സൂപ്പർ ഹോപ്പ്; ഓൾ സെറ്റ്
text_fieldsകൊച്ചി: കിരീടമില്ലാത്ത രാജാക്കന്മാർക്കിത് കന്നിക്കിരീടത്തിനുള്ള കാത്തിരിപ്പ്, ഒന്നോ രണ്ടോ കിരീടം നേടിയവർക്ക് ഒരു വട്ടം കൂടി കപ്പുയർത്താമെന്ന പ്രതീക്ഷ... സെപ്റ്റംബർ 13ന് കൊൽക്കത്തയിലെ സാൾട്ട് ലേക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസൺ തുടങ്ങാനിരിക്കേ സൂപ്പർ ഹോപ്പിലാണ് ടീമുകളെല്ലാം. കൊച്ചിയിൽ നടന്ന മീഡിയ ഡേ പരിപാടിയിൽ പ്രമുഖ ടീമുകളെല്ലാം തങ്ങളുടെ വിജയ പ്രതീക്ഷകളും പരിശീലന തന്ത്രങ്ങളും പങ്കുവെച്ചു. കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി, മുംബൈ സിറ്റി എഫ്.സി, ചെന്നൈയിൻ എഫ്.സി, ഹൈദരാബാദ് എഫ്.സി, എഫ്.സി ഗോവ, ബംഗളൂരു എഫ്.സി എന്നീ ടീമുകളുടെ പരിശീലകരും താരങ്ങളുമാണ് ഈ സീസണിലെ വിജയപ്രതീക്ഷകളെക്കുറിച്ച് മനസ്സു തുറന്നത്.
മുംബൈ സിറ്റി
രണ്ടു തവണ ഐ.എസ്.എൽ കപ്പുയർത്തി മുംബൈ ടീമിലെ മുഖ്യ പരിശീലകൻ പീറ്റർ ക്രാറ്റ്കി, വൈസ് ക്യാപ്റ്റൻ ഫുർബ ലച്ചെൻപ, അന്താരാഷ്ട്രതാരം ജോൺ ടോറൽ, ആയുഷ് ചിക്കാര എന്നിവരാണ് പരിപാടിയിലെ ആദ്യ സെഷനിൽ പങ്കെടുത്തത്. ടീം പുതിയ സീസണിനായി കഠിനാധ്വാനത്തിലൂടെയും കടുത്ത പരിശീലനത്തിലൂടെയുമാണ് കടന്നുപോകുന്നതെന്ന് പീറ്റർ വ്യക്തമാക്കി. ഐ.എസ്.എൽ കിക്കോഫ് ദിനമായ സെപ്റ്റംബർ 13ന് കൊൽക്കത്തയിൽ മോഹൻബഗാനുമായിട്ടാണ് ടീമിന്റെ ആദ്യ ഏറ്റുമുട്ടൽ.
ചെന്നൈയിൻ എഫ്.സി
ഹെഡ് കോച്ച് ഓവൻ കോയ്ൽ, ക്യാപ്റ്റൻ റയാൻ എഡ്വാഡ്സ്, നൈജീരിയയിൽ നിന്നുള്ള അന്താരാഷ്ട്ര താരം ഡാനിയേൽ ചിമ, ഇന്ത്യൻ താരം അങ്കിത് മുഖർജി എന്നിവരടങ്ങിയ സംഘമാണ് കൊച്ചിയിലെത്തിയത്. രണ്ടു സീസണുകളിൽ വിജയികളായതിന്റെ ആത്മവിശ്വാസത്തിനൊപ്പം ടീമിന്റെ പരിചയ സമ്പന്നനായ കോച്ചിന്റെ നേതൃത്വവും കട്ടക്ക് നിൽക്കുന്ന കളിക്കാരുടെ ടീം സ്പിരിറ്റും ഇത്തവണയും വിജയത്തിലേക്ക് നയിക്കുമെന്ന ഉറപ്പാണ് ഇവർ നൽകുന്നത്. 14ന് ചെന്നൈയിൻ ഒഡിഷ എഫ്.സിക്കെതിരെ കലിംഗ സ്റ്റേഡിയത്തിൽ ആദ്യ പോരാട്ടത്തിനിറങ്ങും.
ഗോവ എഫ്.സി
കപ്പൊന്നും അടിച്ചിട്ടില്ലെങ്കിലും ഇത്തവണ ചരിത്രം മാറ്റിയെഴുതുമെന്ന പ്രഖ്യാപനമാണ് ഗോവ എഫ്.സി നടത്തുന്നത്. ടീമിന്റെ സ്റ്റാർ പ്ലേയർ ആയ സന്ദേശ് ജിങ്കാൻ, സ്പാനിഷ് താരം ഐകർ ഗ്വാരോട്സേന, ലാറ ശർമ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. ടീമിന്റെ പരിശീലനം മികച്ച രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണെന്ന് ജിങ്കാൻ പറഞ്ഞു. 17ന് ജാംഷഡ്പൂർ എഫ്.സിയുമായി ഗോവയിലെ ഫത്തോഡ സ്റ്റേഡിയത്തിലാണ് ടീമിന്റെ ആദ്യമാച്ച്.
ഹൈദരാബാദ് എഫ്.സി
2021-22ലെ സീസൺ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സി ഇത്തവണ രണ്ടാമത്തെ കിരീടമുയർത്തുമെന്ന ലക്ഷ്യവുമായാണ് കളത്തിലിറങ്ങുന്നത്. മുഖ്യപരിശീലകൻ താങ്ബോയ് സിങ്തോക്കൊപ്പം വയനാട്ടുകാരനായ താരം അലക്സ് സജിയും വിശേഷങ്ങൾ പങ്കുവെക്കാനെത്തി.
കളിക്കാരുടെ പൊട്ടൻഷ്യൽ തിരിച്ചറിഞ്ഞാണ് അവർക്ക് അതിനനുസരിച്ചുള്ള പരിശീലനം നൽകുന്നതെന്നും എല്ലാവരും ഫോമിലാണെന്നും താങ്ബോയ് വ്യക്തമാക്കി. 19ന് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ബംഗളൂരു ടീമിനെതിരെ ആദ്യമത്സരം.
ബംഗളൂരു എഫ്.സി
രണ്ടാം കിരീടത്തിനുള്ള പോരാട്ടത്തിലാണ് ബംഗളൂരു എഫ്.സി. മുഖ്യപരിശീലകൻ ജെറാർഡ് സരഗോസയും താരങ്ങളും ഇതിനുള്ള തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടിരിക്കുകയാണ്. ടീമിലെ ആസ്ട്രേലിയയിൽ നിന്നുള്ള താരങ്ങളായ അലക്സാണ്ടർ ജൊവാനോവിച്ച്, റയാൻ വില്യംസ്, ഇന്ത്യൻ താരം ലാൽറെംതുലാങ്ക ഫനായ് എന്നിവരാണ് കോച്ചിനൊപ്പം പരിപാടിയിൽ പങ്കെടുത്തത്. കളിയിൽ ഡിസിഷൻ മേക്കിങ് പ്രധാനമാണെന്നും താരങ്ങൾക്ക് പരിശീലനം മികച്ച രീതിയിൽ മുന്നോട്ടുപോവുകയാണെന്നും ആത്മവിശ്വാസത്തിന്റെ ഭാഷയിൽ ജെറാർഡ് വ്യക്തമാക്കി. സെപ്റ്റംബർ 14ന് ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാളിനെതിരെയാണ് ക്ലബിന്റെ ഈ സീസണിലെ ആദ്യമത്സരം.
കേരള ബ്ലാസ്റ്റേഴ്സ്
അവസാനമാണ് കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് എത്തിയത്. കപ്പിനും ചുണ്ടിനുമിടക്ക് കിരീട സ്വപ്നങ്ങൾ നഷ്ടപ്പെട്ട ക്ലബിന് ഇത്തവണ കടുപ്പമേറിയ സീസണായിരിക്കും. പുതിയ കോച്ച് മൈക്കൽ സ്റ്റാറേ, മലയാളി താരം സച്ചിൻ സുരേഷ്, മിലോസ് ഡ്രിൻസിച്ച്, ഇഷാൻ പണ്ഡിത എന്നിവരാണ് ടീമിനെ പ്രതിനിധാനംചെയ്തെത്തിയത്. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സെപ്റ്റംബർ 15ന് പഞ്ചാബ് എഫ്.സിയുമായി കെ.ബി.എഫ്.സി ആദ്യ പോരാട്ടത്തിനിറങ്ങും.
എനിക്ക് എന്റേതായ രീതി -സ്റ്റാറേ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയിലെ മികവുറ്റ താരങ്ങൾക്കുള്ള പരിശീലനത്തിന് താൻ കാഴ്ചവെക്കുന്നത് തന്റേതായ ശൈലിയാണെന്ന് ടീം പരിശീലകൻ മൈക്കൽ സ്റ്റാറേ വ്യക്തമാക്കി. കോച്ചും സ്റ്റാഫും കളിക്കാരുമെല്ലാം പ്രഫഷനൽ രീതിയാണ് പിന്തുടരുന്നത്. കഠിനാധ്വാനത്തിനാണ് മുഖ്യ പരിഗണനയെന്നും ശാരീരികവും മാനസികവുമായ ഊർജത്തിനൊപ്പം തലച്ചോറിന്റെ കൃത്യമായ പ്രവർത്തനവും തീരുമാനങ്ങളും കളിയുടെ ഫലത്തെ ബാധിക്കും. താരങ്ങളുടെ പരസ്പര സഹകരണവും ടീം വർക്കും പ്രധാനമാണെന്നും അദ്ദേഹം കൊച്ചിയിൽ നടന്ന മീഡിയ ഡേ ചടങ്ങിൽ മാധ്യമങ്ങളോട് പറഞ്ഞു. മുൻ കോച്ച് ഇവാൻ വുകോമനോവിച്ചുമായി ഇതുവരെ ആശയവിനിമയം നടത്തിയിട്ടില്ലെന്നും ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
തനിക്ക് തന്റേതായ രീതിയിൽ ചെയ്യാനാണ് താൽപര്യം. കേരളത്തിലെ ബ്ലാസ്റ്റേഴ്സിന്റെ ആരാധകരിൽ വലിയ പ്രതീക്ഷയുണ്ട്. താൻ ടീമിൽ കോച്ചായി ചേരുന്നതിനു മുമ്പു തന്നെ ഇന്റർനെറ്റിലൂടെ ടീമിന്റെ ആരാധകരുടെ ബാഹുല്യത്തെക്കുറിച്ചറിഞ്ഞ് ഏറെ സന്തുഷ്ടനായതാണെന്നും അതു തന്നെയാണ് ഈ സീസണിലെ പ്രതീക്ഷകളിലൊന്ന് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.