സൂപ്പർ കപ്പ്: ഇൻജുറി ടൈം ഗോളിൽ മുംബൈ സിറ്റിയോട് തോറ്റ് ഗോകുലം
text_fieldsഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പ് ഗ്രൂപ് സിയിലെ ആദ്യ മത്സരത്തിൽ കരുത്തരായ മുംബൈക്കെതിരെ ജയപ്രതീക്ഷയിൽ നിൽക്കെ സമനില വഴങ്ങിയ ഗോകുലം കേരള എഫ്.സി അവസാന നിമിഷങ്ങളിലെ പെനാൽറ്റി ഗോളിൽ കീഴടങ്ങി. ഇൻജുറി ടൈമിന്റെ ഏഴാം മിനിറ്റിലായിരുന്നു മുംബൈയുടെ വിജയഗോൾ. കളിയുടെ 23ാം മിനിറ്റിൽ ക്യാപ്റ്റൻ അലക്സി സാഞ്ചസ് നേടിയ ഗോളിൽ മുന്നിലെത്തിയ ഗോകുലത്തിന് 76ാം മിനിറ്റിലാണ് ചിക്കാരയിലൂടെ മുംബൈ മറുപടി ഗോൾ നൽകിയത്. അവസാന വിസിലിന് മൂന്ന് മിനിറ്റ് മാത്രം ബാക്കിനിൽക്കെ കിട്ടിയ പെനാൽറ്റി കിക്ക് മുംബൈ താരം യാസർ അൽ ഖയാത്തി ലക്ഷ്യത്തിലെത്തിച്ചു.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇരു ടീമിനും ഗോൾ അവസരങ്ങൾ നിരവധി ലഭിച്ചു. ആദ്യ പകുതിയിൽ ഒത്തിണക്കത്തോടെ മുന്നേറിയ ഗോകുലത്തിന് ഐ ലീഗിലെ ടോപ് സ്കോററായ അലക്സി ലീഡും നേടിക്കൊടുത്തു. രണ്ടാം പകുതിയിൽ ഗോകുലത്തിന്റെ ഗോൾമുഖത്ത് മുംബൈ ആക്രമണങ്ങൾ അഴിച്ചുവിട്ടുകൊണ്ടേയിരുന്നു. 72ാം മിനിറ്റിൽ ഗോകുലം ഡിഫെൻഡർ അമിനോ ബൗബയുടെ ഗോൾ അവസരം ബാറിൽ തട്ടി തെറിച്ചു. നാലു മിനിറ്റിനു ശേഷം മുംബൈ സമനില പിടിച്ചു. കളി 1-1ൽ തീരുമെന്ന് കരുതിയിരിക്കെയാണ് ബോക്സിലെ ഫൗളിന് റഫറി പെനാൽറ്റി വിധിച്ചത്. ജനുവരി 16ന് ചെന്നൈയിൻ എഫ്.സിയാണ് ഗോകുലത്തിന്റെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.