സൂപ്പർ ലീഗ് കേരള; ഇന്ന് മലബാർ ഡെർബി
text_fieldsമലപ്പുറം: സൂപ്പർ ലീഗ് കേരളയിൽ ശനിയാഴ്ച മലബാർ ഡെർബി. ആരാധകക്കരുത്തിലും താരസമ്പത്തിലും തുല്യശക്തികളായ മലപ്പുറം എഫ്.സിയും കാലിക്കറ്റ് എഫ്.സിയും തമ്മിലാണ് മത്സരം. കാൽപന്തുകളിയുടെ ഹൃദയഭൂമിയായ പയ്യനാട് സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴിനാണ് പോരാട്ടം. അയൽനാട്ടുകാർ തമ്മിലുള്ള കളിയാരവത്തിന് വിസിൽ മുഴങ്ങുമ്പോൾ ആരാധക പ്രവാഹമുണ്ടാകുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. കാൽപന്തുകളിയുടെ സൗന്ദര്യം പൂർണമായും ആവാഹിച്ച് ബൂട്ടുകെട്ടിയിറങ്ങുന്ന ഇരു ടീമിലെയും താരങ്ങൾ ഗാലറിയിലെ മലപ്പുറം താളത്തിനൊപ്പം പ്രഫഷനൽ ചുവടുകൾകൂടി സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. എതിരാളികളെ നിഷ് പ്രഭമാക്കാനുള്ള അസ്ത്രങ്ങളെല്ലാം ആവനാഴിയിൽ നിറച്ചെത്തുന്ന രണ്ടു ടീമുകൾക്കും മികച്ച ആരാധക പിന്തുണയാണുള്ളത്.
ആത്മവിശ്വാസത്തിൽ മലപ്പുറം
ആദ്യമത്സരത്തിൽ ഫോഴ്സ കൊച്ചിയെ അവരുടെ തട്ടകത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് മലപ്പുറം. ടീം ക്യാപ്റ്റനും മലപ്പുറം കൊണ്ടോട്ടിക്കാരനുമായ മുൻ ഇന്ത്യൻ താരം അനസ് എടത്തൊടിക ഉൾപ്പെടെ കീപ്പർ വി. മിഥുൻ, ഫസലുറഹ്മാൻ, റിസ്വാൻ അലി, അജയ്, ജാസിം തുടങ്ങിയ താരങ്ങളാണ് മലയാളിക്കരുത്ത്. ഹോം ഗ്രൗണ്ടിലെ വീറിനൊപ്പം മലപ്പുറത്തിനായി ഗാലറിയിലും ആവേശം പെയ്തിറങ്ങും. രാജ്യാന്തര ഫുട്ബാളിൽ പേരുകേട്ട പരിശീലകൻ ജോൺ ഗ്രിഗറിയുടെ ശിക്ഷണത്തിലിറങ്ങുന്ന താരങ്ങൾ സുന്ദരമായ സോക്കർ കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ ഫുട്ബാൾപ്രേമികൾ. ആറു വിദേശ താരങ്ങളെയാണ് ടീം കളത്തിലിറക്കുന്നത്. പെഡ്രോ മാൻസി, ജോസബ ബെറ്റിയ, റുബൻ ഗാർഷ്യ, സെർജിയോ ബർബോസ, ഐറ്റോർ അൽദാലൂർ, അലക്സ് സാഞ്ചസ് എന്നിവർ വിദേശ നിരയാണ്. രണ്ടാം പോരിലും ജയിച്ച് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി തുടരാനാകും മലപ്പുറം കരുക്കൾ നീക്കുക.
ജയിക്കാനുറച്ച് കാലിക്കറ്റ്
ആദ്യ മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനോട് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന കാലിക്കറ്റ് എഫ്.സിക്ക് ജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാനില്ല. സ്വന്തം തട്ടകത്തിൽ ഏറ്റുവാങ്ങേണ്ടിവന്ന സമനിലക്ക് അയൽക്കാരിൽനിന്ന് വിജയം റാഞ്ചിയെടുത്ത് കണക്കുതീർക്കാനാണ് കാലിക്കറ്റ് എഫ്.സിയും ബൂട്ടുകെട്ടുന്നത്. യൂറോപ്യൻ ഫുട്ബാളിന്റെ പരിചയസമ്പത്തുള്ള ഇയാൻ ആൻഡ്രൂ ഗിലാന്റെ ശിക്ഷണത്തിൽ കിരീടനേട്ടത്തിലേക്ക് കണ്ണെറിയുന്ന മലബാറിന്റെ തലസ്ഥാനനഗരിയിൽനിന്നുള്ള ടീമിന് രണ്ടാം മത്സരം ജയിച്ചേ തീരൂ. കേരളത്തിന്റെ സന്തോഷ് ട്രോഫി നായകൻ ജിജോ ജോസഫിന്റെ നായകത്വത്തിലെത്തുന്ന ടീമിൽ വിശാൽ, ഹക്കു, ഗനി, ബ്രിട്ടോ, അഷ്റഫ് തുടങ്ങിയ മലപ്പുറത്തുകാരും കരുത്തുപകരും. വിദേശതാരങ്ങൾക്കൊപ്പം ഇന്ത്യൻ ഫുട്ബാളിന്റെ നഴ്സറിയായ നോർത്ത് ഈസ്റ്റ് ബൂട്ടുകളും ടീമിന്റെ വജ്രായുധങ്ങളാകും.
‘അൾട്രാസ്’ Vs ‘ബീക്കൺസ് ബ്രിഗേഡ്’
ഹോം ടീമായ മലപ്പുറം എഫ്.സിയുടെ ആരാധക സംഘം ‘അൾട്രാസും’ ‘ബീക്കൺസ് ബ്രിഗേഡ്’ എന്ന പേരിൽ അറിയപ്പെടുന്ന കാലിക്കറ്റ് എഫ്.സിയുടെ ആരാധകപ്പടയും മത്സരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. കലൂർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനമത്സത്തിൽ മലപ്പുറവും കൊച്ചിയും ഏറ്റുമുട്ടിയപ്പോൾ സാക്ഷിയാകാൻ നാലു ബസ് കാണികളാണ് മലപ്പുറത്തുനിന്ന് കൊച്ചിയിൽ എത്തിയത്. അവർ കൂടുതൽ കരുത്തോടെ ഇന്ന് പയ്യനാട്ടുണ്ടാവും. ‘ബീക്കൺസ് ബ്രിഗേഡും ചില്ലറക്കാരല്ല. അവരും വനിതാ ആരാധകരെ ഉൾപ്പെടെ ആയിരങ്ങളെ ഗാലറിയിൽ എത്തിക്കും. സർപ്രൈസ് ആഘോഷങ്ങളും നടക്കുമെന്ന് ഉറപ്പ്. കാണികളെ എത്തിക്കാൻ വിവിധ ഭാഗങ്ങളിൽനിന്ന് വാഹനസൗകര്യം ഉൾപ്പെടെ ആരാധക കൂട്ടായ്മകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അടിച്ചുകയറി ടിക്കറ്റ് വിതരണം
ഇരുടീമുകൾക്കും വലിയ ഫാൻ ബെയ്സുള്ളതിനാൽ ഗാലറി നിറഞ്ഞൊഴുകുമെന്നാണ് സംഘാടക വിലയിരുത്തൽ. ഇതിനകം ടിക്കറ്റുകളുടെ വിൽപനയിലും വലിയ വർധനയാണുണ്ടായത്. പേടിഎം വഴിയാണ് ടിക്കറ്റ് ബുക്കിങ്. മത്സരദിവസം സ്റ്റേഡിയത്തിലും ടിക്കറ്റ് ലഭ്യമാകും. തത്സമയസംപ്രേഷണം സ്റ്റാർ സ്പോർട്സ് 1ൽ ലഭ്യമാണ്. വെബ്സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങൾ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.