പയ്യനാട് ഇനി സൂപ്പർ പോരുനാട്
text_fieldsമഞ്ചേരി: ‘യോഗ്യരാ’യെത്തിയ ഐ ലീഗ് ടീമുകളും കരുത്തരായ ഐ.എസ്.എൽ ടീമുകളും കൊമ്പുകോർക്കുന്ന സൂപ്പർ കപ്പ് ഗ്രൂപ് പോരാട്ടത്തിൽ മഞ്ചേരി പയ്യനാട്ടെ മത്സരങ്ങൾക്ക് ഞായറാഴ്ച തുടക്കമാവും. വൈകീട്ട് അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തിൽ ഐ.എസ്.എൽ കരുത്തരായ ഹൈദരാബാദ് എഫ്.സി ഐ ലീഗ് ടീമായ ഐസോൾ എഫ്.സിയെ നേരിടും. രാത്രി 8.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്.സി ഒഡിഷ എഫ്.സിയുമായി കൊമ്പുകോർക്കും.
ഹൈദരാബാദ് സൂപ്പർ കപ്പിൽ ആധികാരിക വിജയം ലക്ഷ്യമിട്ടാണ് പോരിനിറങ്ങുക. ഐ.എസ്.എല്ലിലെ ഏറ്റവും ഒത്തിണക്കമുള്ള ടീമെന്ന ഖ്യാതിയുള്ള ഹൈദരാബാദ് പരിശീലകൻ മനോലോ മാർക്വേസിന്റെ തന്ത്രങ്ങളിലൂടെ മികച്ച താരങ്ങളുമായാണ് സൂപ്പർ കപ്പിനെത്തുന്നത്. ഹൈദരബാദിലെ സ്ഥിരം സാന്നിധ്യവും ക്യാപ്റ്റനുമായ ജോ വിക്ടറിന് തന്നെയായിരിക്കും കളി മെനയാനുള്ള ഉത്തരവാദിത്തം.
ആകാശ് മിശ്രയെപോലുള്ള മികച്ച ഇന്ത്യൻ യുവതാരങ്ങളാൽ സമ്പന്നമാണ് ഹൈദരബാദ് എഫ്.സി കൃത്യമായ പാസുകളിലൂടെയും നീക്കങ്ങളിലൂടെയും ഹൈദരബാദ് പന്തുമായി നീങ്ങിയാൽ ഐസോൾ അത്രക്ക് കൂളാവില്ല. ഹീറോ സൂപ്പർ കപ്പുപോലുള്ള ഒരു മത്സരത്തിൽ അലംഭാവത്തിന് സ്ഥാനമില്ലെന്നും മികച്ച കളി പുറത്തെടുക്കുമെന്നും ഹൈദരാബാദ് കോച്ച് മനോലോ വ്യക്തമാക്കിയിട്ടുണ്ട്. നോക്കൗട്ടിലേക്ക് യോഗ്യത നേടാൻ എല്ലാ മത്സരങ്ങളും ജയിക്കേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാം, എന്നാൽ, ഐസോളിന് മികച്ച കളിക്കാരുള്ള ശക്തമായ ഒരു സ്ക്വാഡുണ്ട്, ഞങ്ങൾ തോറ്റാൽ, അവസാനം യോഗ്യത നേടാൻ ഞങ്ങൾ അർഹരല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
യോഗ്യതമത്സരത്തിൽ ട്രാവു എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഐ ലീഗ് ഫേവറിറ്റായ ഐസോൾ വരുന്നത്. ഫോമിലുള്ള ഇവാൻ വരാസ്, ചാന്റേ സെയിലോ തുടങ്ങിയവരുടെ കരുത്തിലാണ് ഐസോൾ സൂപ്പർ പോരാട്ടത്തിന് ടിക്കെറ്റെടുത്തത്. കരുത്തരായ എതിരാളികളാണെങ്കിലും പൊരുതാനുറച്ചുതന്നെയാണ് ഐസോൾ പട പന്ത് തട്ടാനിറങ്ങുന്നത്.
മഞ്ചേരി പയ്യനാട്ട് സ്റ്റേഡിയത്തിൽ കൂടുതൽ മത്സരങ്ങൾ കളിച്ചതിനാൽ കാലാവസ്ഥയുമായി ടീം ഏറെ പൊരുത്തപ്പെട്ടിട്ടുണ്ട്. രണ്ടാം മത്സരത്തിൽ ഒഡിഷ എഫ്.സിക്കാണ് നേരിയ മുൻതൂക്കം. കൊൽക്കത്തൻ ടീമായ ഈസ്റ്റ് ബംഗാളിന്റെ സമീപകാല മത്സരങ്ങൾ വലിയ പ്രതീക്ഷ നൽകുന്നതല്ല. കഴിഞ്ഞ ഐ.എസ്.എൽ ലീഗ് ഘട്ടത്തിൽ 20 മത്സരങ്ങളിൽനിന്ന് 13 തോൽവിയോടെ ഒമ്പതാം സ്ഥാനത്തായിരുന്നു ഈസ്റ്റ് ബംഗാൾ.
ഒഡിഷ എഫ്.സി 20 മത്സരങ്ങളിൽനിന്ന് മൂന്ന് വിജയവും ഒമ്പത് സമനിലയുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ പിന്നിൽ ആറാം സഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. ഐ.എസ്.എൽ ഗോൾഡൻ ബൂട്ട് ജേതാവായ ഡീഗോ മൗറീഷ്യോയുടെ കരാർ നീട്ടിയത് ഒഡിഷ ആരാധകർക്ക് സന്തോഷ വാർത്തയാണ്. സൂപ്പർ കപ്പിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഒഡീഷക്ക് വലിയ ആത്മവിശ്വാസം നൽകും. ഡീഗോയുടെ ഐ.എസ്.എല്ലിലെ മികച്ച പ്രകടനങ്ങൾ സൂപ്പർ കപ്പിലും ആവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇത് ടീമിന്റെ കരുത്താകുമെന്നും പരിശീലകൻ ക്ലിഫോർഡ് മിറാൻഡ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.