ഒഡിഷ കൊടുങ്കാറ്റിൽ അലിഞ്ഞ് ഐസോൾ
text_fieldsമഞ്ചേരി: സൂപ്പർ കപ്പ് ബി ഗ്രൂപ്പിലെ നിർണായക സൂപ്പർ പോരിൽ ഐസോളിനെ അലിയിച്ച് ഒഡിഷ എഫ്.സിക്ക് തകർപ്പൻ വിജയം. ഐ ലീഗ് കരുത്തരായ ഐസോൾ എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ഐ.എസ്.എൽ വമ്പന്മാർ പയ്യനാട്ട് ആദ്യ വിജയം കുറിച്ചിട്ടത്.
ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങിയതിനാൽ ഒഡീഷക്ക് വിജയം അനിവാര്യമായിരുന്നു. ഗോൾരഹിതമായ ആദ്യ പകുതിയിൽനിന്ന് വ്യത്യസ്തമായി മിന്നും പ്രകടനമാണ് ഒഡിഷൻ താരങ്ങൾ രണ്ടാം വരവിൽ പുറത്തെടുത്തത്.
46ാം മിനിറ്റിൽ ഒഡിഷയുടെ ഐ.എസ്.എൽ ഗോൾഡൻ ബൂട്ട് ജേതാവ് ഡീഗോ മൗറിഷ്യോയുടെ കാലിൽ നിന്നാണ് ആദ്യ ഗോൾ പിറന്നത്. 55ാം മിനിറ്റിൽ സ്പെയിൻ മിഡ്ഫീൽഡർ വിക്ടർ റെമോരോ രണ്ടാം ഗോളും അടിച്ചെടുത്തു. കളിയുടെ അധികസമയത്ത് പകരക്കാനായിറങ്ങിയ നന്ദകുമാറാണ് മൂന്നാം ഗോൾ കുറിച്ചത്.
വിരസ തുടക്കം;ഗോളില്ലാ പകുതി
വിരസമായി തുടങ്ങിയ കളിയിൽ ഇരുടീമുകളും പതിയെ കളി കാര്യമാക്കുന്നതാണ് ആദ്യപകുതിയിൽ കണ്ടത്. പ്രതീക്ഷിച്ച പോലെ ഒഡിഷ എഫ്.സിക്കായിരുന്നു നേരിയ മുൻതൂക്കമെങ്കിലും കാര്യമായ ഗോളവസരങ്ങൾ പിറന്നില്ല. ഇരുടീമുകൾക്കും ചെറിയ അവസരങ്ങൾ കിട്ടിയെങ്കിലും മുതലെടുക്കാനായില്ല.
20ാം മിനിറ്റിൽ ഐസോളിന് ലഭിച്ച കോർണർ കിക്ക് മിഡ്ഫീൽഡർ ലാൽറുതുലുംഗ കനമുള്ള ഷോട്ടാക്കി പോസ്റ്റിലേക്ക് തൊടുത്തെങ്കിലും ലക്ഷ്യം ഉയർന്നുപോയി. 22ാം മിനിറ്റിൽ ഒഡിഷയുടെ സ്ട്രൈക്കർ ജെറിയുടെ വലതുവിങ്ങിൽ നിന്നുള്ള ക്രോസ് ഷോട്ട് ഐസോൾ ഗോളി വൻലാൽ റിയാത്പുയ ചാടിപിടിച്ച് തട്ടിയകറ്റി രക്ഷകനായി.
30ാം മിനിറ്റിൽ ഐസോളിന് അനുകൂലമായി കിട്ടിയ കോർണർ ഗോളാവാതെ പോയത് തലനാരിഴക്കാണ്. മിഡ്ഫീൽഡർ മഫേല തൊടുത്തുവിട്ട ലോങ് കോർണർ ലാൽറുതുലുംഗ പോസ്റ്റ് ലക്ഷ്യമാക്കി കാൽവെച്ചെങ്കിലും വലകുലുക്കാതെ അകന്നുപോയി.
44ാം മിനിറ്റിൽ ഒഡിഷയുടെ ജെറി വലതുവിങ്ങിലൂടെ കുതിച്ചെത്തി ബോക്സിനുള്ളിലേക്ക് കൊടുത്ത ഉഗ്രൻ ക്രോസ് സഹതാരം ഇസാക് റാൽട്ടെ ഗോൾലക്ഷ്യമിട്ട് അടിച്ചുനോക്കിയെങ്കിലും ഗോളിയെ മറികടക്കാനായില്ല.
ആഞ്ഞടിച്ച് ഒഡിഷ
രണ്ടാം പകുതിയിൽ മാരകകളിയുമായാണ് ഒഡിഷ ക്ഷീണം തീർത്തെത്തിയത്. 10 മിനിറ്റിനുള്ളിൽ രണ്ട് ഗോളുമായി ഐസോളിനെ അവർ നിഷ് പ്രഭമാക്കി. 46ാം മിനിറ്റിൽ വൈ.എം. ഡെനി നൽകിയ കോർണർ കിക്ക് ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഡീഗോ മൗറീഷ്യോ വലയിലേക്ക് ഉരുട്ടിയിട്ട് ആദ്യ ഗോൾ നേടി.
രണ്ടാം പകുതിയുടെ ആദ്യ അഞ്ച് മിനിറ്റിൽ മൂന്ന് കോർണറുകളാണ് ഐസോൾ വഴങ്ങിയത്. ഗോളെണ്ണം കൂട്ടാൻ വീണ്ടും ഉണർന്ന് കളിച്ച ഒഡിഷ 55ാം മിനിറ്റിൽ ലീഡ് രണ്ടാക്കി ഉയർത്തി. മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് പന്തുമായി കടന്നുവന്ന ജെറി വലത് വിങ്ങിൽനിന്ന് കൈമാറിയ ക്രോസ് സ്പെയിൻ മിഡ്ഫീൽഡർ വിക്ടർ റൊമേരോ അവസരം പാഴാക്കാതെ ഗോൾ പോസ്റ്റിലേക്ക് അടിച്ചുകയറ്റി.
രണ്ട് ഗോളിന് പിന്നിലായതോടെ ഐസോൾ പട ഏറെനേരം പൊരുതിയെങ്കിലും ഫലം കണ്ടില്ല. കളിയുടെ അധികസമയത്താണ് വിജയത്തിന് മാറ്റ്കൂട്ടി മൂന്നാം ഗോൾ പിറന്നത്. ഡീഗോ മൗറീഷ്യോയുടെ കനമുള്ള ഷോട്ട് ഗോളിയുടെ കൈതട്ടി മുന്നോട്ട് വന്നയുടൻ ഓടിയെത്തിയ മുന്നേറ്റതാരം നന്ദകുമാർ വലയിലേക്ക് തെടുത്തുവിട്ടു. അധികസമയത്തിന്റെ നാലാം മിനിറ്റിൽ ഡിഗോ മൗറീഷ്യേയെ ഫൗൾ ചെയ്തതിന് ഡീഗോ തന്നെയെടുത്ത പൈനാൽ കിക്ക് ഐസോൾ ഗോളി തടുത്തിട്ടത് ഒരു ഗോളെണ്ണം കുറച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.