ബൈ ബൈ ഛേത്രി! വിടവാങ്ങൽ മത്സരത്തിൽ ഇന്ത്യക്ക് സമനില; വിങ്ങിപൊട്ടി സുനിൽ ഛേത്രി
text_fieldsകൊൽക്കത്ത: ഇന്ത്യൻ ഫുട്ബാളിലെ രണ്ട് പതിറ്റാണ്ടോളം നീണ്ട സുനിൽ ഛേത്രിയുടെ ഐതിഹാസിക യുഗത്തിന് പരിസമാപ്തി. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന കുവൈത്തിനെതിരായ നിർണായക ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗോൾരഹിത സമനിലയോടെ ഛേത്രി നീലക്കുപ്പായം അഴിച്ചു.
അവസാന മത്സരത്തിൽ 90 മിനിറ്റും ഛേത്രി കളിച്ചിട്ടും ഗോളടിക്കാൻ സാധിച്ചില്ല. രാജ്യാന്തര കരിയറിൽ 151 മത്സരങ്ങളിൽ 94 ഗോളുകളും 11 അസിസ്റ്റുകളുമായാണ് ഇതിഹാസത്തിന്‍റെ മടക്കം. ഇന്ത്യൻ ഫുട്ബാൾ ലോകം കണ്ട ഏറ്റവും മികച്ച താരത്തെ ജയത്തോടെ യാത്രയാക്കാനുള്ള സഹതാരങ്ങളുടെ മോഹവും നടന്നില്ല. ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ച മത്സരം ഗോൾരഹിതമായി പിരിയുകയായിരുന്നു.
അരലക്ഷം കാണികളാണ് ഛേത്രിയുടെ വിടവാങ്ങൽ മത്സരം കാണനെത്തിയത്. ഓരോ തവണ താരത്തിന്‍റെ കാലിൽ പന്തു എത്തുമ്പോഴും നിറഞ്ഞ കൈയടികളോടെയാണ് ആരാധകർ വരവേറ്റത്. പുതിയ ജഴ്‌സി ധരിച്ചായിരുന്നു ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയത്. തുടക്കത്തിൽ തന്നെ ഇരുടീമുകളും ആക്രമിച്ചു കളിച്ചു. 10ാം മിനിറ്റിൽ ലിസ്റ്റന്‍ കൊളാസോയും ഛേത്രിയും ചേര്‍ന്ന് മുന്നേറിയെങ്കിലും കുവൈത്ത് പ്രതിരോധിച്ചു. വലതുവിങ്ങില്‍ നിഖില്‍ പൂജാരി, ലാലിയന്‍ സുല ചാങ്‌തെ സഖ്യത്തിന്റെ മുന്നേറ്റങ്ങളാണ് കുവൈത്തിന് കൂടുതല്‍ തലവേദന സൃഷ്ടിച്ചത്.
രണ്ടാം പകുതി തുടങ്ങിയതും ഇന്ത്യക്ക് മത്സരത്തിലെ മികച്ച അവസരങ്ങളിലൊന്ന് ലഭിച്ചു. മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ റഹീം അലിക്ക് പക്ഷേ ഗോളി മാത്രം മുന്നില്‍നില്‍ക്കേ ലക്ഷ്യം കാണാനായില്ല. താരത്തിന്റെ ദുര്‍ബലമായ ഷോട്ട് പുറത്തേക്ക്. 51ാം മിനിറ്റില്‍ ലഭിച്ച അവസരവും റഹീമിന് മുതലാക്കാനായില്ല. ഒടുവിൽ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളിൽ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയവരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും പിന്നിൽ മൂന്നാമതാണ് ഛേത്രി. കുവൈത്തിനെതിരായ ആദ്യ മത്സരത്തിൽ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കൊൽക്കത്തയിലിറങ്ങിയത്. ഗ്രൂപ്പ് എയിൽ 12 പോയന്‍റുമായി ഖത്തറാണ് മുന്നിൽ. അഞ്ചു പോയന്‍റുള്ള ഇന്ത്യ രണ്ടാമതും.
ഇന്ത്യയുടെ അടുത്ത കളി കരുത്തരായ ഖത്തറിനെതിരെ അവരുടെ മണ്ണിലാണ്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു ടീമുകളാണ് മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടുക. മൂന്നാം റൗണ്ടിൽ കടന്നാലേ ഏഷ്യൻ കപ്പിനും യോഗ്യത നേടാൻ കഴിയൂ. ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ ഭാവിയും ഇതോടെ ചോദ്യചിഹ്നമായി. അഫ്ഗാനോടു സമനില വഴങ്ങിയതോടെ വലിയ വിമർശനങ്ങൾക്കു നടുവിലായിരുന്നു സ്റ്റിമാക്ക്. മത്സരശേഷം സഹതാരങ്ങളും ആരാധകരും യാത്രയാക്കുമ്പോൾ ഛേത്രിക്ക് കണ്ണുനീർ നിയന്ത്രിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.