
കൊമ്പുകുത്തി വീണു; ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്
text_fieldsകോഴിക്കോട്: സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ കൊമ്പുകുലുക്കി ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസിനെ വീഴ്ത്തിയ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ കൊമ്പും കുത്തി വീണു. ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ശ്രീനിധി ഡെക്കാൻ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. തോൽവിയോടെ ബ്ലാസ്റ്റേഴ്സിന്റെ സെമി സാധ്യതകൾ തുലാസിലായി. റൗണ്ട് ഗ്ലാസിനെതിരായ ആദ്യ മത്സരത്തിലെ ടീമിനെ അടിമുടി മാറ്റിപ്പണിത് കോച്ച് ഫ്രാങ്ക് ഡോവൻ നടത്തിയ പരീക്ഷണം പാളി. ആദ്യ മത്സരത്തിൽ കളിച്ച ഏഴുപേരെ മാറ്റിയാണ് ബ്ലാസ്റ്റേഴ്സ് ശ്രീനിധിക്കെതിരെ ഇറങ്ങിയത്. ആദ്യപകുതിയിൽ ചിത്രത്തിൽപോലും ബ്ലാസ്റ്റേഴ്സുണ്ടായിരുന്നില്ല.
ഉണരാതെ ബ്ലാസ്റ്റേഴ്സ്
കളിയുടെ തുടക്കം മുതലേ ശ്രീനിധിയുടെ ആധിപത്യം വ്യക്തമായിരുന്നു. 17ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് നൈജീരിയൻ താരം റിൽവാൻ ഒലാൻ റിവാജു ഹസ്സൻ ഗോൾവല കുലുക്കി. മധ്യഭാഗത്തുനിന്ന് കൊൻസാം ഫാൽഗുനി സിങ് കൊടുത്ത പാസ് സ്വീകരിച്ച ഹസൻ ഇടതു മൂലയിലൂടെ നിലംപറ്റിയ ഷോട്ടുതിർത്തപ്പോൾ ഗോൾ പോസ്റ്റിന്റെ വലതുമൂലയിലേക്ക് പന്ത് നുഴഞ്ഞുകയറി.
ഗോൾ വീണിട്ടും ബ്ലാസ്റ്റേഴ്സിന് ഉണരാൻ മടിയായിരുന്നു. 44ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ആലസ്യത്തിനുമേൽ ആഞ്ഞടിച്ച് ശ്രീനിധിയുടെ രണ്ടാം ഗോൾ പിറന്നു. ശ്രീനിധി ക്യാപ്റ്റൻ ഡേവിഡ് കാസ്റ്റനേഡയുടെ കാലിൽനിന്നായിരുന്നു മത്സരത്തിലെ മനോഹരമായ ഗോൾ പിറന്നത്. മികച്ച ഒത്തിണക്കത്തിന്റെ ഫലം കൂടിയായിരുന്നു രണ്ടാം ഗോൾ. മിഡ്ഫീൽഡർ ഒലാൻ റിവാജു ഹസൻ ഇടതു വിങ്ങിലേക്ക് നീട്ടിക്കൊടുത്ത പാസ് സൊറൈഷാം ദിനേഷ് സിങ് സ്വീകരിക്കുന്നു. ഗോൾ പോസ്റ്റിനു മുന്നിൽനിന്ന കാസ്റ്റനേഡയുടെ നെഞ്ചോളം ഉയരത്തിലെത്തിയ ക്രോസ്. വായുവിൽ ചാടിയുയർന്ന കാസ്റ്റനേഡ അതിഗംഭീരമായി പന്ത് വലയിലാക്കി.
രണ്ടാം പകുതിയിൽ കുറച്ചുകൂടി ഒത്തിണക്കം കാണിച്ച ബ്ലാസ്റ്റേഴ്സ് 50ാം മിനിറ്റിൽ കിട്ടിയ മികച്ച അവസരം കളഞ്ഞുകുളിച്ചു. വലതുവിങ്ങിൽ നിന്ന് ആയുഷ് അധികാരി കൊടുത്ത ക്രോസ് സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ അപോസ്തലസ് ഗിയാന്നോവിന് കണക്ട് ചെയ്യാനായില്ല.
മുന്നിൽ ഗോളി മാത്രം നിൽക്കെ കിട്ടിയ മികച്ച അവസരം ഗിയാന്നോ പാഴാക്കി. 62ാം മിനിറ്റിൽ വീണ്ടും ബ്ലാസ്റ്റേഴ്സ് വലയിൽ ഗോൾ കയറേണ്ടതായിരുന്നു. കാസ്റ്റനേഡയുടെ കൃത്യതയാർന്ന ഷോട്ട് ഇടതുവശത്തേക്ക് മുഴുനീളത്തിൽ ഡൈവ് ചെയ്ത് ഗോളി സച്ചിൻ സുരേഷ് രക്ഷപ്പെടുത്തുകയായിരുന്നു. 70ാം മിനിറ്റിൽ ഗിയാന്നിയുടെ ഹെഡർ ഗോൾ പോസ്റ്റിൽ തട്ടി പുറത്തുപോയി. അവസാന മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്സ് താളം വീണ്ടെടുത്തപ്പോഴേക്കും കളി കൈവിട്ടുപോയിരുന്നു.
പ്രതിരോധ നിധി
ബിജയ് ഛേത്രിയും സൊറൈഷാമും അരിജിത് ബഗൂയിയും ചേർന്ന് കോട്ടപോലെ കാവൽ നിന്ന പ്രതിരോധമാണ് ബ്ലാസ്റ്റേഴ്സിന്റെ വഴിമുടക്കിയത്. ഓരോ ബ്ലാസ്റ്റേഴ്സ് നീക്കങ്ങളുടെയും മുന ശ്രീനിധി പ്രതിരോധത്തിൽ തട്ടി തകരുന്ന കാഴ്ചയാണ് കോർപറേഷൻ സ്റ്റേഡിയത്തിലെ ഏഴായിരത്തിലേറെ കാണികൾ കണ്ടത്. ആദ്യ മത്സരത്തിന്റെ നിഴൽപോലുമാകാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞതുമില്ല. ആദ്യ പകുതിയിൽ മുൻനിരയിലേക്ക് പന്ത് അപൂർവമായാണ് എത്തിയത്.
പ്രതിരോധം ആർക്കുവേണമെങ്കിലും പിളർത്താൻ പാകത്തിൽ തുറന്നുകിടന്നു. ആദ്യ മത്സരത്തിൽ മിന്നിയ ക്യാപ്റ്റൻ ദിമിത്രിയോസ് ഡയമന്റകോസ് അനാഥമായി മൈതാനത്തിൽ അലയുന്നത് കാണാമായിരുന്നു. തോൽവിക്കിടയിലും കളംനിറഞ്ഞുകളിച്ചത് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധക്കാരൻ നിഷുകുമാർ മാത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.