സൂപ്പർ ലീഗ് കേരള; പയ്യനാട്ട് പന്തുരുണ്ടു
text_fieldsമഞ്ചേരി: സന്തോഷ് ട്രോഫിയുടെ ആരവത്തിന് പിന്നാലെ കാൽപന്തിനെ ഹൃദയതാളമാക്കിയ പയ്യനാട്ടിൽ വീണ്ടും പന്തുരുണ്ടു. കേരളത്തിന്റെ ഫുട്ബാള് ചരിത്രത്തില് അടയാളപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന പ്രഥമ സൂപ്പർ ലീഗ് കേരളക്കാണ് ഇത്തവണ പയ്യനാട് ആതിഥേയത്വം വഹിച്ചത്. ടൂർണമെന്റിലെ രണ്ടാമത്തെ മത്സരമായിരുന്നു ഇത്. ആദ്യ മത്സരം കൊച്ചി കലൂർ സ്റ്റേഡിയത്തിലായിരുന്നു.
തൃശൂർ മാജിക് എഫ്.സിയും കണ്ണൂർ വാരിയേഴ്സ് ഫുട്ബാൾ ക്ലബും തമ്മിലായിരുന്നു പയ്യനാട്ടെ കന്നിയങ്കം. മലപ്പുറത്തിന് പുറമെ തൃശൂരിന്റെയും ഹോം ഗ്രൗണ്ട് കൂടിയാണ് പയ്യനാട്. ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആതിഥേയരായ തൃശൂരിനെ തോൽപ്പിച്ച് കണ്ണൂർ സൂപ്പർ ലീഗിൽ വരവറിയിച്ചു. കണ്ണൂർ ടീമിന് പിന്തുണയുമായി ഉടമയും സിനിമ താരവുമായ ആസിഫലി സ്റ്റേഡിയത്തിലെത്തിയിരുന്നു. ആസിഫലിയുടെ സാന്നിധ്യം ടീമിനും ആരാധകർക്കും ഏറെ ആവേശം നൽകി.
ശനിയാഴ്ച കോഴിക്കോടുമായാണ് മലപ്പുറത്തിന്റെ പയ്യനാട്ടുള്ള ആദ്യ കളി. കൊച്ചിയിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ഫോഴ്സാ കൊച്ചിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മലപ്പുറം കീഴടക്കിയിരുന്നു.
വിനീതിന്റെ തിരിച്ചുവരവിൽ തൃശൂർ
മുൻ ഇന്ത്യൻ താരവും കേരള ബ്ലാസ്റ്റേഴ്സിന്റെ ആവേശവുമായിരുന്ന സി.കെ. വിനീതിന്റെ നായകത്വത്തിലാണ് തൃശൂർ മാജിക് എഫ്.സി കളത്തിലിറങ്ങിയത്. കഴിഞ്ഞ സീസണുകളിൽ പ്രൊഫഷണൽ ഫുട്ബാളിൽനിന്ന് വിട്ടുനിന്ന വിനീതിന്റെ തിരിച്ചു വരവായിരുന്നു മത്സരം. ഇറ്റലിക്കാരൻ ജിയോവാനി സ്കാനു പരിശീലിപ്പിച്ച യുവത്വവും അനുഭവസമ്പത്തുമുള്ള ടീമിനെയാണ് തൃശൂർ മൈതാനത്തിറക്കിയത്. ബ്രസീലിയൻ സ്ട്രൈക്കർ മാഴ്സെലോ ടോസ്കാനോ, ബ്രസീലിൽനിന്ന് തന്നെയുള്ള ഡിഫൻഡർ മെയിൽസൺ ആൽവസ് വെറിയാറ്റോ, കാമറൂൺ സ്വദേശിയായ മിഡ്ഫീൽഡർ ബെല്ലക്ക് ഹെർമൻ എന്നിവരായിരുന്നു ടീമിലെ പ്രധാന വിദേശ താരങ്ങൾ.
കണ്ണൂരിന് സ്പാനിഷ് മുന്നേറ്റം
കോച്ചും അഞ്ച് സ്പാനിഷ് താരങ്ങളും അടങ്ങിയതായിരുന്നു കണ്ണൂർ വാരിയേഴ്സ്. സ്പെയിൻ മുന്നേറ്റക്കാരായ സർഡിനെറോ, ഡേവിഡ് ഗ്രാൻഡേ, ഡിഫൻഡർ അൽവാരോ എന്നിവർ ആദ്യ ഇലവനിൽ ഇടം പിടിച്ചു. ലാ ലിഗയിൽ ഗെറ്റാഫെ ടീം താരമായിരുന്ന സാർഡിനെറോ. കാമറൂൺ താരം ലവ്സാമ്പയും ടീമിലുണ്ടായിരുന്നു. ആകെ 13 മലയാളികളാണ് കണ്ണൂർ ടീമിലുള്ളത്. ഇതിൽ മലപ്പുറത്തുകാരൻ പി.എ. അജ്മൽ, അണ്ടർ 23 താരം നജീബ്, ടി.കെ. അശ്വിൻ കുമാർ, മുഹമ്മദ് ഫഹീസ് എന്നിവർ ആദ്യ ഇലവനിൽ ഉൾപ്പെട്ടു.
ആവേശകൊടുമുടിയിൽ കാണികൾ
മത്സരങ്ങൾക്ക് മുന്നോടിയായി സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ ഒട്ടേറെ ഒരുക്കം നടത്തിയിരുന്നു. ആരാധകരെ വരവേൽക്കാനായി ഗാലറി പെയിന്റടിച്ച് മനോഹരമാക്കി. ഒരുവർഷത്തിലേറെയുള്ള നീണ്ട ഇടവേളക്ക് ശേഷമാണ് പയ്യനാട് സ്റ്റേഡിയത്തിൽ ടൂർണമെന്റിന്റെ ഭാഗമായി പന്തുരുണ്ടത്.
ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ആറ് സ്ഥാനക്കാരും ഐ ലീഗിലെ ആറ് സ്ഥാനക്കാരും തമ്മിൽ ഏറ്റമുട്ടിയ സൂപ്പർ കപ്പ് ചാമ്പ്യൻഷിപ്പായിരുന്നു അത്. 2022ൽ നടന്ന സന്തോഷ് ട്രോഫിയുടെ 75 ാം പതിപ്പിന് പയ്യനാട് വേദിയായത് ആരും മറന്നുകാണില്ല. കാൽപന്തു പ്രേമികൾ പയ്യനാടിനെ അക്ഷരാർഥത്തിൽ പന്തുകളിയുടെ പറുദീസയാക്കി മാറ്റിയ ടൂർണമെന്റായിരുന്നു അത്. സന്തോഷ് ട്രോഫി ഹിറ്റായതോടെ ജില്ലയിലേക്ക് ഐ ലീഗും വിരുന്നെത്തി.
വീണ്ടും ഉത്സവവിരുന്ന്
കാര്യമായ മത്സരങ്ങൾ നടക്കാതെ ഏറെ കാലമായി അടഞ്ഞ് കിടക്കുകയായിരുന്ന മൈതാനം സൂപ്പർ ലീഗ് കേരള മത്സരങ്ങൾ വീണ്ടും ഉത്സവവിരുന്നൊരുക്കി. എട്ട് മലയാളി താരങ്ങൾ ആദ്യ ഇലവനിൽ ഇടം നേടിയ മത്സരത്തിൽ അവരുടെ ഓരോ മുന്നേറ്റങ്ങൾക്കും ആരാധകരുടെ വലിയ ആർപ്പുവിളികളാണ് ഉയർന്നത്. വിദേശ താരങ്ങളും മികച്ച പ്രകടനമാണ് മാച്ചിൽ പുറത്തെടുത്തത്.
ചാൻസുകളും ആരവങ്ങളും കൊണ്ട് കാണികൾ ഇരു ടീമുകളുടേയും ഓരോ ആക്രമണങ്ങൾക്കും ആരാധകർ മൂർച്ച കൂട്ടി. തട്ടകത്തിലെ ടീമിന്റെ കളി കാണാൻ തൃശൂർ ഗഡികൾ ഗാലറിയിൽ എത്തിയിരുന്നു. ഇരു ടീമുകളുടെ നീക്കങ്ങൾക്കും കാണികൾ ആരവം മുഴക്കി. കളിയുടെ തുടക്കം മുതലെ ഇരു ടീമുകളും വല ലക്ഷ്യമാക്കി പന്ത് നീക്കി കൊണ്ടിരുന്നു. അതിനനുസരിച്ച് കാണികളും ആവേശത്തിലായി. 14ന് സ്വന്തം തട്ടകത്തിൽ നടക്കുന്ന എം.എഫ്.സിയുടെ ആദ്യ ഹോം മത്സരത്തിന് മലപ്പുറം ഒരുങ്ങിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.