മെസ്സിയെ പിറകിലാക്കി ഛേത്രി; ടോപ് 10ൽ എത്താൻ ഒരുഗോൾ കൂടി
text_fieldsദോഹ: അന്താരാഷ്ട്ര ഫുട്ബാളിൽ സജീവമായ താരങ്ങളുടെ പട്ടികയിൽ അർജന്‍റീന നായകൻ ലയണൽ മെസ്സിയെ പിന്നിലാക്കി ഇന്ത്യൻ നായകൻ സുനിൽ ഛേത്രി.
ബംഗ്ലാദേശിനെതിരെ ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തിൽ നേടിയ ഇരട്ട ഗോളുകളാണ് സാക്ഷാൽ ലയണൽ മെസ്സിയെ പിന്നിലാക്കാൻ ഛേത്രിയെ സഹായിച്ചത്. പോർചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് (103) പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 74 ഗോളുകളുമായി ഛേത്രി രണ്ടാമത് നിൽക്കുേമ്പാൾ 73 ഗോളുകളുമായി യു.എ.ഇയുടെ അലി മബ്കൂത്താണ് മൂന്നാമത്. 72 അന്താരാഷ്ട്ര ഗോളുകളുമായി മെസ്സി നാലാമതാണ്.
കഴിഞ്ഞ വ്യാഴാഴ്ച ചിലെക്കെതിരെയായിരുന്നു മെസ്സിയുടെ 72ാം ഗോൾ. കഴിഞ്ഞ ആഴ്ച മലേഷ്യക്കെതിരെ നടന്ന മത്സരത്തിലാണ് അലി തന്‍റെ ഗോൾ സമ്പാദ്യം ഉയർത്തിയത്. തിങ്കളാഴ്ച ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്‍റെ 79ാം മിനിറ്റിലും ഇഞ്ച്വറി സമയത്തുമായിരുന്നു ഛേത്രിയുടെ തകർപ്പൻ ഗോളുകൾ.
ലോകത്തിലെ എക്കാലത്തെയും മികച്ച അന്താരാഷ്ട്ര ഗോൾവേട്ടക്കാരുടെ ആദ്യ 10 പേരുടെ പട്ടികയിൽ ഇടം നേടാൻ ഛേത്രിക്ക് ഇനി ഒരു ഗോൾ കൂടി മതി. 75 ഗോളുകൾ വീതമുള്ള ഹംഗറിയുടെ സാൻഡോർ കോസിസ്, ജപ്പാന്‍റെ കുനിഷിഗെ കമമോട്ടോ, കുവൈത്തിന്‍റെ ബഷർ അബ്ദുല്ല എന്നിവർക്ക് തൊട്ടുപിന്നിലാണ് 36 കാരന്‍റെ സ്ഥാനം. 109 ഗോളുകളുള്ള ഇറാൻ ഇതിഹാസ താരം അലി ദായിയാണ് ഒന്നാം സ്ഥാനത്ത്. ഇനി വെറും നാല് ഗോളുകൾ കൂടി നേടിയാൽ ഛേത്രിക്ക് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള ബ്രസീലിയൻ ഇതിഹാസം പെലെയെ മറികടക്കാനാകും.
ലോകകപ്പിന് യോഗ്യത നേടാനായില്ലെങ്കിലും ഇന്ത്യക്ക് അഭിമാനിക്കാവുന്ന വിജയമാണ് ഛേത്രിയും കുട്ടരും നൽകിയത്. 20 വർഷത്തിന് ശേഷമാണ് വിദേശ മണ്ണിൽ ഇന്ത്യ ലോകകപ്പ് യോഗ്യത മത്സരം വിജയിച്ചത്. വിജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്‍റുമായി ഇന്ത്യ ഗ്രൂപ്പ് 'ഇ'യിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു.
ജൂൺ 15ന് നടക്കുന്ന അടുത്ത മത്സരത്തിൽ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ലോകകപ്പ് യോഗ്യത നഷ്ടമായ ഇന്ത്യ ചൈനയിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ ഇടം നേടാനുള്ള ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.