മലബാറിനിതെന്തുപറ്റി?
text_fieldsമഞ്ചേരി: കേരളം ആദ്യമായി ആതിഥേയത്വം വഹിച്ച സൂപ്പർ കപ്പിന് മലബാറിന്റെ മണ്ണിൽനിന്ന് ശ്രദ്ധേയ മടക്കം. ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പന്മാരെയെല്ലാം അട്ടിമറിച്ചെത്തിയ ഒഡിഷ എഫ്.സി കന്നിക്കിരീടത്തിൽ മുത്തമിട്ടതോടെ കോഴിക്കോടിന്റെ മണ്ണിൽ പുതുചരിത്രം പിറന്നു.
ഐ.എസ്.എല്ലിൽ ഈ സീസണിൽ റണ്ണേഴ്സ് ആയ ബംഗളൂരു എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മലർത്തിയടിച്ചാണ് ഒഡിഷ വിജയകിരീടം ചൂടിയത്. ഐ.എസ്.എല്ലിലെ ഗോൾവേട്ട സൂപ്പർ കപ്പിലും തുടർന്ന ഒഡിഷയുടെ ബ്രസീലിയൻ താരം ഡിയഗോ മൗറിഷ്യോ ടൂർണമെന്റിലെ താരമായി.
ഗോൾ ബാറിന് കീഴിൽ ബാഹുബലി കണക്കെ നിന്ന ഒഡിഷയുടെതന്നെ അമരീന്ദർ സിങ് മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. ഏഴ് ഗോളുമായി നോർത്ത് ഈസ്റ്റ് ക്യാപ്റ്റൻ വിൽമർ ജോർദാൻ ടോപ് സ്കോററായി.
മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ഒരുമാസം നീണ്ട സൂപ്പർ കപ്പ് അരങ്ങേറിയത്. ഐ.എസ്.എല്ലിലെയും ഐ ലീഗിലെയും ടീമുകൾ ഏറ്റുമുട്ടുന്നതാണ് സൂപ്പർ കപ്പ്. ഐ.എസ്.എല്ലിലെ 11 ടീമുകളും ഐ ലീഗ് ചാമ്പ്യന്മാരും നേരിട്ട് യോഗ്യത നേടി. ബാക്കി നാല് ടീമുകൾ യോഗ്യത മത്സരം വിജയിച്ചെത്തി.
എ, സി ഗ്രൂപ് മത്സരങ്ങൾ കോഴിക്കോടും ബി, ഡി ഗ്രൂപ് മത്സരങ്ങൾ പയ്യനാടും നടന്നു. ഇതിന് പുറമെ യോഗ്യതമത്സരങ്ങൾക്കും പയ്യനാട് വേദിയായി. കോഴിക്കോട് നടന്ന നോർത്ത് ഈസ്റ്റ്-ചർച്ചിൽ ബ്രദേഴ്സ് മത്സരത്തിലാണ് കൂടുതൽ ഗോളുകൾ പിറന്നത്. 6-3നായിരുന്നു നോർത്ത് ഈസ്റ്റിെന്റ വിജയം.
ആവേശം ‘സൂപ്പറാ’യില്ല
കഴിഞ്ഞ വർഷം മലപ്പുറത്ത് നടന്ന സന്തോഷ് ട്രോഫി സൂപ്പർഹിറ്റായതോടെയാണ് സൂപ്പർ കപ്പിന് വേദിയൊരുക്കാൻ സംസ്ഥാനത്തിന് അവസരം ലഭിച്ചത്. എന്നാൽ, അതേ ആവേശം സൂപ്പർ കപ്പിൽ കണ്ടില്ല. കുറഞ്ഞ കാണികൾ മാത്രമാണ് എത്തിയത്.
എ ഗ്രൂപ്പിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ കോഴിക്കോെട്ട ഗാലറി നിറഞ്ഞതൊഴിച്ചാൽ മറ്റു മത്സരങ്ങൾക്ക് ഗാലറി ശുഷ്കമായിരുന്നു. പയ്യനാട്ടാകട്ടെ ശരാശരി 3000 പേർ മാത്രമാണ് എത്തിയത്. ഇത് രണ്ടാമത്തെ കളിക്ക് മാത്രമാണ്.
വൈകീട്ട് അഞ്ചിന് നടന്ന ആദ്യ മത്സരങ്ങൾക്ക് വിരലിലെണ്ണാവുന്നവർ മാത്രമാണ് ഗാലറിയിലെത്തിയത്. റമദാൻ നാളിലെ മത്സരങ്ങളും ഉയർന്ന ടിക്കറ്റ് നിരക്കും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. പ്രചാരണവും കുറവായിരുന്നു. സന്തോഷ് ട്രോഫിക്ക് ഗോൾ വണ്ടി, സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങിയവ നടന്നിരുന്നു.
എന്നാൽ, സൂപ്പർ കപ്പിന് ഐ.എസ്.എല്ലിലെ ടീമുകൾ പങ്കെടുത്തിട്ടും വേണ്ടത്ര പ്രചാരണം നടന്നില്ലെന്ന ആക്ഷേപമുണ്ട്. സംഘാടകർക്ക് ചുമതലകൾ നൽകുന്നതിന് പകരം പൂർണമായും ഇവന്റ് മാനേജ്മെന്റിെന ഏൽപിച്ചു. ഇതും തിരിച്ചടിയായെന്നാണ് പരാതി.
പരിശീലന മൈതാനത്തും പരാതികൾ
ചാമ്പ്യൻഷിപ്പിനെത്തിയ ടീമുകൾക്ക് കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലുമായിരുന്നു പരിശീലനത്തിന് സൗകര്യമൊരുക്കിയത്. എന്നാൽ, കോട്ടപ്പടി സ്റ്റേഡിയത്തിൽ ആദ്യഘട്ടത്തിൽ വേണ്ടത്ര സൗകര്യം ഒരുക്കാത്തത് വിവാദത്തിന് വഴിയൊരുക്കി.
മുൻ ഇന്ത്യൻ കോച്ചും നിലവിൽ ഈസ്റ്റ് ബംഗാൾ കോച്ചുമായിരുന്ന സ്റ്റീഫൻ കോൺസ്റ്റൻറൈൻ പോരായ്മകളെക്കുറിച്ച് ആഞ്ഞടിച്ചു. സ്റ്റേഡിയത്തിൽ ആവശ്യത്തിന് വെളിച്ചസംവിധാനം ഒരുക്കിയിരുന്നില്ല. ഒപ്പം മൈതാനത്ത് ലൈൻ മാർക്ക് ചെയ്യാനും സംഘാടകർ മറന്നു. ഇതോടെയാണ് കോൺസ്റ്റൻറൈൻ രംഗത്തെത്തിയത്. സൂപ്പർ കപ്പ് പോലുള്ള വലിയ ടൂർണമെന്റുകൾക്ക് ഇത്ര സൗകര്യം ഒരുക്കിയാൽ മതിയോ എന്ന് അദ്ദേഹം ചോദിച്ചു.
അഞ്ച് മിനിറ്റ് വാർത്തസമ്മേളനം നടത്താൻ മലപ്പുറത്തെ താമസ സ്ഥലത്തുനിന്ന് കോഴിക്കോട്ടെ സ്റ്റേഡിയത്തിലേക്ക് കോച്ചിനെ കൊണ്ടുപോയതും വെള്ളം ലഭിക്കാത്തതും ചർച്ചയായി. പരിശീലനമൈതാനത്ത് ആംബുലൻസും ഒരുക്കിയിരുന്നില്ല. താമസസ്ഥലത്തും വേണ്ടത്ര സൗകര്യം ഒരുക്കിയില്ലെന്ന് മറ്റു ടീമുകളും പരാതി ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.