സൂപ്പർ കപ്പ്: ഹൈദരാബാദിനായി കളം നിറഞ്ഞാടി ഞമ്മളെ സ്വന്തം റബീഹ്
text_fieldsമഞ്ചേരി: സൂപ്പർ കപ്പിലെ സൂപ്പർ പോരിൽ പയ്യനാട്ട് ഹൈദരാബാദ് എഫ്.സി വിജയ തുടക്കം കുറിച്ചപ്പോൾ മലപ്പുറത്തിനും അഭിമാന നിമിഷം. ഐസോൾ എഫ്.സിക്കെതിരെ ഹൈദരാബാദ് എഫ്.സി മികച്ച വിജയം നേടിയപ്പോൾ മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി എ.കെ. അബ്ദുൽ റബീഹും കളം നിറഞ്ഞാടി ശ്രദ്ധേയമായി. തുടക്കം മുതൽ അവസാനം വരെ ഹൈദരാബാദിനായി വിയർത്തുകളിച്ച റബീഹ് ആദ്യ ഗോളിനുള്ള അവസരമടക്കം നിരവധി ഗോൾ സാധ്യതകളാണ് ടീമിനായി ഒരുക്കി നൽകിയത്. ആദ്യ പകുതിയിൽ മധ്യനിരയിൽ ടീമിന്റെ ചുക്കാൻ പിടിച്ചത് റബീഹായിരുന്നു. സഹകളിക്കാരുമായുള്ള മികച്ച ഒത്തിണക്കവും വേഗവും സ്വന്തം നാട്ടിൽ കൂടുതൽ ശക്തനാക്കി.
17ാം മിനിറ്റിൽ ഹൈദരാബാദ് നേടിയ ആദ്യ ഗോളിന്റെ പിന്നിൽ തിരക്കഥയിട്ടത് റബീഹായിരുന്നു. വലത് വിങ്ങിൽനിന്ന് പന്തുമായി ഓടിക്കയറി ബോക്സിനുള്ളിലേക്ക് നൽകിയ അളന്നുമുറിച്ച പന്താണ് ഗോളിൽ കലാശിച്ചത്. ഐസോൾ പ്രതിരോധം കോട്ട കെട്ടുന്നതിനുമുമ്പേ അതിവേഗത്തിൽ പാഞ്ഞടുത്ത നീക്കം സ്വന്തം കാണികളെ ആവേശത്തിലെത്തിച്ചു. പരിക്കുമൂലം പ്രധാന താരങ്ങൾ കളിച്ചിട്ടും ടീം മികച്ച വിജയം നേടിയെന്നും വരുംമത്സരങ്ങളിൽ കൂടുതൽ കരുത്തോടെ കളിക്കുമെന്നാണ് പ്രതീക്ഷയെന്നും മത്സര ശേഷം അബ്ദുൽ റബീഹ് ‘മാധ്യമ’ത്തോട് പ്രതികരിച്ചു. സ്വന്തം നാട്ടിൽ കളിക്കുകയെന്നത് വലിയ ആവേശമാണെന്നും വരുംകളികളിൽ കൂടുതൽ കാണികൾ എത്തട്ടെയെന്നും റബീഹ് പറഞ്ഞു.
കളിയാവേശത്തിന് കുടുംബവും
റബീഹിന്റെ കളി കാണാൻ കുടുംബവും നാട്ടിലെ കൂട്ടുകാരും സ്റ്റേഡിയത്തിൽ നേരത്തേ എത്തിയിരുന്നു. സ്റ്റേഡിയത്തിൽ നാട്ടുകാർക്കൊപ്പം ഒരുമിച്ചിരുന്നാണ് പിതാവ് അബ്ദുൽ കരീമും മാതാവ് റസിയയും സഹോദരങ്ങളും മനം നിറയെ കളി കണ്ടത്. ഓരോ നീക്കങ്ങൾക്കും പ്രോത്സാഹനം നൽകി അവർ കൂടെ നിന്നു. സ്വന്തം നാട്ടിൽ മികച്ച കളി പുറത്തെടുക്കാനായെന്നും ഹൈദരാബാദിന്റെ വിജയത്തിൽ അവന് നിർണായക പങ്കുവഹിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും സഹോദരൻ അബ്ദുൽ റംഷിക്ക് പറഞ്ഞു.
ഹൈദരാബാദിന്റെ കളി വിലയിരുത്തിയാൽ കൂടുതൽ ഗോൾ നേടേണ്ടതായിരുന്നെന്നും എന്നാലും വിജയത്തിന് പ്രസക്തി ഏറെയാണെന്നും സഹോദരൻ പറഞ്ഞു. മത്സര ശേഷം റബീഹ് കുടുംബത്തിന്റെ അടുത്തേക്ക് പോയി അവരുമായി സംസാരിക്കുകയും ചെയ്തു. വരുംകളികളിൽ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ മികച്ച പ്രകടനം തുടരാനാവുമെന്ന പ്രതീക്ഷയിലാണ് റബീഹ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.