സൂപ്പർ കപ്പ്: ഐസോൾ, ചർച്ചിൽ സൂപ്പർ യോഗ്യർ
text_fieldsമഞ്ചേരി: സൂപ്പർ കപ്പ് യോഗ്യതയിൽ ഐ ലീഗ് വമ്പന്മാരുടെ പോരാട്ടത്തിൽ ട്രാവു എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് ഐസോൾ എഫ്.സി സൂപ്പർ യോഗ്യരായി. 64ാം മിനിറ്റിൽ ഐസോൾ മിഡ്ഫീൽഡർ ഇവാൻ വരാസാണ് ഐസോൾ പടക്ക് വിജയഗോൾ സമ്മാനിച്ചത്. ട്രാവു ഗോളി ജെഡിഡി തട്ടിയകറ്റിയ പന്ത് പിടികൂടിയാണ് ഇവാൻ അപ്രതീക്ഷിത കിക്കിലൂടെ ട്രാവുവിന്റെ നെഞ്ചുപിളർത്തിയത്. വിജയത്തോടെ സൂപ്പർ കപ്പ് ഗ്രൂപ് ഘട്ടത്തിൽ ഐസോൾ, ഹൈദരബാദ് എഫ്.സിയെ നേരിടാൻ അർഹത നേടി.
ഗോളില്ല പകുതി...
ആദ്യ പകുതിയിൽ ഐസോൾ എഫ്.സി മികച്ച മുന്നേറ്റങ്ങളോടെ തുടങ്ങിയെങ്കിലും പതിയെ ട്രാവു എഫ്.സി തിരിച്ചടിച്ച് കളിയിലേക്ക് ഉയർന്നു. ആദ്യ 15 മിനിറ്റുകളിൽ ഇരു ടീമുകളും കാര്യമായ നീക്കങ്ങളില്ലാതെ കളത്തിലൂടെ ഓടി. 24ാം മിനിറ്റിലാണ് എടുത്തുപറയാവുന്ന നീക്കം പിറന്നത്. ഐസ്വാൾ മുന്നേറ്റതാരം ഓടിയടുത്ത് തൊടുത്ത വേഗതയേറിയ ഷോട്ട് ട്രാവു ഗോൾപോസ്റ്റിന്റെ വലതു തൂണിനെ ഉമ്മവെച്ച് പുറത്തേക്ക് തെറിച്ചു. 30ാം മിനിറ്റിൽ ട്രാവു എഫ്.സി അപ്രതീക്ഷിത നീക്കത്തിലൂടെ ഐസ്വാൾ പ്രതിരോധത്തെ വിറപ്പിച്ചെങ്കിലും ഗോളവസരം പാഴായി. ട്രാവു സ്ട്രൈക്കർ സാലം ജോൺസൺ സിങ് മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് ഓടിവന്ന് ബോക്സിന് പുറത്തുനിന്ന് തൊടുത്തുവിട്ട ലോങ് ഷോട്ട് നിർഭാഗ്യവഴിയിൽ പുറത്തേക്ക് കുതിച്ചു. 43ാം മിനിറ്റിൽ ഐസോൾ താരങ്ങൾക്ക് ഗോളാക്കാൻ ഇരട്ട അവസരങ്ങൾ പെനാൽറ്റി ബോക്സിൽ ഉരുത്തിരിഞ്ഞെങ്കിലും മുതലാക്കാനായില്ല. ഒന്നാം പകുതിയിൽ ഇരുടീമുകളും ഒരുഗോളെങ്കിലും നേടി മേധാവിത്വം പുലർത്താൻ ശ്രമിച്ചെങ്കിലും സ്കോർ പിറന്നില്ല.
രണ്ടിലൊന്ന്...
രണ്ടാം പകുതിയിൽ രണ്ടും കൽപ്പിച്ചിറങ്ങിയ ഐസോൾ എഫ്.സിയും ട്രാവു എഫ്.സിയും ഗോളടിക്കാൻ മൈതാനം നിറഞ്ഞോടി. 49ാം മിനിറ്റിൽ ട്രാവുവിന്റെ ബോറിങ്ഡോ ബോഡോയുടെ ഉഗ്രനൊരു ഷോട്ട് പോസ്റ്റിന് പിന്നിലേക്ക് പറന്നകന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ട്രാവു കൂടുതൽ കരുത്ത് പുറത്തെടുത്തതോടെ ഐസോൾ താരങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടു. മികച്ച പാസുകളിലൂടെ അവസരങ്ങൾ ഒരുക്കി ഐസോൾ ട്രാവു പോസ്റ്റിലേക്ക് പലവട്ടം കുതിച്ചു.
64ാം മിനിറ്റിലാണ് കളിയിലെ വിജയഗോൾ പിറന്നത്. ഐസോളിന്റെ പകരക്കാരനായിറങ്ങിയ മിഡ്ഫീൽഡർ ചാന്റേ സെയിലോ പോസ്റ്റിലേക്കടിച്ച ഷോട്ട് ട്രാവു ഗോളി ജെഡിഡി തട്ടിയകറ്റിയത് ബോക്സിനുള്ളിൽ തക്കംപാർത്തിരുന്ന മുന്നേറ്റതാരം ഇവാൻ വെരാസ് അപ്രതീക്ഷിത കിക്കിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഇതോടെ ട്രാവു ഉണർന്നു കളിച്ചെങ്കിലും ഐസോൾ പ്രതിരോധം കടുപ്പിച്ചു. 70ാം മിനിറ്റിൽ ട്രാവു താരം സാംറ്റെ നൽകിയ ക്രോസിന് മിഡ്ഫീൽഡർ ബികാഷ് സിങ് തലവെച്ചെങ്കിലും ഐസോൾ ഗോളി പന്ത് കുത്തിയകറ്റി. ഗോളടിക്കാൻ ഓടിക്കളിച്ച ട്രാവുവിന് സാംറ്റെയുടെ പാസിൽനിന്ന് ബോഡോയുടെ ഷോട്ടിലൂടെ അധികസമയത്ത് വീണ്ടുമൊരു അവസരം ലഭിച്ചെങ്കിലും എതിർവല കുലുക്കാനായില്ല.
ചർച്ചിൽ ബ്രദേഴ്സ് 6-0ത്തിന് റിയൽ കശ്മീരിനെ തകർത്തു
മഞ്ചേരി: റിയൽ കശ്മീരിന്റെ വലയിൽ അര ഡസൻ ഗോളുകൾ നിറച്ച് ചർച്ചിൽ ബ്രദേഴ്സ് സൂപ്പർ കപ്പിന്റെ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി.
ലൈബീരിയൻ താരം ഗനേഫോ ക്രൊമാഹ് നാലും മാർട്ടിൻ നിക്കോളാസ്, സർദാർ ജാക്കനോവ് എന്നിവർ ഓരോ ഗോൾ വീതവും നേടി. കളിയുടെ ഒരു ഘട്ടത്തിൽ പോലും ചർച്ചിലിന് വെല്ലുവിളി ഉയർത്താൻ റിയൽ കശ്മീരിനായില്ല.
മൂന്നടിച്ച് ഇരുപകുതികൾ
കളിയുടെ ആറാം മിനിറ്റിൽ പന്തുമായി മുന്നേറിയ ചർച്ചിൽ ബ്രദേഴ്സ് താരം അനിൽ റാമയെ ബോക്സിൽ റിയൽ കശ്മീർ കീപ്പർ ഇംറാൻ അർഷിദ് വീഴ്ത്തിയതിന് ചർച്ചിലിന് പെനാൽറ്റി. നിക്കോളാസ് അനായാസം പന്ത് വലയിലെത്തിച്ചു ( 1-0). 34ാം മിനിറ്റിൽ ചർച്ചിലിന് വീണ്ടും പൊനാൽറ്റി ലഭിച്ചു. റിയൽ കശ്മീർ ക്യാപ്റ്റനും മലായാളിയുമായ ജസ്റ്റിൻ ജോർജ് ചർച്ചിൽ താരം കിങ്സ് ലി ഫെർണാണ്ടസിനെ വീഴ്ത്തിയതിനായിരുന്നു സ്പോട്ട് കിക്ക്. കിക്കെടുത്ത ഗനേഫോ പന്ത് വലയിലെത്തിച്ചു. ( 2-0)
ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ചർച്ചിൽ മൂന്നാം ഗോളും നേടി. നിക്കോളാസ് എടുത്ത ഷോട്ട് കീപ്പർ രക്ഷപ്പെടുത്തിയെങ്കിലും ഗനേഫോ ഹെഡറിലൂടെ രണ്ടാം ഗോൾ നേടി (3-0).
രണ്ടാം പകുതിയിൽ രണ്ട് മിനിറ്റിനിടെ ഗനേഫോ രണ്ട് ഗോളുകൾ കൂടി നേടി വിജയം ഏകപക്ഷീയമാക്കി. 60, 61 മിനിറ്റുകളിലായിരുന്നു ഗോളുകൾ. 75ാം മിനിറ്റിൽ ഉസ്ബക്കിസ്ഥാൻ താരം ജാക്കനോവ് ടീമിന് ലഭിച്ച മൂന്നാം പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ചതോടെ കശ്മീരിന്റെ പതനം പൂർത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.