിയിലേക്കും. മുംബൈ സിറ്റി എഫ്.സിയാണ് സെമിയിൽ ബംഗളൂരുവിന്‍റെ എതിരാളികൾ. വിവാദ ഗോളിനു പിന്നാലെ ഛേത്രിയെ വിമർശിച്ചും അനുകൂലിച്ചുമുള്ള കമന്‍റുകൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ഇതിനിടെയാണ് താരം തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്. മത്സരത്തിനിടെ ബഹിഷ്കരിച്ച് മൈതാനം വിട്ട ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ നടപടിയെ വിശേഷിപ്പിക്കാൻ വാക്കുകൾക്കായി പ്രയാസപ്പെടുകയാണെന്ന് താരം പറഞ്ഞു.
ജയിക്കാനായതിൽ സന്തോഷമുണ്ടെന്നും സെമി ഫൈനലിൽ മുംബൈ സിറ്റിയെ നേരിടാൻ ടീം സജ്ജമാണെന്നും താരം വ്യക്തമാക്കി. ‘എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഞാൻ ഇപ്പോഴും അത് മനസിലാക്കാൻ ശ്രമിക്കുകയാണ്. 22 വർഷത്തെ എന്‍റെ കരിയറിൽ ഇങ്ങനെ ഒന്ന് കണ്ടിട്ടില്ല’ -ഛേത്രി പറഞ്ഞു.
പോസ്റ്റീവോ, നെഗറ്റീവോ ആയ രീതിയിലല്ല ഞാനിത് പറയുന്നത്. നേരായ വഴിയിലാണ്. സന്തോഷിക്കുന്നവരുടെ പക്ഷത്തായതിനാൽ ഞാൻ സന്തോഷവാനാണ്. ഫ്രീകിക്കെടുക്കുന്നതിനു മുമ്പ് റഫറി ക്രിസ്റ്റല്‍ ജോണിനോട് ചോദിച്ചിരുന്നു. അദ്ദേഹം അനുവദിച്ചില്ലായിരുന്നെങ്കിൽ അത് സംഭവിക്കില്ലായിരുന്നു. കിക്ക് എടുക്കാന്‍ വിസിലോ പ്രതിരോധ കോട്ടയോ ആവശ്യമില്ലെന്നും ഞാന്‍ പറഞ്ഞു. ഉറപ്പാണോ എന്ന് റഫറി വീണ്ടും ചോദിച്ചു. അതെ എന്ന് ഞാന്‍ മറുപടി നല്‍കി. ഇത് ബ്ലാസ്‌റ്റേഴ്‌സ് താരം അഡ്രിയാന്‍ ലൂണ കേട്ടതാണ്. അതുകൊണ്ടാണ് അദ്ദേഹം ആ കിക്ക് ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചതെന്നും താരം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.